Home News Kerala നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല

Advertisement

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നും അതിനാല്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന 20,000-ഓളം പേര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏല്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു. ഹര്‍ജി നല്‍കിയവര്‍ക്കൊക്കെ അവരുടെ വീഴ്ചകള്‍ കാരണമാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്. ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ല, മറ്റൊരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
പോസ്റ്റല്‍ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും ആ സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത്. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാന്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കേ അവകാശമുള്ളൂവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here