Home Blog Page 679

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിച്ചു.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷൂ ഗുപ്തയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഓൺ-സ്ക്രീൻ മാർക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആഭ്യന്തര അന്വേഷണം നടത്താനും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവാദമായ ‘കോംപ്റ്റ്’ എന്ന കമ്പനിക്ക് ഓൺ-സ്ക്രീൻ മാർക്കിംഗ് കരാർ നൽകുന്നതിനായി ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി പുറത്തുവന്ന രേഖകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സിബിഎസ്ഇ നൽകുന്ന റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തിക്കണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.

നെയ്യാറ്റിൻകരയിൽ ബൈക്കും കാറും കുട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ വാഹനാപകടത്തിൽ സുഹൃത്തുക്കളായ സമപ്രായക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഷെർജിൻ (28 ) പ്രശാന്ത് (28) എന്നിവരാണ് മരിച്ചത് . ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ മഴയുണ്ടായിരുന്നു.
ബൈക്ക് തെന്നിമാറി കാറിൽ ഇടിക്കുയായിരുന്നു എന്ന് പറയപ്പെടുന്നു. കാർ യാത്രികർക്ക് പരിക്കില്ല. അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരംമെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകം; ഒന്നാംപ്രതി അഷ്കറിന്മേൽ എസ്‌ സി / എസ് ടി വകുപ്പുകൾ കൂടി ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകത്തിൽ ഒന്നാംപ്രതി അഷ്കറിന്മേൽ എസ് സി / എസ് ടി വകുപ്പുകൾ കൂടി ചുമത്തി. നെടുമങ്ങാട് ഡിവൈഎസ്‍പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല . നാളെ ഡിവൈഎസ്‍പി ബന്ധുക്കളുടെ മൊഴിയെടുക്കും.

അതേസമയം കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം.

തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതാണെന്നായിരുന്നു പൊലീസിനോട് ആദ്യം പറഞ്ഞതെങ്കിലും, ഇതിൽ ദുരൂഹതയുണ്ടെന്നും കൈ ഒടിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.

പ്രതി കുഞ്ഞിനെ നിരന്തരം അതിക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മ അഖിലയ്ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് അമ്മ അഖിലയ്ക്കെതിരെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും പൊലീസ് കേസെടുത്തു.

പാത്രം കഴുകല്‍ ജോലിയായിരുന്നു മാസം 2500രൂപ കിട്ടും, ഇനി മന്ത്രി

കൊല്‍ക്കത്ത. പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഓസ്ഗ്രാം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കലിത മാജിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. എംഎല്‍എയാകുന്നതിന് മുന്‍പുവരെ മാസം വെറും 2500 രൂപയ്ക്ക് വീട്ടുജോലി ചെയ്തായിരുന്നു ഉപജീവനം. ഇപ്പോള്‍ പുതിയ ചുമതല കൂടി തന്നിലേക്ക് എത്തിയപ്പോള്‍ തന്റെ ഉത്തരവാദിത്വം വര്‍ധിച്ചെതായി കലിത പറയുന്നു.

ഗുസ്‌കര മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന കലിത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പ്രദേശത്തെ വീടുകളില്‍ വീട്ടുജോലിക്കാരിയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും കലിത വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. പ്രതിമാസം 2500 രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

ബൂത്ത് തല പ്രവര്‍ത്തകയായാണ് കലിത മാജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ‘മോദിജി എന്നെ ഈ പദവിയിലേക്ക് എത്തിച്ചതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. ഞാന്‍ ഒരു എംഎല്‍എയാകുമെന്നോ, ഒരു മന്ത്രിയാകുമെന്നോ എനിക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. 2014 മുതല്‍ ഞാന്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ ശ്രദ്ധ സ്വന്തം മണ്ഡലത്തില്‍ മാത്രമായിരുന്നു; ഇപ്പോള്‍ അതുമാത്രം അല്ല, വലിയ ചുമതലകൂടി എന്നിലേക്ക് എത്തി.’ മാജി പറഞ്ഞു.

