Home News Breaking News കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം, ഇരയെയും പ്രതിയെയും കുറിച്ച് ഒരു സൂചനയുമില്ല; തുമ്പ് കിട്ടിയത് ഒരു പപ്പട...

കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം, ഇരയെയും പ്രതിയെയും കുറിച്ച് ഒരു സൂചനയുമില്ല; തുമ്പ് കിട്ടിയത് ഒരു പപ്പട പായ്ക്കറ്റിൽ നിന്ന്

വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും വ്യക്തമാകാതിരുന്ന ദുരൂഹമായൊരു കൊലപാതക കേസിന്‍റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവ സ്ഥലത്തു നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാ പ്രദേശിലെ അനന്തപൂരിൽ ആണ് അതിവിദഗ്ധമായി ഒരു കൊലപാതക കേസ് പൊലീസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിയ നിലയിലായിരുന്നതിനാൽ പ്രതികളെ കണ്ടെത്തുക എന്നത് തുടക്കത്തിൽ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

Also Read: ഒന്നര മണിക്കൂർ മുൻപ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി

കഴിഞ്ഞ ജൂൺ 23-നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികളോ വ്യക്തമായ മറ്റ് തെളിവുകളോ ഇല്ലാതിരുന്ന ഈ കേസ് തെളിയിക്കാനായി ഫോറൻസിക്, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. എസ്‌പി പി ജഗദീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പായ്ക്കറ്റ് എന്നിവ കണ്ടെത്തി. ഈ പപ്പട പായ്ക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

പപ്പടത്തിന്‍റെ നിർമ്മാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പൊലീസ്, വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് കണ്ടെത്തി. അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു. തുടർന്ന് ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് രണ്ടാമത്തെ പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബല്ലാരി സ്വദേശികളായ ബസവരാജു (31), കൊട്രേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.

പപ്പട കച്ചവടത്തിലൂടെ ഗുരുരാജു റാവു വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പ്രതികൾ ഇയാളെ ലക്ഷ്യമിട്ടതെന്ന് അനന്തപൂർ ജില്ലാ എസ്‌പി പി ജഗദീഷ് വ്യക്തമാക്കി. ഗുരുരാജുവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തുടർന്ന് ബൈക്കും മൊബൈൽ ഫോണും എടിഎം കാർഡുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികളായ ബസവരാജുവും കൊട്രേഷും സംസാരിക്കാനും കേൾക്കാനും കഴിയാത്തവരായതിനാൽ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here