Home Blog Page 680

ശാസ്താംകോട്ട കെഎസ്എം ഡിബി കോളേജിന് പ്ലാററിനം സസ്റ്റയ്നബിലിറ്റി പുരസ്‌കാരം

ശാസ്താംകോട്ട:രാജ്യവ്യാപകമായി ഭൗമവാരത്തോടനുബന്ധിച്ച് റിസർച്ച് ഹൈറ്റ്സും ഇ.പി.ടി.ആർ.ഐ യും സംയുക്തമായി സംഘടിപ്പിച്ച ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമായ ഭാരത് സുസ്ഥിര ക്യാമ്പസ്‌ മിഷൻ 2026 ൽ
ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് ഉന്നത അംഗീകാരമായ പ്ലാറ്റിനം സസ്റ്റയിനബിലിറ്റി പുരസ്‌കാരത്തിനു അർഹത നേടി.

ഈ അംഗീകാരം ക്യാമ്പസിന്റെ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,വിദ്യാർത്ഥികൾക്കും സമൂഹത്തിനും സുസ്ഥിരതയെപ്പറ്റി നൽകിയ അവബോധ പ്രവർത്തനങ്ങൾ,ഖര,ജൈവ,പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും നിർമ്മാർജനവും ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.വിദ്യാർത്ഥികളും അധ്യാപകരും സമർപ്പിച്ച നൂതന സുസ്ഥിര ആശയങ്ങളും ഈ നേട്ടത്തിന് വഴിയൊരുക്കി.

ശാസ്താംകോട്ട റംസാർ തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് പകരുന്നതാണ് അംഗീകാരം.കോളേജിന്റെ നേതൃത്വവും,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമവും ചേർന്നാണ് ഈ നേട്ടം സാധ്യമായത്.കോളേജ് എൻഎസ്എസ്,എൻസിസി, ബയോഡൈവേഴ്സിറ്റി,ഭൂമിത്രസേന ക്ലബുകളുടെയും വിവിധ ഡിപ്പാർട്മെന്റ്കളുടെയും സജീവ പങ്കാളിത്തം നേട്ടത്തിന് കാരണമായി.ഈ അംഗീകാരം ഭാവിയിൽ കൂടുതൽ സുസ്ഥിര പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.കോളേജിന് ലഭിച്ച പ്ലാറ്റിനം സുസ്ഥിര ക്യാമ്പസ് അംഗീകാരം, കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ .കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽ കുമാർ ഏറ്റുവാങ്ങി.

ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ പ്രവേശനോത്സവം

മൈനാഗപ്പള്ളി:ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.തഴവ രഞ്ജിത്ത് ആർ.കെ മുഖ്യഅതിഥിയായിരുന്നു.വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.പുതുതായി പ്രവേശനം നേടിയ കുട്ടികളെ പുസ്തകങ്ങളും പേനകളും നൽകി സ്വീകരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി,ചവറ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മെഹറുനീസ,ബീഗം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത്,സന്തോഷ്,വർഗീസ് തരകൻ,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ബിആർസി കോ ഓർഡിനേറ്റർ പ്രദീപ്,എംപിടിഎ പ്രസിഡന്റ് റഫീന അഹമ്മദ്,സൈജു,ഉണ്ണി ഇലവിനാൽ,സുനീഷ്,രശ്മി രവി,മുഹമ്മദ്‌ സജാദ്,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ബി.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഫിദ ഫാത്തിമ

ശാസ്‌താംകോട്ട:കേരള സർവകലാശാല ബി.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥി ഫിദ ഫാത്തിമ രണ്ടാം റാങ്ക് (ഗ്രേഡ് പോയിന്റ്- 8.835) കരസ്ഥമാക്കി.

ശൂരനാട് വടക്ക് തെക്കേമുറി വിളയിലയ്യത്ത് സലീം വിളയിലയ്യത്തിന്റെയും സുനിലയുടെയും മകളാണ്.സഹോദരി മർയം സലിം.

