Home News Breaking News എൽഡിഎഫിൽ ഭിന്നത രൂക്ഷം; പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ

എൽഡിഎഫിൽ ഭിന്നത രൂക്ഷം; പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ

Advertisement

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സിപിഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തങ്ങളുടെ ആവശ്യത്തിൽ അനുകൂലമായ ഒരു തീരുമാനമുണ്ടാകാതെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു. പദവി ലഭിച്ചില്ലെങ്കിൽ വിഷമകരമായ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകിയതായാണ് വിവരം. എന്നാൽ ഈ വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഎ.

സിപിഎമ്മിന് 26-ഉം സിപിഐയ്ക്ക് 8-ഉം ആർജെഡിക്ക് ഒന്നും ഉൾപ്പെടെ ആകെ 35 എംഎൽഎമാരാണ് നിലവിൽ എൽഡിഎഫ് പ്രതിപക്ഷ നിരയിലുള്ളത്. സമീപകാലത്തെ ഏറ്റവും ശുഷ്കമായ ഈ പ്രതിപക്ഷ നിരയിൽ തങ്ങൾക്ക് അർഹമായ മാന്യമായൊരു പദവി വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഇതിന്റെ ഭാഗമായി കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യ യോഗം മുതൽ സിപിഐ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിൽ സിപിഎം നേതാവ് കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമനായി സഭയിൽ പ്രവർത്തിക്കുന്നത്. നിയമസഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് മുൻകൂട്ടി ചർച്ച ചെയ്തിരുന്നില്ലെന്ന ആക്ഷേപം അവർക്കുണ്ട്.

മുന്നണിക്കുള്ളിൽ ഉന്നയിക്കേണ്ട ഈ പദവി പ്രശ്നം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. അതിനുശേഷം സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായിട്ടുമില്ല. ഇതിനിടയിലാണ് നന്ദിപ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി പാർലമെന്ററി പാർട്ടി യോഗം ചേരണമെങ്കിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സിപിഐ കടുംപിടിത്തം പിടിക്കുന്നത്. നേരത്തെ പി.എം ശ്രീ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ സിപിഐ എടുത്ത നിലപാടുകൾ വിവാദമായിരുന്നു. അന്നുമുതൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇത്തരം ഉപാധികളൊന്നും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here