ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എവിടെത്തിരിഞ്ഞാലും ‘കാവാണേ…’ റീലുകളാണ് താരം. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും ഈ പാട്ട് നിറഞ്ഞുനില്‍ക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഡാകിനിയും കുട്ടൂസനും വരെ ഈ റീലുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ സാധ്യതയാണ് ഇതിനെല്ലാം പിന്നില്‍.
ഈ തരംഗം കേരളത്തിന്റെ അതിരുകള്‍ കടന്ന് ആഗോളതലത്തിലും ശ്രദ്ധനേടിക്കഴിഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരു മലയാളം പാട്ടിന് ചുവടുവെച്ചാല്‍ എങ്ങനെയിരിക്കും? എഐ ഉപയോഗിച്ച് അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിരാട് കോഹ്ലിയും ധോണിയും, എര്‍ലിന്‍ ഹാലണ്ടും വിനീഷ്യസ് ജൂനിയറും ഒക്കെ ഒരേ റീലില്‍ എത്തുന്നതും സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നു. എല്ലാം ഒത്തുകളിയാണോ എന്ന രസകരമായ ചര്‍ച്ചകളും ഈ എഐ റീലുകളുടെ കമന്റിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏതാണ് ഏറ്റവും മികച്ച റീല്‍ എന്നതിനെച്ചൊല്ലി ആരാധകര്‍ തമ്മില്‍ കമന്റ് ബോക്‌സുകളില്‍ പോരടിക്കുന്നതും പതിവാണ്.
ട്രെന്‍ഡ് തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ‘കാവാണേ’ ഒട്ടും മങ്ങാതെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി തുടരുകയാണ്. നാടന്‍പാട്ട് ശൈലിയിലുള്ള ‘കരിനീലി’ എന്ന ആല്‍ബത്തിലെ വരികളുപയോഗിച്ച് മുഹമ്മദ് ആസിഫ്, വിഗ്‌നേഷ് എന്നിവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഈ ട്രെന്‍ഡ് വൈറലായത്. അതിനുശേഷം നിരവധി എഐ വേര്‍ഷനുകള്‍ പുറത്തിറങ്ങി. സേതു ചന്ദ്രന്റെ വരികള്‍ക്ക് വിനീഷ് കല്ലേറ്റുംകരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിവേക് നെല്ലായിയും വിനോദ് നെല്ലായിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്തരായ താരങ്ങള്‍ പോലും എഐ റീലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ പാട്ട് തിരയാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മത്സരിക്കുകയാണ്.




























