Home Blog Page 678

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്, ബസ് അക്രമിക്കപ്പെട്ടിട്ടില്ലെന്ന് മൊഴി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

Also Read: പാത്രം കഴുകല്‍ ജോലിയായിരുന്നു മാസം 2500രൂപ കിട്ടും, ഇനി മന്ത്രി

ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

308 ആം വകുപ്പ് ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായവും എസ്ഐടി സംഘം തേടി. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും അന്വേഷണ സംഘം അറിയിക്കുന്നു. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.



കൊല്ലം നഗര മധ്യത്തിലെ കൊലപാതകം: പ്രതി സീരിയൽ കില്ലറെന്ന് സംശയം; പിടികൂടാനാകാതെ പൊലീസ്

കൊല്ലം: കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് സംശയം.

Also Read: പാത്രം കഴുകല്‍ ജോലിയായിരുന്നു മാസം 2500രൂപ കിട്ടും, ഇനി മന്ത്രി

കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടത്തിയത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൊല്ലത്ത് മുണ്ടയ്ക്കൽ സ്വദേശിയായ വയോധികൻ രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാൾ ആണിത്. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആൾ ആണിത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കലൂരിൽ പെൺകുട്ടികളെ വളഞ്ഞിട്ടാക്രമിച്ച സംഭവം; മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ രണ്ട്‌ വിദ്യാർഥിനികൾക്കുനേരെ അതിക്രൂര ആക്രമണം നടത്തിയ മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു. ഒന്നാംപ്രതി അക്‌ബർ അലി ഉൾപ്പെടെ ഏഴ്‌ പ്രതികളെെയാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇന്നലെ പുലർച്ചെ 4.30ഓടെ കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിൽ രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ്‌ വിദ്യാർഥിനികളെ ആക്രമിച്ചത്‌. മൂന്നുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട്‌ സ്വദേശികളായ സാബിത്‌, അരുൺ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

​വിദ്യാർഥിനികൾ സമീപത്തെ കടയിൽനിന്ന്‌ ചായകുടിക്കാൻ ചക്കാലപ്പാടം റോഡിലൂടെ പോകുമ്പോഴാണ്‌ ആക്രമണം. പത്തംഗ അക്രമിസംഘത്തിലുണ്ടായിരുന്ന അക്‌ബർ അലി പെൺകുട്ടികളിൽ ഒരാൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത്‌ ചോദ്യംചെയ്‌തപ്പോൾ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി ഇത്‌ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. കഴുത്തിന്‌ കുത്തിപിടിച്ച്‌ നിലത്തേക്ക്‌ തള്ളിയിട്ടു. നിലത്ത്‌ വലിച്ചിഴച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടി. തുടർന്ന്‌ അക്രമികൾ ഓടിരക്ഷപ്പെട്ടു. രണ്ട്‌ സ്‌ത്രീകളും എട്ട്‌ പുരുഷന്മാരുമാണ്‌ സംഘത്തിലുണ്ടായത്‌.

ആക്രമണത്തിന്‌ തുടക്കമിട്ടത്‌ സംഘത്തിലെ സ്‌ത്രീകളാണെന്ന്‌ പൊലീസ്‌ പറഞ്ഞു. വിദ്യാർഥിനികളെ ചൂണ്ടിക്കാട്ടിയത്‌ ഇവരാണ്‌. സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ തിരിച്ചറിഞ്ഞതും മൂന്നുപേരെ പിടികൂടിയതും. സ്‌ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. ആക്രമണത്തിൽ അവശനിലയിലായ പെൺകുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരീക്ഷാ പരിശീലനത്തിനായി കൊച്ചിയിൽ പഠിക്കുന്നവരാണിവർ.

ഒന്നാംപ്രതി അക്‌ബർ അലിയും പിടിയിലായ ആൽബിനും മറ്റുകേസുകളിലും പ്രതിയാണ്‌. കലൂർ ലിബർട്ടി ലൈനിൽ ഹൈലാൻഡ് ലോഡ്ജ് നടത്തുകയാണിയാൾ. അക്‌ബർ അലിയുടെ ബിസിനസ്‌ ഇടപാടുകളും പരിശോധിക്കുന്നുണ്ട്‌. കഞ്ചാവുകേസിൽ പ്രതിയാണ്‌ ആൽബിൻ. നോർത്ത്‌ എസ്‌എച്ച്‌ഒ എ അനൂപിനാണ്‌ അന്വേഷണച്ചുമതല. ഭയാനകമായ ആക്രമണമാണ്‌ നടന്നതെന്ന്‌ ഡിസിപി കെ എസ്‌ ഷഹൻഷാ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ആക്രമണത്തിന്‌ മുന്നിൽനിന്നത്‌ അലി അക്‌ബറാണെന്നും ഡിസിപി പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഉത്തരവിൽ കൊല്ലം വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഉത്തരവിലെ പരാമർശങ്ങൾ നീക്കമെന്നും, എന്നാൽ ജാമ്യം റദ്ദാക്കാൻ ആകില്ലെന്നും നേരത്തെ അപ്പീൽ പരിഗണിച്ച ഘട്ടത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം.

