Home Blog Page 795

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി

തിരുവനന്തപുരം.കണ്ണൂർ അഞ്ചരകണ്ടി കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന് തറക്കല്ലിട്ടു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പൊതുയോഗത്തിൽ പറഞ്ഞു..

ഡോക്ടറാവുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായാണ് നിധിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുന്നത്. എന്നാൽ ആ സ്വപ്നങ്ങൾക്ക് ചിറക് വന്നപ്പോൾ അത് കാണാൻ നിധിനില്ല. നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി സിപിഎം പുതിയ വീട് പണിയുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് കൈത്താങായി സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു..

ശിലാ സ്ഥാപനത്തിനുശേഷം നടന്ന പൊതുയോഗത്തിൽ സിപിഐഎം കുടുംബത്തോടൊപ്പം ആണെന്നും റാമിനെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും എം വി ഗോവിന്ദൻ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു..

1118 സ്ക്വയർ ഫീറ്റുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. വിളപ്പിൽ, വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രം ഫണ്ട് പിരിവ് നടത്തിയാണ് വീട് നിർമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുയോഗത്തിൽ നിതിൻ രാജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്, മുജ്തബ ഖമനെയി

ടെഹ്റാന്‍.അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്ന സന്ദേശവുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഖമനെയിയുടെ സന്ദേശത്തിൽ പറയുന്നു. അമേരിക്ക ഇറാനിലേക്കുള്ള കടൽ മാർഗങ്ങൾ ഉപരോധിച്ചപ്പോൾ ആറ് റോഡുകൾ തുറന്നു നൽകുകയാണ് പാകിസ്താൻ. പാകിസ്താൻ വഴി റോഡ് മാർഗം ഇറാനിലേക്ക് ചരക്കെത്തിക്കാനാണ് നീക്കം

കീഴടങ്ങാനില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതാണ് മുജ്തബ ഖമനെയി പുറത്തിറക്കിയിരിക്കുന്ന സന്ദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ നിയന്ത്രണത്തിലാക്കിയതു വഴി പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. രണ്ടുമാസത്തെ വലിയ സന്നാഹങ്ങളൊരുക്കിയുള്ള യുദ്ധത്തിനു ശേഷം അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ്. അമേരിക്ക ഇല്ലാത്ത ഭാവിയാണ് ഇനി ഗൾഫിന്. 1622ൽ പോർച്ചുഗീസ് സൈന്യത്തെ പുറത്താക്കിയതുപോലെ അമേരിക്ക ഗൾഫിൽ നിന്ന് പുറത്തുപോകും. സുരക്ഷ തേടി അമേരിക്കയ്ക്ക് സ്ഥലംനൽകിയ ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോൾ സത്യം മനസ്സിലായി. ഇപ്പോഴവർ അരക്ഷിതാവസ്ഥയെ കുറ്റപ്പെടുത്തുകയാണ്. ഗൾഫിലെ അമേരിക്കയുടെ സാന്നിധ്യമാണ് ഏറ്റവും വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്നും മുജ്തബ ഖമനെയി സന്ദേശത്തിൽ പറഞ്ഞു. ദേശീയ പേർഷ്യൻ ഗൾഫ് ദിനം പ്രമാണിച്ചുള്ള സന്ദേശമാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടത്.

ഇറാൻ തുറമുഖങ്ങൾ അമേരിക്ക ഉപരോധിക്കുന്നതിനു ബദലായി പാകിസ്താൻ റോഡ്മാർഗമുള്ള ഗതാഗതം തുറന്നു കൊടുത്തു. മറ്റു രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്കുള്ള കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ആറ് റോഡുകളാണ് പാകിസ്താൻ തുറന്നിരിക്കുന്നത്. ഏതു രാജ്യത്തുനിന്നും ചരക്കുകൾ കറാച്ചി തുറമുഖത്ത് എത്തിച്ച് റോഡ്മാർഗം ഇറാനിൽ എത്തിക്കാനുള്ള സൌകര്യമാണ് ഒരുക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള പരിഷ്കരിച്ച നിർദേശങ്ങൾ ഇറാൻ വെള്ളിയാഴ്ചയോടെ പാകിസ്താൻ വഴി അമേരിക്കയ്ക്കു കൈമാറുമെന്നാണ് വിവരം. നേരത്തെ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു. ബാരലിന് 121 ആയി ഉയർന്ന എണ്ണവില ഇന്ന് വ്യാപാരം തുടങ്ങിയതോടെ 114ലേക്കു താഴ്ന്നു.

