തൃശ്ശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവത്തിൽ വഴിത്തിരിവ്.
മരിക്കുന്നതിൻ്റെ തലേന്ന് മാക്കുട്ടി റാവുത്തർ വാർഡിലുണ്ടായിരുന്നതായി ശുചീകരണത്തൊഴിലാളിയുടെ മൊഴി. നവംബർ 20 ന് മെഡിക്കൽ വാർഡിലെ ശുചിമുറി വൃത്തിയാക്കിയതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങളും സൂപ്രണ്ടിന് കൈമാറി.
പാലക്കാട് നെന്മാറയ്ക്കടുത്ത കയറാടി സ്വദേശിയായ മാക്കുട്ടി റാവുത്തറുടെ മരണമാണ് ഇപ്പോൾ വിവാദമായത്. നവംബർ 16 ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട മാക്കുട്ടി റാവുത്തറെ 19 ന് കാണാതായി എന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ 21 ന് രോഗിയെ മെഡിക്കൽ വാർഡിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും മരണം നടന്ന് 36 മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്നും മുൻ റവന്യൂ മന്ത്രി കെ രാജൻ ആരോപിച്ചിരുന്നു.
എന്നാൽ അത് ശരിയല്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ ലിജോ കൊള്ളന്നൂർ ആദ്യം തന്നെ പറഞ്ഞത്.
അതിന് ബലമേകുന്നതാണ് ശുചീകരണത്തൊഴിലാളിയുടെ മൊഴി. 20ന് മാക്കുട്ടി റാവുത്ത റെ കണ്ടുവെന്നും അന്ന് ശുചിമുറികൾ എല്ലാം വൃത്തിയാക്കിയിരുന്നുവെന്നും തൊഴിലാളി മൊഴി നല്‌കിയിട്ടുണ്ട്.
എന്നാൽ 19 ന് കാണാതായ രോഗിയെ 20 ന് കണ്ടു എന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാക്കുട്ടി റാവുത്തറുടെ മരണകാരണം ഹൃദയാഘാതം എന്നാണ് പറയുന്നത് . വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇനി അറിയാനുള്ളത്, മരണം നടന്ന് എത്ര മണിക്കൂർ കഴിഞ്ഞാണ് ബോഡി കണ്ടെത്തിയത് എന്നാണ്



