അക്രമം, പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സിവിൽ പോലീസ് ഓഫീസറുമായ വൈ.അപ്പുവിനെ സസ്പെൻഡ് ചെയ്തു.
പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ക്ഷനിൽ തട്ടുകട ഉടമയെ ആക്രമിച്ച് ദേഹോപ്രദ്രവം ഏൽപ്പിക്കുകയും കഴുത്തിൽ കിടന്ന പ്ലാറ്റിനം മാല വലിച്ചുപൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ ആണ് സസ്പെൻഷൻ.പ
മംഗലപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരുന്നത്.
ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ ജില്ലാ പോലീസ് മേധാവി
ജുവനപുടി മഹേഷ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

മെയ് 10 ന് വെളുപ്പിന് അണ്ടൂർക്കോണം സ്വദേശി ഷിബുവിനെയാണ്
അപ്പുവും സുഹൃത്തുക്കളായ ഷിയാസ്, ഷൈജു, തഫ്സൽ, നിസാം എന്നിവർ ചേർന്ന് ആക്രമിച്ചത്. അപ്പുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും ഇന്നലെ രാത്രിയാണ് സസ്‌പെൻഡ് ചെയ്തത്. മണ്ണ് കടത്ത് സംഘങ്ങളുമായി അപ്പുവിന് വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി സെപ്ഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇടത് അനുകൂല സംഘടനാ നേതാവായ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മേലുദ്യോഗസ്ഥർ കൈക്കൊണ്ടത് എന്ന ആരോപണവും ശക്തമാണ്

തിരുവനന്തപുരത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: നന്ദൻകോട് വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ഒപ്പം താമസിക്കുന്ന യുവാവ് കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നിതിൻ (27) ആണ് ഇന്നലെരാത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവാവ് കെട്ടിടത്തിൻ്റെ കെയർ ടേക്കറെയാണ് ആദ്യം വിളിച്ച് വിവരം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പ്രസവശേഷം ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം,അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന് ചോദ്യവുമായി യുവതി

വയനാട്.മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവശേഷം ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം.അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന് ചോദ്യവുമായി യുവതി.കൂടെ നിൽക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതാണ്.ഒരു തുടർന്ന് നടപടിയും പിന്നീട് ഉണ്ടായില്ല

ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും പോലീസ് അന്വേഷണത്തിലും നീതി ലഭിച്ചില്ല.താൻ ഇപ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് യുവതി. ശാരീരിക മാനസിക പ്രശ്നങ്ങൾ തുടരുകയാണ്.അന്വേഷണം റിപ്പോർട്ട് പുറത്തുവിടാത്തതിന് പിന്നിൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം

തനിക്ക് നീതി ലഭ്യമാക്കണം എന്നാണ് പുതിയ സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്.വിഷയത്തിൽ ആരോഗ്യ മന്ത്രി ഇടപെടണം.യുവതി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ചത് ഒൿടോബർ 20ന്. ശരീരത്തിലെ തുണിയുടെ കെട്ട് പുറത്തുവന്നത് ഡിസംബർ 28ന്

ഇതിനിടയിൽ പലതവണ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു.എന്നാൽ കൃത്യമായ പരിശോധന ഉണ്ടായില്ലെന്നും പരാതി.ആരോഗ്യവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അന്വേഷണം നടത്തിയിട്ടും റിപ്പോർട്ട് പുറത്തുവന്നില്ല. പോലീസ് അന്വേഷണത്തിലും കാര്യമായ പുരോഗതി ഇല്ല എന്നും ആരോപണം

