കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ നാലിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്ത മഴയ്ക്കാണ് സാധ്യത. അടിയന്തരസഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.
മഴ ശക്തമാകുമ്പോള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുന്നതാണ് ഉചിതം. പ്രളയ, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകും. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെയുള്ള സമയങ്ങളില്‍ മലയോരമേഖലയിലേക്കുള്ളയാത്രകള്‍ പരിമിതപ്പെടുത്തണം. ബീച്ചുകള്‍, പുഴകള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ ഇറങ്ങരുത്. ചാലുകളിലോ ചപ്പാത്തുകളിലോ ശക്തമായ നീരൊഴുക്കുണ്ടെങ്കില്‍ മുറിച്ചുകടക്കരുത്.
ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങുന്നതും മരങ്ങള്‍ക്കും ചെറിയ ചാലുകള്‍ക്കും അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതും ഒഴിവാക്കണം. വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ സന്ദര്‍ശനംനടത്തരുത്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കുകയും രേഖകളും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കുകയും വേണം.
മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുത്; നിലവില്‍കടലിലുള്ളവര്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനും, കെട്ടിടങ്ങളുടെ മുകളിലെയും റോഡരികിലെയും ബോര്‍ഡുകളുടെയും ബാനറുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ തദ്ദേശസെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശംനല്‍കി.
ആശുപത്രികളില്‍ തടസ്സമില്ലാതെ വൈദ്യുതി കെ.എസ്.ഇ.ബി. ഉറപ്പാക്കും. ആറ് താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ വാഹനം ഉള്‍പ്പെടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊലീസ്-അഗ്നിരക്ഷാസേന കണ്‍ട്രോള്‍ റൂമുകളും സജ്ജമായിരിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളാക്കേണ്ട കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
കിണര്‍ നിര്‍മ്മാണം, മണ്ണെടുപ്പ് ഉള്‍പ്പെടെയുള്ള എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിരോധിച്ചു. സാമൂഹ്യ, പ്രാഥമികആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് വിദഗ്ധന്റെ സേവനത്തോടെ പ്രവര്‍ത്തിക്കും. താലൂക്ക്തലങ്ങളില്‍ അടിയന്തിര മെഡിക്കല്‍ ടീമുകളെ സജ്ജമാക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കരുതിവയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ ബസ്സുകള്‍ ലഭ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കാണ് ചുമതല.
തെ•ല പരപ്പാര്‍ ഡാമിലെയും നദികളിലെയും കായലുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് ക്രമീകരിക്കാന്‍ കെ.ഐ.പി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി. ഓറഞ്ച് അലര്‍ട്ട് ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളിലും സ്റ്റേഷന്‍പരിധി വിട്ടു പോകരുതെന്നും ഔദ്യോഗിക ഫോണുകള്‍ സദാലഭ്യമാകണമെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.





