ദേശീയപാത നിർമ്മാണത്തിൻ്റെ പേരിൽ ജയിലിന്റെ മതിൽ പോലെ റോഡ് പണി,നടക്കുന്നത് അഴിമതി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

ആലപ്പുഴ.ദേശീയപാത നിർമ്മാണത്തിൽ അഴിമതി എന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത പണിയുന്നത് എൻജിനീയർമാർ പഠിച്ചതൊക്കെ ജോലിക്ക് കയറുമ്പോൾ മറക്കും എന്നും ജി സുധാകരൻ വിമർശിച്ചു

ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത നിർമ്മിക്കുന്നത്.ജോലിക്ക് കയറി കഴിയുമ്പോൾ എൻജിനീയർമാർ പഠിച്ചതൊക്കെ മറക്കുന്ന സ്ഥിതിയാണ് ഉള്ളത്.പാലങ്ങളും റോഡുകളും മര്യാദയ്ക്ക് ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നില്ല.ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള 75 സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ ദേശീയപാത അതോറിറ്റി എന്നും ജി സുധാകരൻ വിമർശിച്ചു

ദേശീയപാത നിർമ്മാണം നടക്കുന്ന അരൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗങ്ങളിൽ ഹൈവേ പോലീസിനെ കാണാൻ പോലും ഇല്ല.പോലീസ് പെട്രോളിങ്ങും ഇപ്പോൾ രാത്രികാലങ്ങളിൽ നടക്കുന്നില്ല.എങ്ങനെയൊക്കെയാണ് വാഹനങ്ങൾ കയറി വരുന്നതെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയാണ്.ദേശീയപാത നിർമ്മാണത്തിൻ്റെ പേരിൽ ജയിലിന്റെ മതിൽ പോലെയാണ് റോഡ് പണിയുന്നതെന്നും നിർമ്മാണത്തിൽ അഴിമതി ഉണ്ട് എന്നും ജി സുധാകരൻ പറഞ്ഞു

പെരുമ്പളം പാലം 2016 അന്നത്തെ സർക്കാരിന്റെ കാലത്ത് നൂറു കോടി രൂപ അനുവദിച്ച നിർമ്മാണം തുടങ്ങിയതാണെന്ന് പറയാത്തത് ചരിത്രത്തോടുള്ള നിഷേധമാണ്.നിലവിലെ എംഎൽഎയും അന്നത്തെ എംപിയും അവരുടെ കാലത്താണ് പാലം തുടങ്ങിയതെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.പഴയതിനും മറയിടുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം എന്നും സുധാകരൻ വിമർശിച്ചു.

ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചു,റാന്നി തീയാടിക്കലില്‍ 40 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട. റാന്നി തീയാടിക്കലില്‍ ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ 40 പേര്‍ക്കെതിരെ കേസ്. നാരങ്ങനാനം സ്വദേശി ചെറിയാന്‍ ജോസഫിനെയാണ് മര്‍ദിച്ചത്. കാറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി കാറിനുള്ളില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ആളെ കണ്ടെത്തി മൊഴി എടുത്തശേഷം കേസ് എടുത്തത്.

ദളിത് സംഘടനകൾ കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിലാണ് ഒന്നിന് പിറക്കെ ഒന്നായി പത്തനംതിട്ട ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപെട്ടായിരുന്നു ഹർത്താൽ. റാന്നി തീയാടിക്കലില്‍
വെച്ചാന്നു ഭിന്നശേഷിക്കാരനായ വ്യക്തിയെ ഹത്താൽ അനുകൂലികൾ മർദിച്ചത്. നാരങ്ങനാനം സ്വദേശി ചെറിയാന്‍ ജോസഫിനാണ് മര്‍ദനമേറ്റത്.

മർദ്ദനശേഷം കാറിൽ നിന്ന് പുറത്തേക്ക് വലിച്ചഴച്ചു അസഭ്യം പറഞ്ഞു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. ചെറിയന്റെ മൊഴി രേഖപെടുത്തിയ ശേഷമാണ് കേസ് എടുത്തത്.
കണ്ടാൽ തിരിച്ചറിയാവുന്ന 40 പേർക്ക് എതിരെയാണ് കേസ്. ഹർത്താൽ ദിനത്തിൽ തിരുവല്ലയിൽ ആംബുലൻസ് തടഞ്ഞ ദളിത് നേതാവ് അജിമോന്റെ അറസ്റ്റ് രേഖപെടുത്തി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അടൂർ ksrtc ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ കണ്ടാൽ തിരിച്ചറിയുന്ന 50 പേർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് പിടിയില്‍

തൃശ്ശൂർ .ആനക്കല്ലിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് പിടിയില്‍. അവണിശ്ശേരി സ്വദേശി ഉണ്ണിമായ ആണ് കൊല്ലപ്പെട്ടത്.. ഭർത്താവ് ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു


രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം..ഒല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് കൊല്ലപ്പട്ട ഉണ്ണിമായ. ജോലിക്ക് പോകുവാനായുള്ള തയ്യാറെടുപ്പിനിടെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലേക്ക് പോയ സമയത്താണ് കൊലപാതകം.
ഭാര്യയെ കൊന്നുവെന്ന് ശിവപ്രസാദ് തന്നെയാണ് അമ്മയോട് പറഞ്ഞത്.
അമ്മയുടെ നിലവിളി കേട്ടത്തിയവരെ ആദ്യം ശിവപ്രസാദ് തടഞ്ഞു. ഇയാൾ വീട്ടിൽനിന്നിറങ്ങിയ ശേഷമാണ് നാട്ടുകാർ ഉള്ളിൽ പ്രവേശിച്ച് ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പിന്നാലെ അയ്യന്തോളിലെ വക്കീൽ ഓഫീസിൽ വെച്ചാണ് ശിവപ്രസാദിനെ പോലീസ് പിടികൂടിയത്.