കൊട്ടിയൂരിന്‍റെ സ്മരണസൂക്ഷിക്കുന്ന ഓടപ്പൂവിനെ അറിയാമോ

കണ്ണൂര്‍.കൊട്ടിയൂർ ഉൽസവത്തിന് മാത്രം ലഭിക്കുന്ന വെള്ള നിറത്തിലുള്ള ഓടപ്പൂവാണ് ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകവും വിശ്വാസവും. ദർശനത്തിന്റെ ഓർമ്മക്കും ആളുകൾക്ക്‌ സമ്മാനിക്കാനുമായാണ് എല്ലാവരും ഓടപ്പൂവുമായി വീടുകളിലേക്ക് മടങ്ങുന്നത്‌. ഇത്തവണയും കൊട്ടിയൂരിൽ ഓടപ്പൂകൾ തയ്യാറാണ്…

കഴിഞ്ഞ 51 വർഷമായി ഓടപ്പൂവ് ഉണ്ടാക്കുന്ന മല്ലിക ഇത്തവണയും അതിന്റെ തിരക്കിലാണ്… വിശ്വാസത്തിന്റെയും കൗതുകത്തിന്റെയും അപ്പുറത്ത് ഓടപ്പൂവ് നിർമ്മാണം ഒരു നാടിന്റെ ജീവിത മാർഗ്ഗം കൂടിയാണ്. ഓടപ്പൂവ് നിർമിക്കാൻ ദിവസങ്ങളുടെ അധ്വാനം വേണം. വെള്ളത്തിലിട്ട ഓട എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ്, ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നത്.

ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണ് ഓടപ്പൂവായി മാറിയതെന്നാണ് കരുതപ്പെടുന്നത്‌ .

കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

‘കലാച്ചി’ വായിച്ച് ആത്മഹര്‍ഷംപൂണ്ടു ‘നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്’ എന്നും, ‘അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം’ എന്നും ‘കലാച്ചി’ നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു’ എന്നും പറഞ്ഞയാളാണ് എഴുത്തുകാരി, ഇപ്പോള്‍  ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

കൊച്ചി: ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലിന്റെ പകര്‍പ്പാണ് കലാച്ചിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി എഴുത്തുകാരി കെആര്‍ മീര. കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ല്‍ മനസ്സില്‍ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജമെന്ന് കെ ആര്‍ മീര പറഞ്ഞു. 2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2020 നവംബര്‍ 16 മുതല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂര്‍വ്വം പലരും ഒളിച്ചുവയ്ക്കുന്നുവെന്നും മീര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കുക. സംശയമുള്ളവര്‍ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക’- മീര കുറിപ്പില്‍ പറയുന്നു.

‘2024ല്‍ കവര്‍ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാര്‍ക്കു നല്‍കുകയും ചെയ്തു. മുന്‍മന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവ്, ഡോ. സുനില്‍ പി ഇളയിടം, ഡോ പി കെ രാജശേഖരന്‍, ദ് ടെലിഗ്രാഫ് പത്രാധിപര്‍ ആര്‍ രാജഗോപാല്‍, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ വി ജയകുമാര്‍, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്‌കരന്‍, അഡ്വ മോഹന്‍രാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേര്‍ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല’.

‘2026 ജനുവരിയില്‍ ‘കലാച്ചി’ വായിച്ച് ആത്മഹര്‍ഷംപൂണ്ടയാളാണ് എഴുത്തുകാരി. ‘നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്’ എന്നും, കോട്ടയത്തെ വീട്ടില്‍ വന്ന്, ‘അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം’ എന്നും ‘കലാച്ചി’ നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു’ എന്നും ‘ഒന്നുകൂടി വായിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നും വോയ്‌സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോല്‍സവത്തില്‍വച്ചു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തപ്പോഴൊന്നും ‘കലാച്ചി’യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാന്‍’- മീര കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ല്‍ മനസ്സില്‍ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജം.

2019ല്‍ ഞാന്‍ ‘കലാച്ചി’ എഴുതിത്തുടങ്ങുകയും 2020 നവംബര്‍ 16 മുതല്‍ ‘ട്രൂ കോപ്പി തിങ്ക് ‘വെബ് സീനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി’ എന്ന ശീര്‍ഷകത്തില്‍നിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.

2020 നവംബര്‍ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തില്‍, കലാച്ചിയില്‍ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാന്‍ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂര്‍ണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.

2019ലെ പൌരത്വപ്രക്ഷോഭവും തുടര്‍ന്നു വന്ന മഹാമാരിയുമാണു ‘കലാച്ചി’യുടെ പശ്ചാത്തലം.

2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2020 നവംബര്‍ 16 മുതല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂര്‍വ്വം പലരും ഒളിച്ചുവയ്ക്കുന്നു.

2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കുക.

സംശയമുള്ളവര്‍ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.

