യവത്മാൽ: മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച അഹല്യാനഗർ ജില്ലയിലെ ലോണി പ്രദേശത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ദർവാ പ്രദേശത്ത് കവിഞ്ഞൊഴുകിയ പുഴയിലെ വെള്ളത്തിന്റെ ആഴവും ഒഴുക്കിന്റെ ശക്തിയും കൃത്യമായി കണക്കാക്കാൻ കഴിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്.
വാഹനം വെള്ളത്തിൽ ഒഴുകിപ്പോകുമ്പോൾ അവിനാഷ് ഖണ്ഡാരെ എന്നയാൾ മരത്തിൽ പിടിച്ചുകയറി രക്ഷപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ മാധവിയും രണ്ട് പെൺമക്കളും കാറിനുള്ളിൽ കിടന്ന് കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രാത്രി മുഴുവൻ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൂന്ന് മൃതദേഹങ്ങളും കാറും കണ്ടെടുത്തത്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് മഴക്കെടുതികളിൽപ്പെട്ട് ഒറ്റദിവസം കൊണ്ട് 13 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

