പ്രീ മെട്രിക് ഹോസ്റ്റലുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട,പോരുവഴി,കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത് ഉദ്‌ഘാടനം ചെയ്തു.മൂന്ന് ഹോസ്റ്റലുകളിലുമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 90 വിദ്യാർത്ഥികൾക്കാണ് സൗജന്യമായി താമസവും പഠനസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശിവപ്രസാദ്,മെഹറുന്നിസ ബീഗം,അംഗങ്ങളായ ബിന്ദു ചങ്കൂരേത്ത്,അസൂറാ അർത്തിയിൽ,നിഖിൽ മനോഹർ,അരവിന്ദ്.എം,അമൃതപ്രിയ. ബി.എസ്,ജയപ്രിയ എന്നിവർ സംസാരിച്ചു.പട്ടികജാതി വികസന ഓഫീസർ രാജീവ് നന്ദി പറഞ്ഞു

ആനയടി ക്ഷീരസംഘത്തിൽ പഠനോപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു

ആനയടി:ആനയടി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പാൽ നൽകുന്ന കർഷകരുടെ മക്കൾക്ക് പഠനോപകരണങ്ങളും ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് വി.വേണുഗോപാലകുറുപ്പ് അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ ശോഭന,വില്ലാടൻ പ്രസന്നൻ,ബിജു,രാജേന്ദ്രൻ,രമ്യ, സരസ്വതിയമ്മ,സുനിതാ ജോസ്,സരസ്വതി,സംഘം സെക്രട്ടറി ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.

ആനയടി ക്ഷീരസംഘത്തിൽ പഠനോപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു

അധ്യാപക ഒഴിവ്

പോരുവഴി:ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ജൂനിയർ ഹിന്ദി (യുപിഎസ്ടി),എച്ച്.എസ്.ടി മലയാളം എന്നീ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 5ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിൽ ഹാജരാകേണ്ടതാണ്.

വൃന്ദവനില്‍ ഗുരുവിനെ കാണാനെത്തി ആര്‍സിബി സൂപ്പര്‍താരം വിരാട് കോലി

ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ വൃന്ദവനില്‍ ഗുരുവിനെ കാണാനെത്തി ആര്‍സിബി സൂപ്പര്‍താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പമാണ് വിരാട് ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിനെ കാണാനായി വൃന്ദാവനിലെത്തിയത്. ഇരുവരും നഗ്‌നപാദരായി ‘രാധേ രാധേ’ എന്ന മന്ത്രം ചൊല്ലി ഗുരുവിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഐപിഎല്‍ കിരീടപ്പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു എതിരാളികള്‍. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ കോലി തന്റെ രണ്ടാം ഐപിഎല്‍ കപ്പുയര്‍ത്തി. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18 ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വിജയഭേരി മുഴക്കി. ക്രിക്കറ്റ് പ്രേമികള്‍ ഏറേ ആകാംക്ഷയോടെ നോക്കിക്കണ്ട മല്‍സരം കൂടിയായിരുന്നു ഗുജറാത്ത് ബെംഗളൂരു പോരാട്ടം.
വിജയാഘോഷം തകൃതിയായി നടക്കുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ട ആത്മീയ ഗുരുവായ പ്രേമാനന്ദ് മഹാരാജിനെ കാണാന്‍ കോലിയും അനുഷ്‌കയും എത്തിയത്. ഇതാദ്യമായല്ല അനുഷ്‌ക കോലി ദമ്പതികള്‍ പ്രേമാനന്ദ് മഹാരാജിനെ കാണാനെത്തുന്നത്. ഈ വര്‍ഷം ആദ്യം, അക്ഷയതൃതീയ നാളിലും ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പും വിരാടും അനുഷ്‌കയും ഈ ആശ്രമത്തില്‍ എത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു.

40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.
നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍ പൊലീസ് നീണ്ട അന്വേഷണമാണ് നടത്തിയത്. ഒടുവില്‍ 11 മാസങ്ങള്‍ക്ക് ശേഷം പൊലീസ് ഒരു കൊലപാതകിയുടെ അസാധാരണമായ വെളിപ്പെടുത്തല്‍ ശരിയെന്ന് കണ്ടെത്തുകയാണ്. 14ാം വയസ്സിലാണ് മുഹമ്മദ് കൊലപാതകം നടത്തിയത്. വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.

1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസില്‍ മുഹമ്മദലി നല്‍കിയ ഒരു മൊഴി.

1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബര്‍ അഞ്ചിലെ പത്രത്തില്‍ കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടില്‍ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിരുന്നു.

നമ്മുടെ ഹീറോ അവിടെ വില്ലന്‍,മുരിങ്ങയെ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും

സിഡ്‌നി : മലയാളികളുടെ അടുക്കളയിലെ പ്രമുഖനായ മുരിങ്ങയെ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.

ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല. ഓസ്‌ട്രേലിയയില്‍ ഇനി മുരിങ്ങ കിട്ടില്ലെന്ന വാര്‍ത്ത പ്രവാസി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെക്കാലമായി ഭക്ഷ്യയോഗ്യമായ മുരിങ്ങയെ ഭക്ഷ്യഘടകമായി അംഗീകരിക്കണമെന്ന അപേക്ഷ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തള്ളിക്കളഞ്ഞതോടെയാണ് വിലക്ക്. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ഭക്ഷ്യനിയന്ത്രണ ഏജന്‍സിയായ ഫുഡ് സ്റ്റാന്റേര്‍ഡ്‌സ് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് (FSANZ) നടത്തിയ ശാസ്ത്രീയ വിലയിരുത്തലിലാണ് തീരുമാനം.

മുരിങ്ങയുടെ ഇല, കായകള്‍, വിത്തില്‍ നിന്നുള്ള എണ്ണ എന്നിവയെ ‘നോവല്‍ ഫുഡ്’ അഥവാ പരമ്പരാഗതമായി ഉപയോഗിക്കപ്പെടാത്ത പുതിയ ഭക്ഷ്യഘടകങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ അനുവദിക്കണമെന്ന അപേക്ഷയായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലഭ്യമായ ശാസ്ത്രീയ തെളിവുകള്‍ മനുഷ്യ ഉപഭോഗത്തിന് ഇവ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് അതോറിറ്റി കണ്ടെത്തി.

അതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, മുരിങ്ങയില്‍ ഉണ്ടായേക്കാവുന്ന ചില രാസഘടകങ്ങളുടെ സ്വഭാവവും അളവും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പറയുന്നത്. കൂടാതെ, ദീര്‍ഘകാല ഉപയോഗം മനുഷ്യശരീരത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പരിമിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൃഗങ്ങളില്‍ നടത്തിയ ചില പരീക്ഷണങ്ങളില്‍ ഗര്‍ഭച്ഛിദ്ര സാധ്യതയുമായി ബന്ധപ്പെട്ട സൂചനകള്‍ കണ്ടെത്തിയതും അധികൃതരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ ഗര്‍ഭനിരോധനത്തിനും ഗര്‍ഭച്ഛിദ്രത്തിനുമായി മുരിങ്ങ ഉപയോഗിച്ചിരുന്നുവെന്ന അനൗപചാരിക റിപ്പോര്‍ട്ടുകളും വിലയിരുത്തലില്‍ ഉള്‍പ്പെടുത്തിയതായി രേഖകള്‍ പറയുന്നു.

മുരിങ്ങയുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലെ തീരുമാനം മുരിങ്ങയുടെ ആരോഗ്യഗുണങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതല്ലെന്നും, മറിച്ച് ആവശ്യമായ സുരക്ഷാ തെളിവുകളുടെ അഭാവമാണ് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വന്തം വീട്ടുപറമ്പില്‍ മുരിങ്ങ നട്ടുവളര്‍ത്തുന്നതില്‍ തടസമുണ്ടാകില്ല. മുരിങ്ങയിലയോ കായയോ സ്വകാര്യമായി പാചകംചെയ്തു കഴിക്കുന്നതിനും നിയമതടസമില്ല. ഓസ്‌ട്രേലിയയില്‍ മുന്‍പ് പ്രചാരത്തില്‍ ഇല്ലാതിരുന്ന സസ്യമാണ് മുരിങ്ങ എന്നതാണ് നടപടികളുടെ കാരണം.

ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്‍ഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി ഭക്ഷണത്തിന്റെ ഭാഗമാണ് മുരിങ്ങ. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ സാന്നിധ്യം കാരണം ‘സൂപ്പര്‍ഫുഡ്’ എന്ന വിശേഷണവും മുരിങ്ങയ്ക്കുണ്ട്. എന്നിരുന്നാലും, ഒരു ഭക്ഷ്യവസ്തു ഒരു രാജ്യത്ത് പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നു എന്നത് മാത്രം മറ്റൊരു രാജ്യത്ത് നിയമപരമായ അംഗീകാരം നേടാന്‍ പര്യാപ്തമാകില്ലെന്നാണ് എഫ്എസ്എഎന്‍സി വ്യക്തമാക്കിയത്. പുതിയ ഭക്ഷ്യവസ്തുക്കള്‍ക്ക് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

മലപ്പുറം. താനാളൂരിൽ എക്സൈസിന്റെ ലഹരി വേട്ട. 152.4 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. താനാളൂർ സ്വദേശി അബ്ദുൽ മജീദ് (40) ആണ് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ആണ് പിടികൂടിയത്