ഒരു നോവലോ കഥയോ എഴുതിയാല്‍ അതിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്റെ എഡിറ്റിങ്ങിന്റെ ഭാഗമാണ്. ‘ആരാച്ചാര്‍’ ആകട്ടെ, ‘മീരാസാധു’ ആകട്ടെ, ‘യൂദാസിന്റെ സുവിശേഷം’ ആകട്ടെ, ‘ഘാതകന്‍’ ആകട്ടെ, ‘എല്ലാവിധ പ്രണയവും’ ആകട്ടെ, പരാമര്‍ശവിധേയമാകുന്ന ഭൂമിക നേരില്‍ക്കണ്ടിട്ടേ ഞാന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.

ഭാവനയില്‍ക്കണ്ട ‘കലാച്ചി’ നേരില്‍ക്കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. 2020ല്‍ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ല്‍ ഫ്‌ലൈറ്റ് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസഖ് അതിര്‍ത്തി അടച്ചതിനാല്‍ അതും പരാജയപ്പെട്ടു. 2022ല്‍ കസഖ്സ്ഥാന്‍ ഫ്‌ലൈറ്റ് സര്‍വീസ് പുനരാരംഭിച്ചു നാളുകള്‍ക്കുള്ളില്‍ ഞാന്‍ യാത്ര പുറപ്പെട്ടു.

അല്ലാതെ, 2022 ല്‍ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാന്‍ സ്വപ്നംകാണുകയായിരുന്നില്ല.

അസ്തനയില്‍നിന്ന് ആറു മണിക്കൂര്‍ കാര്‍ മാര്‍ഗം മാത്രമേ കലാച്ചി എന്ന ഗ്രാമത്തിലേക്കു പോകാന്‍ കഴിയൂ. മഴയും മഞ്ഞും നിറഞ്ഞ ആ കാലാവസ്ഥയില്‍, വിശാലമായ പുല്‍മേടിന്റെ നടുവിലുള്ള വിജനമായ പാതയിലൂടെയുള്ള കാര്‍ യാത്രയെക്കുറിച്ചു ‘കലാച്ചി’യുടെ അനുബന്ധത്തില്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഡാമീര്‍ കസെന്‍ബയേവ് എത്രയോ അന്വേഷിച്ചിട്ടാണ് അവിടേക്ക് ഒരു കാര്‍ കിട്ടിയതുതന്നെ.

‘കലാച്ചി’ക്കു വേണ്ടി കസഖ്സ്ഥാനില്‍ മാത്രമല്ല, ഇജാസിന്റെ വേരുകള്‍ തേടി അസമിലും പോയിട്ടുണ്ട്.

2024ല്‍ കവര്‍ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാര്‍ക്കു നല്‍കുകയും ചെയ്തു. മുന്‍മന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവ്, ഡോ. സുനില്‍ പി ഇളയിടം, ഡോ പി കെ രാജശേഖരന്‍, ദ് ടെലിഗ്രാഫ് പത്രാധിപര്‍ ആര്‍ രാജഗോപാല്‍, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ വി ജയകുമാര്‍, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്‌കരന്‍, അഡ്വ മോഹന്‍രാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേര്‍ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്.

അവരില്‍ ഒരാള്‍ക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല.

2026 ജനുവരിയില്‍ ‘കലാച്ചി’ വായിച്ച് ആത്മഹര്‍ഷംപൂണ്ടയാളാണ് എഴുത്തുകാരി.

‘നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്’ എന്നും, കോട്ടയത്തെ വീട്ടില്‍ വന്ന്, ‘അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം’ എന്നും ‘കലാച്ചി’ നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു’ എന്നും ‘ഒന്നുകൂടി വായിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നും വോയ്‌സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോല്‍സവത്തില്‍വച്ചു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തപ്പോഴൊന്നും ‘കലാച്ചി’യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാന്‍.

സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല.

കാരണം, ‘ആരാച്ചാര്‍’ എന്ന നോവലും വായനക്കാര്‍ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായത്. ഈ ആരോപണത്തിന്റെ പ്രഭവസ്ഥാനവും ഇപ്പോള്‍ വ്യക്തമാണ്.

ഇടതുപക്ഷ എഴുത്തുകാരിയെന്ന നിലയില്‍ മീരയുടെ ശത്രുക്കള്‍ മുഴുവന്‍ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ എതിര്‍പ്രചരണം അഴിച്ചുവിട്ടിരിക്കയാണ്. ഇതിന് മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന പലരും പ്രഖ്യാപിത പ്രശ്നക്കാരായതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി വിഷയം വ്യാപകചര്‍ച്ചയായിരിക്കയാണ്.

തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്.

കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.