Home Blog Page 677

ജില്ലയില്‍ ജൂണ്‍ നാലിന് ഓറഞ്ച് അലര്‍ട്ട്…എല്ലാവരും ജാഗ്രതപാലിക്കണം: ജില്ലാ കളക്ടര്‍

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ നാലിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്ത മഴയ്ക്കാണ് സാധ്യത. അടിയന്തരസഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.
മഴ ശക്തമാകുമ്പോള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുന്നതാണ് ഉചിതം. പ്രളയ, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകും. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെയുള്ള സമയങ്ങളില്‍ മലയോരമേഖലയിലേക്കുള്ളയാത്രകള്‍ പരിമിതപ്പെടുത്തണം. ബീച്ചുകള്‍, പുഴകള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ ഇറങ്ങരുത്. ചാലുകളിലോ ചപ്പാത്തുകളിലോ ശക്തമായ നീരൊഴുക്കുണ്ടെങ്കില്‍ മുറിച്ചുകടക്കരുത്.
ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങുന്നതും മരങ്ങള്‍ക്കും ചെറിയ ചാലുകള്‍ക്കും അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതും ഒഴിവാക്കണം. വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ സന്ദര്‍ശനംനടത്തരുത്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കുകയും രേഖകളും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കുകയും വേണം.
  മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുത്; നിലവില്‍കടലിലുള്ളവര്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനും, കെട്ടിടങ്ങളുടെ മുകളിലെയും റോഡരികിലെയും ബോര്‍ഡുകളുടെയും ബാനറുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ തദ്ദേശസെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശംനല്‍കി.
ആശുപത്രികളില്‍ തടസ്സമില്ലാതെ വൈദ്യുതി കെ.എസ്.ഇ.ബി. ഉറപ്പാക്കും.  ആറ് താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ വാഹനം ഉള്‍പ്പെടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊലീസ്-അഗ്നിരക്ഷാസേന കണ്‍ട്രോള്‍ റൂമുകളും സജ്ജമായിരിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളാക്കേണ്ട കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

കിണര്‍ നിര്‍മ്മാണം, മണ്ണെടുപ്പ് ഉള്‍പ്പെടെയുള്ള എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിരോധിച്ചു. സാമൂഹ്യ, പ്രാഥമികആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് വിദഗ്ധന്റെ സേവനത്തോടെ പ്രവര്‍ത്തിക്കും. താലൂക്ക്തലങ്ങളില്‍ അടിയന്തിര മെഡിക്കല്‍ ടീമുകളെ സജ്ജമാക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കരുതിവയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ ബസ്സുകള്‍ ലഭ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കാണ് ചുമതല.
തെ•ല പരപ്പാര്‍ ഡാമിലെയും നദികളിലെയും കായലുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് ക്രമീകരിക്കാന്‍ കെ.ഐ.പി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി. ഓറഞ്ച് അലര്‍ട്ട് ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളിലും സ്റ്റേഷന്‍പരിധി വിട്ടു പോകരുതെന്നും ഔദ്യോഗിക ഫോണുകള്‍ സദാലഭ്യമാകണമെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ കൃഷിമന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമനും; കൊലയാളിക്കൊപ്പം ഇരിക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍, പ്രതിഷേധം കനത്തപ്പോള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപകടം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരം രൂപ കവര്‍ന്നു; നെന്മാറയില്‍ മുൻ ബിജെപി സ്ഥാനാര്‍ഥി പോലീസിന്റെ പിടിയില്‍

പാലക്കാട് : ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസില്‍ നാല്‍പ്പത്തിരണ്ടുകാരിയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു.

നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ ചെരുവില്‍ സ്വദേശിനിയായ പ്രഭാവതി (പ്രസന്ന-42) ആണ് പിടിയിലായത്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് ഇവർ.

കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയില്‍ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസില്‍ പരാതി നല്‍കി. നിരീക്ഷണക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണം, നടൻ മമ്മൂട്ടി’; ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടൻ നാദിർഷയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ചാണ്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ പേര് ഉമ്മൻ ചാണ്ടി എന്ന് തന്നെയാവണമെന്നും ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി അഭിനയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എനിക്കൊരു സിനിമയെടുക്കണമെന്ന ആഗ്രഹമുണ്ട്. എന്റെ പിതാവിന്റെ പേരിലുള്ള സിനിമ. അദ്ദേഹത്തിന്റെ ജീവിതയാത്ര ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെ സിനിമയെടുക്കണം എന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ വേഷം മമ്മൂട്ടി ചെയ്‌താൽ നന്നാവുമെന്ന് തോന്നുന്നു. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് അത്തരമൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ ലെഗസി ചരിത്രത്തിൽ രേഖപ്പെടുത്താൻ സിനിമയിലൂടെ സാധിക്കും ‘ – ചാണ്ടി ഉമ്മൻ പറഞ്ഞു.സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ആലോചിക്കാമെന്നും വേണമെങ്കിൽ വില്ലൻ റോളുകൾ ചെയ്യാമെന്നും അദ്ദേഹം പറ‌ഞ്ഞു.

