26.7 C
Kollam
Friday 4th September, 2026 | 12:27:32 AM
Home News Breaking News എവിടെയായാലും ഏകാധിപതികള്‍ തകരും,എന്‍എസ്എസ് നേതൃത്വത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍

എവിടെയായാലും ഏകാധിപതികള്‍ തകരും,എന്‍എസ്എസ് നേതൃത്വത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും’ എന്നും ഉപമയായി ഗണേഷ് പറഞ്ഞു. എന്‍എസ്എസ് ഭരണഘടന താന്‍ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കണം. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.