കൊല്ലം.പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരമല്ല ,സിപിഐ ആണെന്ന് സി പി എം കൊല്ലം ജില്ലാ നേതൃയോഗം.സിപിഐ ദുർബലമായതും വിഭാഗീയത ശക്തമായതുമാണ് പരാജയത്തിൻ്റെ കാരണമായെന്നും സി പി ഐ എം വിലയിരുത്തൽ.അതേസമയം
തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ഇടതുമുന്നണി യോഗം ചേർന്നിട്ടില്ല.
കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിൻ്റെ കാരണം സിപിഐ ആണെന്നാണ് സിപിഐ എമ്മിൻ്റെ പുതിയ കണ്ടെത്തൽ. 9 നിയമസഭ മണ്ഡലങ്ങളിലെയും തോൽവിക്ക് പ്രധാന കാരണം സിപിഐ മാത്രമാണ്. സിപിഐ ജില്ലയിൽ ദുർബലമായി പോയതും, സിപിഐയ്ക്ക് ഉള്ളിൽ വിഭാഗീയത ശക്തമായതും, എല്ലാം പരാജയത്തിൻ്റെ കാരണങ്ങളായി സി പി ഐ എം നിരീക്ഷിക്കുന്നു. കുണ്ടറയിലും, ചടയമംഗലത്തെയും തോൽവിയ്ക്ക് കാരണമായതും സിപിഐയിലെ നേതാക്കളുടെ പ്രശ്‌നങ്ങളാണെന്നും സിപിഐഎം വിലയിരുത്തുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ ജില്ലയിലെ ഇടതുമുന്നണിയ്ക്ക് ഏറ്റ തോൽവിയ്ക്ക് പ്രധാന കാരണക്കാർ സിപിഐ മാത്രമെന്ന് വിശദീകരിക്കുകയാണ് സിപിഐ എം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐഎം ജില്ലാ നേതൃത്വം യോഗത്തിലാണ് ഈ വിചിത്ര വിലയിരുത്തലെന്നതാണ് ഏറെ ശ്രദ്ധേയം. കുന്നത്തൂരും, ചവറയിലും , കരുനാഗപ്പള്ളിയിലും ചില സംഘടനപരമായ പോരായ്മകൾ തങ്ങൾക്ക് ഉണ്ടായെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ ഉള്ളത്.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിലും കൊല്ലത്തെ സിപിഐയ്ക്ക് വിമർശനമുണ്ട്. മുന്നണി ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയെന്ന് സി പി ഐ എം നേതൃയോഗത്തിൽ നിർദ്ദേശം ഉയർന്നു. പക്ഷേ ജില്ലയിൽ ഇടതുമുന്നണി യോഗം കൊല്ലത്ത് ചേർന്നത് തെരഞ്ഞെടുപ്പിന് മുൻപ് മാത്രമാണെന്ന് സി പി ഐ നേതാക്കൾ ഓർമ്മപ്പെടുത്തുന്നു. സിപിഐഎം വിമർശനങ്ങളിൽ സിപിഐയുടെ പ്രതികരണം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

































