തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നൽകി എം.വി. ഗോവിന്ദൻ. ഈ പദവിയിൽ മുൻകാല കീഴ്‌വഴക്കങ്ങളുണ്ടെന്നുംപണ്ട് സിപിഐഎം കൈകാര്യം ചെയ്തിരുന്ന പദവിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുമായി നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ സിപിഐഎം ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ജില്ലാ-ഏരിയ തലങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ഇന്ധന നികുതി കുറയ്ക്കണമെന്ന് മുൻപ് ആവശ്യപ്പെട്ട വി.ഡി. സതീശൻ ഇപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും, നിലവിലെ സർക്കാരിന്റെ കാലത്ത് ഇന്ധനവില നാല് തവണ വർദ്ധിപ്പിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.


































