26.5 C
Kollam
Wednesday 16th September, 2026 | 10:07:37 AM
Home News Breaking News മാധ്യമ പ്രവർത്തകൻ‌         കെ എം ബഷീർ കാറിടിച്ച് മരിച്ച കേസ് :വിചാരണ തുടങ്ങി; പ്രതിക്കൂട്ടിൽ നിർവികാരനായി...

മാധ്യമ പ്രവർത്തകൻ‌         കെ എം ബഷീർ കാറിടിച്ച് മരിച്ച കേസ് :വിചാരണ തുടങ്ങി; പ്രതിക്കൂട്ടിൽ നിർവികാരനായി ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തുടങ്ങി. പ്രതി ശ്രീറാം ഹാജരായി. എന്നാൽ പ്രതിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഹാജരായില്ല. അഡീഷണൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ആരംഭിക്കേണ്ടിയിരുന്ന കേസ് പ്രതിഭാഗം അഭിഭാഷകനായ കെ രാമൻപിള്ളക്ക് മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് തടസ്സ ഹർജി നൽകിയിരുന്നു.

ഇത് പരിഗണിച്ച് കോടതിമാറ്റം അനുവദിക്കുകയും 2025 ജനുവരി 29ന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറുകയുമായിരുന്നു. എന്നാൽ ഇന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹാജരായിരുന്നില്ല. ആദ്യ ദിനമായ ഇന്ന് സിറാജ് ഡയറക്ടർ എ സൈയ്ഫുദീൻ ഹാജിയെ വിസ്തരിച്ചു.

പ്രതിഭാഗം സമയം തേടിയതിനാൽ ക്രോസ് വിസ്താരം തിങ്കളാഴ്ചത്തേക്ക് മാറ്റി. ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്തും കാറുടമയുമായ വഫ ഫിറോസിനെ ഒപ്പമിരുത്തി അമിത വേഗതയിൽ കാർ ഓടിച്ച് വന്ന് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നും ഇടിയുടെ ആഘാതം ഇപ്പോഴും പബ്ലിക് ഓഫീസിന് മുൻവശം രാജഭരണ കാലത്ത് സ്ഥാപിച്ച വിളക്കുകല്ലിലും സമീപത്തെ വൻമരത്തിലുമുണ്ടെന്ന് സാക്ഷി മൊഴി നൽകി. ഇതെല്ലാം പറയുമ്പോഴും സമീപത്തെ പ്രതിക്കൂട്ടിൽ നിർവികാരനായാണ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ നിന്നത്. വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ സുധാകാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നൽകി. അപകടത്തിൽ ബഷീറിന്റെ ഹോണ്ട ബൈക്ക് പൂർണമായും തകർന്നെന്നും തുടർന്ന് ബഷീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചതായും സാക്ഷി മൊഴി നൽകി. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും പ്രോസിക്യൂഷൻ ഭാഗം ഒന്നാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു. കേസിലെ രണ്ടാം സാക്ഷിയും ദൃക്‌സാക്ഷിയുമായയാൾ വിദേശത്തായതിനാൽ ഹാജരായില്ല. തിങ്കളാഴ്ചയും സാക്ഷി വിസ്താരം തുടരും.