തൃണമൂലിന്റെ ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടിനാണ് പരാജയപ്പെടുത്തിയാണ് കലിത എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കലിത 11,815 വോട്ടിനാണ് പരാജയപ്പെട്ടത്. ഭര്‍ത്താവ് പ്ലംബറായി ജോലി ചെയ്യുന്നു. ഇവര്‍ക്ക് 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്.

കായംകുളം പുല്ലുകുളങ്ങരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയേയും തെരുവുനായ കടിച്ചു

കായംകുളം. പുല്ലൂകുളങ്ങരയിൽ തെരുവുനായ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും പരിക്ക്. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ശ്രീസദനത്തിൽ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ കാലിനാണ് പരുക്കേറ്റത്

പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു

ഇടവനശ്ശേരി ആശാ ഭവനത്തിൽ
ഗോപാലകൃഷ്ണപിള്ള  നിര്യാതനായി

മൈനാഗപ്പള്ളി : ഇടവനശ്ശേരി ആശാ ഭവനത്തിൽ
ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി
ഭാര്യ : കമലമ്മ
മക്കൾ : അനിൽകുമാർ, അജിത് ആശ
മരുമക്കൾ:അഞ്ജലി, ലേഖ, ജ്യോതികുമാർ
സഞ്ചയനം ഞായറാഴ്ച
സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്

പ്രതിപക്ഷ ഉപനേതാവ് പദവി! വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് എം.വി. ഗോവിന്ദൻ; സിപിഐയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നൽകി എം.വി. ഗോവിന്ദൻ. ഈ പദവിയിൽ മുൻകാല കീഴ്‌വഴക്കങ്ങളുണ്ടെന്നുംപണ്ട് സിപിഐഎം കൈകാര്യം ചെയ്തിരുന്ന പദവിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുമായി നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ സിപിഐഎം ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ജില്ലാ-ഏരിയ തലങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ഇന്ധന നികുതി കുറയ്ക്കണമെന്ന് മുൻപ് ആവശ്യപ്പെട്ട വി.ഡി. സതീശൻ ഇപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും, നിലവിലെ സർക്കാരിന്റെ കാലത്ത് ഇന്ധനവില നാല് തവണ വർദ്ധിപ്പിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.

ഗതാഗതം കുരുങ്ങി ഗതിയില്ലാതെ കരുനാഗപ്പള്ളി,കർശന നടപടികളുമായി അധികൃതർ

കരുനാഗപ്പള്ളി. യുക്തിയില്ലാത്ത ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ബാക്കി പത്രമായി ഗതാഗതംകുരുങ്ങി കരുനാഗപ്പള്ളി. കൊല്ലം ജില്ലയിലെ തിരക്കേറിയ ടൗണ്‍ എങ്ങനെ ഉപേക്ഷിക്കുമെന്നറിയാതെ വലയുകയാണ് ദൂരയാത്രക്കാര്‍, മണിക്കൂറുകള്‍ തന്നെ ഇഴഞ്ഞാണ് കരുനാഗപ്പള്ളി കടക്കുന്നത്. നഗരത്തിലെ ചെറുറോഡുകളുടെ കാര്യമാണ് പരമദയനീയം ഇവിടെനിന്നും വന്നു കയറുന്ന വാഹനങ്ങള്‍ക്ക് കൈയും കണക്കുമില്ല. പൊലീസിനെക്കൊണ്ട് ഒന്നും ചെയ്യാനാവാത്ത നിലയാണ് പലപ്പോഴും. കിഴക്കന്‍ മേഖലയിലേക്കും റെയില്‍വേ സ്റ്റേഷന്‍ഭാഗത്തേക്കും പോകേണ്ടവര്‍ ഇടുങ്ങിയ ചന്തറോഡില്‍ പെടുന്നതും പതിവ്. ഇതേ ത്തുടര്‍ന്നാണ്

​ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി സി.ആർ. മഹേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നഗരത്തിലെ ഗതക്കുരുക്ക് കുറയ്ക്കുന്നതിനായി എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:

