25.3 C
Kollam
Tuesday 25th August, 2026 | 07:33:55 AM
Home News Breaking News ലോകകപ്പ് ഫുട്ബാൾ : ഫ്രാൻസ് സെമിയിൽ, മൊറോക്കോയെ തോല്പിച്ചത് രണ്ട് ഗോളുകൾക്ക്

ലോകകപ്പ് ഫുട്ബാൾ : ഫ്രാൻസ് സെമിയിൽ, മൊറോക്കോയെ തോല്പിച്ചത് രണ്ട് ഗോളുകൾക്ക്

ലൊസ്‌ ആഞ്ചലസ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്. ക്വാർട്ടറിൽ മൊറോക്കോയെ രണ്ട് ഗോളിന് കീഴടക്കിയാണ് നിലവിലെ റണ്ണറപ്പുകളുടെ മുന്നേറ്റം.ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബെലെയും ലക്ഷ്യം കണ്ടു. മെസ്സിക്കൊപ്പം എം ബാപ്പെയും എട്ട് ഗോളുകൾ സ്വന്തമാക്കിയതോടെ ഇരുവരും ഗോൾഡൻ ബൂട്ട് യോഗ്യതയിൽ തുല്യരായി.

60-ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുന്‍പേ, 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രാന്‍സിന്റെ നിരവധി അപകടകരമായ നീക്കങ്ങളെ അസാമാന്യമായ സേവുകളിലൂടെ അദ്ദേഹം വിഫലമാക്കി. എങ്കിലും, ഫ്രഞ്ച് താരങ്ങളുടെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ക്ക് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം അടിയറവ് പറയുകയായിരുന്നു.

ഈ വിജയത്തോടെ ചരിത്രനേട്ടമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഫ്രഞ്ച് ടീമായി ഡിദിയര്‍ ദെഷാംപിന്റെ പട മാറി. വിജയാഹ്ലാദത്തിനിടയിലും ഫ്രഞ്ച് ക്യാമ്പിന് ചെറിയൊരു ആശങ്കയുണ്ട്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പരുക്കേറ്റത് ആരാധകര്‍ക്കും ടീമിനും ആശങ്കയായിട്ടുണ്ട്.

രണ്ടാം ക്വാർട്ടറിൽ ഇന്ന് രാത്രി 12.30ന്‌ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന്‌ ഇംഗ്ലണ്ട്‌ നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന്‌ സ്വിറ്റ്‌സർലൻഡുമായി ഏറ്റുമുട്ടും.

​​