Home News Kerala “പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ വിജിലൻസ്, ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ്...

“പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ വിജിലൻസ്, ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ്റ് പിടിയിൽ

തിരുവനന്തപുരം. വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ വസ്തു തരംമാറ്റി കിട്ടുന്നതിനുള്ള അപേക്ഷയിൽ വേഗത്തിലാക്കുന്നതിന് 5,000/- രൂപ കൈക്കൂലി നടപടി വാങ്ങിയ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശിയുമായ അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് കൈയ്യോടെ പിടികൂടി.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ മുട്ടത്തറ വില്ലേജിലുള്ള 3 സെൻ്റ് സ്ഥലത്ത് പുതുതായി വീട് നിർമ്മിക്കുന്ന ആവശ്യത്തിലേയ്ക്ക് വില്ലേജ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിരുന്ന വസ്തു തരംമാറ്റി ലഭിക്കേണ്ടതായി വന്നതിനെ തുടർന്ന് പരാതിക്കാരൻ ഓൺ ലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷയുടെ ഓൺ ലൈൻ സ്റ്റാറ്റസ് പരിശോധിച്ചതിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ പെൻഡിംഗിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ 25.07.2026 തീയതി വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് അസിസ്റ്റന്റ്റ് അസറുദ്ദീനെ കാണുകയും മറ്റൊരു ദിവസം വരാൻ പറഞ്ഞ് പരാതിക്കാരനെ തിരികെ അയക്കുകയും ചെയ്തു.

തുടർന്ന് നിർദ്ദേശ പ്രകാരം ഇന്നലെ (30.07.2026) വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനൊപ്പം അസറുദ്ദീൻ സ്ഥലം സന്ദർശിക്കുകയും തരംമാറ്റത്തിന് കാലതാമസം ഉണ്ടാകുമെന്നും കാര്യങ്ങൾ വേഗത്തിൽ നടക്കണമെങ്കിൽ 5,000/- രൂപ കൈക്കൂലി നൽകണമെന്നും പറഞ്ഞ് തിരികെ പോയി. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം, ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (31.07.2026) വൈകുന്നേരം 05.10 മണിയ്ക്ക് മുട്ടത്തറ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/-രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട് സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here