​പ്രധാന തീരുമാനങ്ങൾ:
സർവീസ് റോഡുകൾ: തകർന്നുകിടക്കുന്ന സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തന്നെ പൂർത്തിയാക്കും.
കൂടുതൽ ഹോം ഗാർഡുമാർ: കെ.എസ്.ആർ.ടി.സി ഡിപ്പോ, സിവിൽ സ്റ്റേഷൻ, ആലുമൂട്, ഹൈസ്കൂൾ ജങ്ഷൻ, മാർക്കറ്റ് ഹോസ്പിറ്റൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി ഹോം ഗാർഡുമാരെ നിയമിക്കും.
യു-ടേൺ ഓപ്പണിങ്ങുകളിൽ മാറ്റം: നിലവിൽ സിവിൽ സ്റ്റേഷന് മുന്നിലുള്ള ഓപ്പണിങ് മാറ്റി, പെട്രോൾ പമ്പിന് മുൻവശം പുതിയ ഓപ്പണിങ് സംവിധാനം ഒരുക്കും.
അനധികൃത പാർക്കിങ് ഒഴിവാക്കും: നിർമാണത്തിലിരിക്കുന്ന ഓപ്പൺ മേൽപ്പാലത്തിന് താഴെ യാതൊരു കാരണവശാലും അനധികൃത പാർക്കിങ് അനുവദിക്കില്ല. സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് നിയന്ത്രിക്കാനും ബസ് സ്റ്റോപ്പുകളിൽ കൃത്യമായ ക്രമീകരണം ഏർപ്പെടുത്താനും തീരുമാനമായി.
വഴിയോര കച്ചവട നിയന്ത്രണം: റോഡ് കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾ കർശനമായി നിയന്ത്രിക്കും.
ബാരിക്കേഡുകൾ മാറ്റും: ദേശീയപാതയിൽ നിലവിലുള്ള ബാരിക്കേഡുകൾ ആവശ്യാനുസരണം അകത്തേക്ക് മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകി.

​നഗരസഭാധ്യക്ഷൻ പി. സോമരാജൻ, വിവിധ വകുപ്പ് മേധാവികൾ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാറ്റങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വരുന്ന ആറാം തീയതി വീണ്ടും യോഗം ചേരും.

എൽഡിഎഫിൽ ഭിന്നത രൂക്ഷം; പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സിപിഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തങ്ങളുടെ ആവശ്യത്തിൽ അനുകൂലമായ ഒരു തീരുമാനമുണ്ടാകാതെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു. പദവി ലഭിച്ചില്ലെങ്കിൽ വിഷമകരമായ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകിയതായാണ് വിവരം. എന്നാൽ ഈ വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഎ.

സിപിഎമ്മിന് 26-ഉം സിപിഐയ്ക്ക് 8-ഉം ആർജെഡിക്ക് ഒന്നും ഉൾപ്പെടെ ആകെ 35 എംഎൽഎമാരാണ് നിലവിൽ എൽഡിഎഫ് പ്രതിപക്ഷ നിരയിലുള്ളത്. സമീപകാലത്തെ ഏറ്റവും ശുഷ്കമായ ഈ പ്രതിപക്ഷ നിരയിൽ തങ്ങൾക്ക് അർഹമായ മാന്യമായൊരു പദവി വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഇതിന്റെ ഭാഗമായി കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യ യോഗം മുതൽ സിപിഐ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിൽ സിപിഎം നേതാവ് കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമനായി സഭയിൽ പ്രവർത്തിക്കുന്നത്. നിയമസഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് മുൻകൂട്ടി ചർച്ച ചെയ്തിരുന്നില്ലെന്ന ആക്ഷേപം അവർക്കുണ്ട്.

മുന്നണിക്കുള്ളിൽ ഉന്നയിക്കേണ്ട ഈ പദവി പ്രശ്നം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. അതിനുശേഷം സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായിട്ടുമില്ല. ഇതിനിടയിലാണ് നന്ദിപ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി പാർലമെന്ററി പാർട്ടി യോഗം ചേരണമെങ്കിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സിപിഐ കടുംപിടിത്തം പിടിക്കുന്നത്. നേരത്തെ പി.എം ശ്രീ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ സിപിഐ എടുത്ത നിലപാടുകൾ വിവാദമായിരുന്നു. അന്നുമുതൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇത്തരം ഉപാധികളൊന്നും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.