ആരെങ്കിലും വിളിച്ചാലല്ലേ അഭിനയിക്കാൻ പറ്റൂ എന്നും ചാണ്ടി പറഞ്ഞു. താൻ വിളിച്ചാൽ അഭിനയിക്കാൻ വരണമെന്നും അപ്പോൾ തിരക്കാണെന്ന് പറഞ്ഞ് മാറിക്കളയരുതെന്നും സംവിധായകൻ കൂടിയായ നാദിർഷ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വളരെ കൂളായി നിൽക്കുന്ന ചാണ്ടി ഉമ്മന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെക്കുറിച്ചും അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. താൻ എപ്പോഴും അങ്ങനെയാണെന്നാണ് ചാണ്ടി പറഞ്ഞത്.

കൊല്ലം മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അംഗനവാടി കെട്ടിടത്തിലെ മുകളിലത്തെഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു,വഴിമാറിയത് ദുരന്തം

കൊല്ലം. മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അംഗനവാടി കെട്ടിടത്തിലെ മുകളിലത്തെ
ഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു ചുറ്റും ഗ്രില്ല് അടിച്ച് ഷീറ്റ് ഇട്ട കൂറ്റൻ ഷെഡാണ്
തകർന്ന് വീണത്

ഇന്നലെ വൈകിട്ട് 6.30 യ്ക്ക് ആയിരുന്നു സംഭവം.3 മണിവരെ അംഗനവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ.സമീപത്തെ വീടുകൾക്ക് മുന്നിലേക്കാണ്
കൂറ്റൻ ഷീറ്റ് തകർന്ന് വീണത്. തകർന്ന ഷെഡ് തുരുമ്പെടുത്ത നിലയിലാണ്

വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്, സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി.

എന്നാല്‍ ഇത്തരം കേസുകളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍, ഹര്‍ജി അലഹാബാദ് ഹൈക്കോടതി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഗുജറാത്ത്, ബോംബെ ഹൈക്കോടതികള്‍ പെണ്‍മക്കള്‍ക്ക് നിയമനം നല്‍കണമെന്നും കര്‍ണാടക ഹൈക്കോടതി എതിര്‍ത്തുമായിരുന്നു ഉത്തരവുകളിട്ടത്.

കുടുംബം എന്നതിന്റെ നിര്‍വചനത്തില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതരായ സ്ത്രീകള്‍ കുടുംബം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലെന്നും, ആശ്രിത നിയമനത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

ദാരുണം,ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 45 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായപ്പോള്‍ ആളുകള്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അപകടത്തില്‍ മരിച്ചവരില്‍ മധ്യേഷ്യ, ആഫ്രിക്ക പൗരന്മാരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കടമ്പനാട്ട് ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കടമ്പനാട്:കടമ്പനാട് സ്‌മാർട് വിഷൻ ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് വടക്ക് ഭരണിക്കാവ് ക്ഷേത്രത്തിന് വടക്ക് വശം പാവൂർ വീട്ടിൽ വിജീഷ് കുമാർ (38) ആണ് മരിച്ചത്.

സ്ഥാപനത്തോട് ചേർന്നുളള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.ഏനാത്ത് പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടൂർ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.മരണ കാരണം അറിവായിട്ടില്ല.

വൈറൽ പെൺകുട്ടിയുടെ വിവാഹം: ഭർത്താവ് മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി 

കൊച്ചി: വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു എന്നതടക്കമുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് പെൺകുട്ടിയുടെ ഭർത്താവായ മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റ് ഭയന്നാണ് ഇരുവരും കേരള ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ഹർജി നൽകിയത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയാക്കിയ ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് ഹർജിയിൽ അന്തിമ വിധി പറഞ്ഞത്.

മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത

മൈനാഗപ്പള്ളി: പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വന്തം പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടർക്ക് മൊഴി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ കഞ്ഞിവെള്ളം വീണതാണെന്നും സംഭവസമയത്ത് പിതാവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബന്ധുക്കൾ രംഗത്തെത്തി.

മൂന്നുദിവസം മുൻപാണ് മൈനാഗപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരന് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ആശുപത്രിയിൽ മരുന്ന് വയ്ക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. കുട്ടിയുടെ പരിക്കുകളിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ കുട്ടിയോട് രഹസ്യമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അച്ഛനാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി.

കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഡോക്ടർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, കുട്ടിയുടെ മൊഴിയും ഡോക്ടറുടെ സംശയങ്ങളും ബന്ധുക്കൾ പൂർണ്ണമായും നിഷേധിച്ചു. അബദ്ധത്തിൽ ചൂടുള്ള കഞ്ഞിവെള്ളം ദേഹത്ത് വീണാണ് അപകടം ഉണ്ടായതെന്നും, ഈ സമയത്ത് പിതാവ് വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ കുട്ടിയുടെ പുറത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്രത്തോളം ഗുരുതരമായി പൊള്ളലേറ്റത് എങ്ങനെയാണെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. പോലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കൂ.