തിരുവനന്തപുരം: നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. സെപ്തംബര്‍ 13ന് തിരുവനന്തപുരം കോവളത്തെ താജില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധിയാളുകളാണ് ആശംസകളുമായെത്തിയത്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ സെപ്തംബര്‍ 12ന് ആരംഭിച്ചിരുന്നു. വലിയ ആഡംബരങ്ങളിലേക്ക് പോകാതെ കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും ഒത്തുചേര്‍ന്ന ആഘോഷമായാണ് ചടങ്ങുകള്‍ നടന്നത്. അഹാനയുടെ സഹോദരിമാരും കുടുംബാംഗങ്ങളും വിവാഹച്ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു.
സിനിമയിലൂടെയാണ് അഹാനയും നിമിഷും അടുത്തറിയുന്നത്. അഹാനയുടെ ആദ്യചിത്രമായ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയുടെ ക്യാമറ വിഭാഗത്തില്‍ നിമിഷ് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ‘ലൂക്ക’യില്‍ അഹാന നായികയായപ്പോള്‍ നിമിഷ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങളായി തുടരുന്ന സൗഹൃദമാണ് ഇപ്പോള്‍ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് എത്തിയത്.
‘കുറുപ്പ്’, ‘റോഷാക്ക്’, ‘കിംഗ് ഓഫ് കൊത്ത’, ‘ബസൂക്ക’, ‘ലോക’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ യുവ ഛായാഗ്രാഹകരില്‍ ഒരാളായി നിമിഷ് രവി മാറിയിട്ടുണ്ട്. അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ അഹാന, യാത്രകളും കുടുംബവിശേഷങ്ങളും സിനിമയ്ക്ക് പുറത്തുള്ള ചെറിയ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി ഉണ്ടായിരുന്നെങ്കിലും സ്വകാര്യജീവിതത്തെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും അവര്‍ നടത്തിയിരുന്നില്ല.
വിവാഹത്തിന് പിന്നാലെ സെപ്തംബര്‍ 15ന് തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്‌മണ്യം ഹാളില്‍ സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ പരിചിതര്‍ക്കുമായി വിവാഹസല്‍ക്കാരം ഒരുക്കിയിരുന്നു. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തി.



























