24.9 C
Kollam
Wednesday 26th August, 2026 | 05:23:09 AM
Home News Breaking News ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീൽഡർ  ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീൽഡർ  ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഹന്നാസ്ബര്‍ഗ്: 2026 ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച മിഡ്ഫീല്‍ഡര്‍ ജയ്ഡന്‍ ആഡംസ് (25) അന്തരിച്ചു.

ലോകകപ്പില്‍ രാജ്യത്തിനായി കളിച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആഡംസ് പങ്കെടുത്തിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ചെക്കിയയ്‌ക്കെതിരായ സമനില മത്സരത്തിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടിയ താരം, ദക്ഷിണകൊറിയയ്‌ക്കെതിരായ വിജയത്തില്‍ പകരക്കാരനായും കളത്തിലിറങ്ങി. കാനഡയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

താരത്തിന്റെ മരണത്തില്‍ ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി ഗെയ്ടണ്‍ മക്കെന്‍സി അനുശോചനം രേഖപ്പെടുത്തി. ‘ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന് അതിന്റെ ഏറ്റവും മികച്ച യുവ പ്രതിഭകളിലൊരാളെയാണ് നഷ്ടമായത്. കുടുംബത്തിന്റെയും സഹതാരങ്ങളുടെയും കോടിക്കണക്കിന് ആരാധകരുടെയും ദുഃഖത്തില്‍ രാജ്യം പങ്കുചേരുന്നു,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി. ‘ലോകകപ്പില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ അഭിമാനത്തോടെയും ധൈര്യത്തോടെയും ഏറ്റെടുത്ത താരമായിരുന്നു ജയ്ഡന്‍ ആഡംസ്. അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബത്തിനും ക്ലബുകള്‍ക്കും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനും തീരാനഷ്ടമാണ്,’ സംഘടന അറിയിച്ചു.