കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്‌ലൈ91’ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങള്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 9400 കോടി മുടക്കിയാണ് കമ്പനി ഇത്രയും വിമാനങ്ങള്‍ ഒറ്റയടിയ്ക്ക് വാങ്ങുന്നത്. പുതിയ എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ക്കുള്ള മെഗാ ഓര്‍ഡറാണ് കമ്പനി നല്‍കിയത് എന്നാണ് വിവരം. ഒരു പ്രാദേശിക എയര്‍ലൈന്‍ കമ്പനി ഇത്രയധികം എടിആര്‍ വിമാനങ്ങള്‍ക്ക് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കുന്നത് ലോകത്ത് ആദ്യമാണ്. ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസുകള്‍ സദ്ധ്യമാക്കുന്ന കമ്പനിയാണ് ഫ്‌ലൈ91.
കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ ഉടമ. ഗോവ കേന്ദ്രമായി 2024ലാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് 30 വര്‍ഷത്തെ അനുഭവപരിചയമുള്ള ആളാണ് മനോജ് ചാക്കോ. ഗോവ, ഹൈദരാബാദ് എന്നിവയാണ് നിലവില്‍ ഫ്‌ലൈ91 ബേസുകള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയെന്ന സവിശേഷതയും ഫ്‌ലൈ91നുണ്ട്.
നിലവില്‍ 6 വിമാനങ്ങളാണുള്ളത് ഫ്‌ലൈ91ന് ഉള്ളത്. 40 പുതിയ വിമാനങ്ങളടക്കം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 60 വിമാനങ്ങളുള്ള കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആര്‍ കമ്പനിയുമായുള്ള ഡീല്‍. അടുത്ത വര്‍ഷം അവസാനത്തോടെ പുത്തന്‍ വിമാനങ്ങള്‍ ഓരോന്നായി എത്തിത്തുടങ്ങും. അതുവരെയുള്ള വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതല്‍ 8 വരെ വിമാനങ്ങള്‍ കൂടി ലീസിനെടുക്കാന്‍ പദ്ധതിയുണ്ട്. രാജ്യത്തെ ഒട്ടേറെ ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.
കമ്പനി തുടങ്ങി വെറും രണ്ടര വര്‍ഷത്തിനുള്ളിലാണ് നിര്‍ണായക വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഇതിനകം 15,000 വിമാനസര്‍വീസുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. 6 വിമാനങ്ങള്‍ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സര്‍വീസുകളാണ് നടത്തുന്നത്. കൊച്ചി- അഗത്തി ദ്വീപ് സര്‍വീസിനു പുറമേ ഹുബ്ബള്ളി, ബംഗളൂരു, രാജ്മുണ്ഡ്രി, വിജയവാഡ, ജല്‍ഗാവ്, പുനെ, സിന്ദുദുര്‍ഗ്, സോലാപുര്‍, ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവില്‍ ബന്ധിപ്പിക്കുന്നത്. അടുത്ത ആഴ്ച തിരുപ്പതിയിലേക്കും സര്‍വീസ് ആരംഭിക്കും.
മെഗാ ഡീല്‍ ഒപ്പിടുന്നതിനായി എടിആര്‍ കമ്പനിയുടെ സിഇഒ നദാലി ടര്‍ണാഡ് ലോഡും ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ അലെക്‌സിസ് വിഡലും ഡല്‍ഹിയിലെത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തില്‍ നടന്ന ചടങ്ങിന് കേന്ദ്ര വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡുവും സാക്ഷ്യം വഹിച്ചു. 72 പേരെ വഹിക്കാവുന്ന എടിആര്‍ 72-600 മോഡല്‍ വിമാനങ്ങളാണ് ഫ്‌ലൈ91 ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്.
നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് കഴിഞ്ഞ ദിവസം ഫ്‌ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായി ചുമതലയേറ്റിരുന്നു. പിന്നാലെയാണ് കമ്പനി പുതിയ 40 വിമാനങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.






























