വേനല്‍ മഴ ശക്തമാകുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്. സംസ്ഥാനത്ത് ഇക്കുറി 44% വേനൽ മഴയുടെ കുറവ് രേഖപ്പെടുത്തി.
കടുത്ത വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളില്‍ ആണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.തുടര്‍ച്ചയായ ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്ന പാലക്കാട് ചൂടിന് നിലവില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.വരും ദിവസങ്ങളില്‍ മഴ ലഭിക്കുന്നതോടെ ചൂട് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത് ലഭിച്ച വേനൽ മഴയുടെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ലഭിക്കേണ്ടിയിരുന്നത് 140 mm മഴയാണ് എന്നാൽ രണ്ട് മാസത്തിനിടെ ലഭിച്ചത് 78.4 mm മാത്രം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചത് 192mm ഉം. ഇത്തവണ പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ പാലക്കാട് ആണ്.



































