Home News Kerala കുട്ടനാട്ടിലെ നെൽകർഷകരുടെ പിആർഎസ് (PRS) വായ്പാ പ്രതിസന്ധി പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.

കുട്ടനാട്ടിലെ നെൽകർഷകരുടെ പിആർഎസ് (PRS) വായ്പാ പ്രതിസന്ധി പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.

ന്യൂഡെല്‍ഹി.കേരളത്തിലെ, പ്രത്യേകിച്ച് രാജ്യത്തെ പ്രധാന നെൽ ഉൽപ്പാദന മേഖലയായ കുട്ടനാട്ടിലെ നെൽകർഷകർ നിലവിലെ പാഡി റസീറ്റ് ഷീറ്റ് (PRS) അധിഷ്ഠിത നെല്ല് സംഭരണ-പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ലോക്സഭയിൽ റൂൾ 377 പ്രകാരം ഉന്നയിച്ച് മാവേലിക്കര ലോക്സഭാംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം.പി.

നിലവിലെ വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുടെ (Decentralised Procurement Scheme – DCP) ഭാഗമായി, കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നേരിട്ട് ലഭിക്കുന്നതിന് പകരം PRS രേഖയുടെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പ നൽകുന്ന രീതിയാണ് നിലവിലുള്ളത്. സംസ്ഥാന സർക്കാർ വായ്പയ്ക്ക് ഗ്യാരണ്ടി നൽകുന്നുണ്ടെങ്കിലും, കർഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കുന്നതിലൂടെ അവരുടെ CIBIL സ്കോർ പ്രതികൂലമായി ബാധിക്കുകയും, ഭാവിയിൽ കാർഷിക വായ്പകളും മറ്റ് സ്ഥാപന വായ്പകളും ലഭിക്കുന്നതിന് ഗുരുതരമായ തടസ്സങ്ങൾ നേരിടേണ്ടി വരികയാണെന്ന് എം.പി. സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ സംവിധാനം കർഷകരെ അനാവശ്യമായ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നതെന്നും, സർക്കാർ ഉറപ്പുനൽകുന്ന സംഭരണ ഇടപാടുകളിൽ കർഷകരെ വായ്പക്കാരായി രേഖപ്പെടുത്തുന്നത് നീതീകരിക്കാനാകാത്ത നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടനാട് ഉൾപ്പെടെ കേരളത്തിലെ നെൽകർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) കേരളത്തിൽ നിന്നുള്ള നെല്ല് നേരിട്ട് സംഭരിച്ച് 3 മുതൽ 7 ദിവസത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നൽകുന്ന സംവിധാനം നടപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം, നിലവിലെ PRS സംവിധാനത്തെ കർഷകരുടെ CIBIL രേഖകളിൽ നിന്ന് പൂർണമായും വേർതിരിച്ച്, സർക്കാർ ഗ്യാരണ്ടിയുള്ള സംഭരണ പേയ്മെന്റുകൾ ബാങ്ക് വായ്പയായി കണക്കാക്കാത്ത രീതിയിൽ ആവശ്യമായ നയപരവും ഭരണപരവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നെൽ ഉൽപ്പാദനത്തിന്റെ നട്ടെല്ലായ കുട്ടനാട്ടിലെ കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും, കൃത്യസമയത്ത് നെല്ലിന്റെ വില ലഭ്യമാക്കുന്നതിനും, സംസ്ഥാനത്തെ നെൽകൃഷി കൂടുതൽ സുസ്ഥിരമാക്കുന്നതിനും കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here