26.4 C
Kollam
Saturday 13th June, 2026 | 02:41:32 AM
Home News Breaking News താമരശ്ശേരി ചുരത്തില്‍ വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

താമരശ്ശേരി ചുരത്തില്‍ വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

Advertisement

കോഴിക്കോട്: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ചുരത്തിലെ ഗതാഗത നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ സി കെ കാസിം എംഎല്‍എ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

രണ്ട് ആക്സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്‌നര്‍ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. യാത്രാ ദുരിതം ഒഴിവാക്കാന്‍ അവശ്യ സര്‍വീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്‌സികള്‍ തുടങ്ങിയ ചെറിയ മോട്ടോര്‍ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങള്‍, സായുധ സേനകള്‍, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങള്‍, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

Advertisement