കണ്ണൂർ: പി.പി ദിവ്യക്കെതിരായ അഴിമതി അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ പിടിച്ചെടുത്തു. ‘കാർട്ടൺ ഇന്ത്യ അലയൻസ് ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ രേഖകളും കരാറുകളുമാണ് പോലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
കാർട്ടൺ ഇന്ത്യക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ വൻ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ 12 കോടി രൂപയുടെ പദ്ധതികളാണ് കാർട്ടൺ ഇന്ത്യക്ക് നൽകിയതെന്നും, ഇതിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടന്നെന്നുമാണ് പ്രധാന ആരോപണം.
പൊതുമേഖലാ സ്ഥാപനമായ ‘സിൽക്കി’നാണ് ജില്ലാ പഞ്ചായത്ത് ആദ്യ ഘട്ടത്തിൽ പദ്ധതി നിർവഹണത്തിന്റെ ചുമതല കൈമാറിയത്. എന്നാൽ, സിൽക്ക് മുഖേന കാർട്ടൺ ഇന്ത്യ കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. ഔദ്യോഗിക ചട്ടങ്ങൾ മറികടന്ന് സ്വകാര്യ കമ്പനിക്ക് വഴിവിട്ട് ഉപകരാർ നൽകിയതിലെ ദുരൂഹതകളും വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.
അതിനിടെ, കാസർകോട് ജില്ലാ പഞ്ചായത്തിന് കീഴിൽ 22 സ്കൂളുകളിൽ കാർട്ടൺ ഇന്ത്യ നടപ്പാക്കിയ പദ്ധതികളിലും സമാനമായ ക്രമക്കേടുകൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് പണം നൽകിയെന്ന് കമ്പനി എം.ഡി വ്യക്തമാക്കുന്ന ഒരു ശബ്ദരേഖയും പുറത്തുവന്നു.




























