29.2 C
Kollam
Friday 4th September, 2026 | 04:17:24 PM
Home News Breaking News യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസര്‍കോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10...

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസര്‍കോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു!

യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ വൻ മിസൈലാക്രമണത്തില്‍ മലയാളി നാവികൻ കൊല്ലപ്പെട്ടു.കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖില്‍ ജോയൻ (26) ആണ് റഷ്യൻ ആക്രമണത്തില്‍ മരണപ്പെട്ടത്. അഖിലിന് പുറമെ കപ്പലിലുണ്ടായിരുന്ന പത്ത് നാവികർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന ‘ഗോള്‍ഡൻ ലിയോ’ (Golden Leo) എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ യുദ്ധക്കപ്പലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും കടുത്ത ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യൻ, സിറിയൻ വംശജരായ നാവികരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍.

യുക്രൈനില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെടാൻ ഒഡേസ തുറമുഖത്ത് തയ്യാറെടുക്കുന്നതിനിടെയാണ് കപ്പലിന് നേരെ റഷ്യൻ മിസൈലുകള്‍ പതിച്ചത്. വലിയ തോതിലുള്ള സ്ഫോടനമാണ് കപ്പലില്‍ ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തില്‍ കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷിത പാതയിലൂടെയുള്ള ചരക്കുനീക്കങ്ങളെപ്പോലും ലക്ഷ്യമിട്ടുള്ള റഷ്യയുടെ കടുത്ത നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. കാസർകോട് സ്വദേശിയായ അഖില്‍ ജോയന്റെ മരണവാർത്തയറിഞ്ഞ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഈ കപ്പലില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അഖില്‍.