അഞ്ചുവർഷം മുൻപാണ് ശിവപ്രസാദും ഉണ്ണിമായയും പ്രണയിച്ച് വിവാഹം ചെയ്തത്.
ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും മുൻപ് പലതവണ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് ഉണ്ണിമായ മടങ്ങി പോയിട്ടുണ്ടെന്നുo നാട്ടുകാർ പറഞ്ഞു.
നാളെ അവനിശ്ശേരിയിലെ വീട്ടിൽ വച്ചാകും ഉണ്ണിമായയുടെ സംസ്കാരം നടക്കുക.

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്

കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന് കെഎസ്ആര്‍ടിസി 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്.

അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളജില്‍ ഫാര്‍മസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുതക്കാലില്‍ അസ്ലമിന്റെ ഇടതുകൈ ചേര്‍ത്ത് ഉരയുകയും കൈമുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല.

അപകടത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ മുഖേന വയനാട് എം എ സി ടി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാര തുക ഹര്‍ജിക്കാരന് നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതിയുടെ വിധി.

തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി…. കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് ആശുപത്രി വിട്ടു. ഇന്ന് 4.30നാണ് അനോഷ് ആശുപത്രി വിട്ടത്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ നിരവധി പേരാണ് അനോഷിനെ യാത്രയാക്കാന്‍ എത്തിയത്. തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസ തടസ്സങ്ങളും ഭേദമായി. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പാടുണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റുള്ള വയറുവേദന പ്രധാന ലക്ഷണമാണ്. ചൂട് കാലമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. വയറു വേദനയെന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിന്റെ പ്രശ്‌നമാണെന്ന് ആദ്യം കരുതി. മുഖത്തൊക്കെ നീരുണ്ടായിരുന്നു. ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണെയെന്ന പ്രാര്‍ഥനയായിരുന്നു. എല്ലാ ഡോക്ടര്‍മാരോടും നന്ദി പറയുന്നു. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ 19നാണ് അനോഷിനും ആന്‍ജോക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരന്‍ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാരില്‍ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരന്‍ അനോഷ് മാത്രമാണ്. ആല്‍ജോയുടെ വേര്‍പാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും ചേട്ടന്‍ അനോഷിനെയും ശങ്കുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍നിന്നും ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്റെ സാന്നിധ്യമെന്ന് വനംവകുപ്പിന്റെ നിഗമനം.

ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏപ്രില്‍ 30 മുതലാണ് യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ കൂടാതെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്നും ഗള്‍ഫ് മേഖലയിലേക്ക് ഇപ്പോള്‍ നേരിട്ടുള്ള വിമാനങ്ങളുണ്ട്.

ദുബായ്, അബുദാബി, ഷാര്‍ജ, മസ്‌ക്കറ്റ്, റിയാദ്, ദോഹ, കുവൈറ്റ് തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം സര്‍വീസ് തുടങ്ങിയത് അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

ആഗോളതലത്തില്‍ നിലനിന്നിരുന്ന ചില നിയന്ത്രണങ്ങള്‍ക്കും സാങ്കേതിക തടസ്സങ്ങള്‍ക്കും ശേഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നും അതിനാല്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന 20,000-ഓളം പേര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏല്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു. ഹര്‍ജി നല്‍കിയവര്‍ക്കൊക്കെ അവരുടെ വീഴ്ചകള്‍ കാരണമാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്. ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ല, മറ്റൊരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
പോസ്റ്റല്‍ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും ആ സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത്. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാന്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കേ അവകാശമുള്ളൂവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ലോറി മറിഞ്ഞു;എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു

മിത്രപുരം: എം.സി.റോഡിൽ മിത്രപുരം ജങ്ഷന് സമീപം ലോറി നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


മിത്രപുരം ഭാഗത്തു നിന്നും പൊള്ളാച്ചിയിലേക്ക് വിറക് വേസ്റ്റുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് വ്യാഴാഴ്ച 3.30-ന് നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് അടൂർ അഗ്നി രക്ഷാ സേന, പോലീസ്,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ക്രെയിനിൻ്റെ സഹായത്തോടെ ലോറി റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.