Home News Local ഗതാഗതം കുരുങ്ങി ഗതിയില്ലാതെ കരുനാഗപ്പള്ളി,കർശന നടപടികളുമായി അധികൃതർ

ഗതാഗതം കുരുങ്ങി ഗതിയില്ലാതെ കരുനാഗപ്പള്ളി,കർശന നടപടികളുമായി അധികൃതർ

കരുനാഗപ്പള്ളി. യുക്തിയില്ലാത്ത ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ബാക്കി പത്രമായി ഗതാഗതംകുരുങ്ങി കരുനാഗപ്പള്ളി. കൊല്ലം ജില്ലയിലെ തിരക്കേറിയ ടൗണ്‍ എങ്ങനെ ഉപേക്ഷിക്കുമെന്നറിയാതെ വലയുകയാണ് ദൂരയാത്രക്കാര്‍, മണിക്കൂറുകള്‍ തന്നെ ഇഴഞ്ഞാണ് കരുനാഗപ്പള്ളി കടക്കുന്നത്. നഗരത്തിലെ ചെറുറോഡുകളുടെ കാര്യമാണ് പരമദയനീയം ഇവിടെനിന്നും വന്നു കയറുന്ന വാഹനങ്ങള്‍ക്ക് കൈയും കണക്കുമില്ല. പൊലീസിനെക്കൊണ്ട് ഒന്നും ചെയ്യാനാവാത്ത നിലയാണ് പലപ്പോഴും. കിഴക്കന്‍ മേഖലയിലേക്കും റെയില്‍വേ സ്റ്റേഷന്‍ഭാഗത്തേക്കും പോകേണ്ടവര്‍ ഇടുങ്ങിയ ചന്തറോഡില്‍ പെടുന്നതും പതിവ്. ഇതേ ത്തുടര്‍ന്നാണ്

​ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി സി.ആർ. മഹേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നഗരത്തിലെ ഗതക്കുരുക്ക് കുറയ്ക്കുന്നതിനായി എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:

​പ്രധാന തീരുമാനങ്ങൾ:
സർവീസ് റോഡുകൾ: തകർന്നുകിടക്കുന്ന സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തന്നെ പൂർത്തിയാക്കും.
കൂടുതൽ ഹോം ഗാർഡുമാർ: കെ.എസ്.ആർ.ടി.സി ഡിപ്പോ, സിവിൽ സ്റ്റേഷൻ, ആലുമൂട്, ഹൈസ്കൂൾ ജങ്ഷൻ, മാർക്കറ്റ് ഹോസ്പിറ്റൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി ഹോം ഗാർഡുമാരെ നിയമിക്കും.
യു-ടേൺ ഓപ്പണിങ്ങുകളിൽ മാറ്റം: നിലവിൽ സിവിൽ സ്റ്റേഷന് മുന്നിലുള്ള ഓപ്പണിങ് മാറ്റി, പെട്രോൾ പമ്പിന് മുൻവശം പുതിയ ഓപ്പണിങ് സംവിധാനം ഒരുക്കും.
അനധികൃത പാർക്കിങ് ഒഴിവാക്കും: നിർമാണത്തിലിരിക്കുന്ന ഓപ്പൺ മേൽപ്പാലത്തിന് താഴെ യാതൊരു കാരണവശാലും അനധികൃത പാർക്കിങ് അനുവദിക്കില്ല. സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് നിയന്ത്രിക്കാനും ബസ് സ്റ്റോപ്പുകളിൽ കൃത്യമായ ക്രമീകരണം ഏർപ്പെടുത്താനും തീരുമാനമായി.
വഴിയോര കച്ചവട നിയന്ത്രണം: റോഡ് കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾ കർശനമായി നിയന്ത്രിക്കും.
ബാരിക്കേഡുകൾ മാറ്റും: ദേശീയപാതയിൽ നിലവിലുള്ള ബാരിക്കേഡുകൾ ആവശ്യാനുസരണം അകത്തേക്ക് മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകി.

​നഗരസഭാധ്യക്ഷൻ പി. സോമരാജൻ, വിവിധ വകുപ്പ് മേധാവികൾ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാറ്റങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വരുന്ന ആറാം തീയതി വീണ്ടും യോഗം ചേരും.