ഭരണിക്കാവ്:ഭരണിക്കാവ് ബസ് സ്റ്റാൻഡിലൂടെ നിയമം ലംഘിച്ച് അന്യവാഹനങ്ങൾ ചീറിപ്പായുന്നത് അപകട ഭീഷണിയാകുന്നു.പുലർച്ചെ മുതൽ സജീവമാകുന്ന സ്‌റ്റാൻഡിലൂടെയാണ് തലങ്ങും വിലങ്ങും അന്യ വാഹനങ്ങൾ കടന്നുപോകുന്നത്.സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗങ്ങളിൽ അന്യവാഹനങ്ങൾ പ്രവേശിക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് നാലുചക്ര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തിരക്കേറിയ സ്റ്റാൻഡിലൂടെ സഞ്ചരിക്കുന്നത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാക്കിടയിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ സ്ഥിതി.ജംഗ്ഷനിലെ ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാനാണ് സ്റ്റാൻഡിലൂടെയുള്ള യാത്രയ്ക്ക് കാരണം.ചക്കുവള്ളിയിൽ നിന്നും കൊട്ടാരക്കര,അടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും,ഇതേ ഭാഗത്തു നിന്നും ചക്കുവള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളുമാണ് ഇത്തരത്തിൽ സഞ്ചരിക്കുന്നത്.
സ്റ്റാൻഡിൽ നിന്നും കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള വീതി കുറവായ റോഡിൽ ഗതാഗത തടസത്തിനും ഇത് കാരണമാകുന്നു.മുമ്പ് ഹോം ഗാർഡുകൾ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതിനാൽ അന്യ വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് വിരളമായിരുന്നു.അന്യ വാഹനങ്ങൾ സ്റ്റാൻഡിലൂടെ ചീറപ്പായുന്നത് തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
































