Home News Breaking News അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്, മുജ്തബ ഖമനെയി

അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്, മുജ്തബ ഖമനെയി

Advertisement

ടെഹ്റാന്‍.അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്ന സന്ദേശവുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഖമനെയിയുടെ സന്ദേശത്തിൽ പറയുന്നു. അമേരിക്ക ഇറാനിലേക്കുള്ള കടൽ മാർഗങ്ങൾ ഉപരോധിച്ചപ്പോൾ ആറ് റോഡുകൾ തുറന്നു നൽകുകയാണ് പാകിസ്താൻ. പാകിസ്താൻ വഴി റോഡ് മാർഗം ഇറാനിലേക്ക് ചരക്കെത്തിക്കാനാണ് നീക്കം

കീഴടങ്ങാനില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതാണ് മുജ്തബ ഖമനെയി പുറത്തിറക്കിയിരിക്കുന്ന സന്ദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ നിയന്ത്രണത്തിലാക്കിയതു വഴി പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. രണ്ടുമാസത്തെ വലിയ സന്നാഹങ്ങളൊരുക്കിയുള്ള യുദ്ധത്തിനു ശേഷം അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ്. അമേരിക്ക ഇല്ലാത്ത ഭാവിയാണ് ഇനി ഗൾഫിന്. 1622ൽ പോർച്ചുഗീസ് സൈന്യത്തെ പുറത്താക്കിയതുപോലെ അമേരിക്ക ഗൾഫിൽ നിന്ന് പുറത്തുപോകും. സുരക്ഷ തേടി അമേരിക്കയ്ക്ക് സ്ഥലംനൽകിയ ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോൾ സത്യം മനസ്സിലായി. ഇപ്പോഴവർ അരക്ഷിതാവസ്ഥയെ കുറ്റപ്പെടുത്തുകയാണ്. ഗൾഫിലെ അമേരിക്കയുടെ സാന്നിധ്യമാണ് ഏറ്റവും വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്നും മുജ്തബ ഖമനെയി സന്ദേശത്തിൽ പറഞ്ഞു. ദേശീയ പേർഷ്യൻ ഗൾഫ് ദിനം പ്രമാണിച്ചുള്ള സന്ദേശമാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടത്.

ഇറാൻ തുറമുഖങ്ങൾ അമേരിക്ക ഉപരോധിക്കുന്നതിനു ബദലായി പാകിസ്താൻ റോഡ്മാർഗമുള്ള ഗതാഗതം തുറന്നു കൊടുത്തു. മറ്റു രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്കുള്ള കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ആറ് റോഡുകളാണ് പാകിസ്താൻ തുറന്നിരിക്കുന്നത്. ഏതു രാജ്യത്തുനിന്നും ചരക്കുകൾ കറാച്ചി തുറമുഖത്ത് എത്തിച്ച് റോഡ്മാർഗം ഇറാനിൽ എത്തിക്കാനുള്ള സൌകര്യമാണ് ഒരുക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള പരിഷ്കരിച്ച നിർദേശങ്ങൾ ഇറാൻ വെള്ളിയാഴ്ചയോടെ പാകിസ്താൻ വഴി അമേരിക്കയ്ക്കു കൈമാറുമെന്നാണ് വിവരം. നേരത്തെ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു. ബാരലിന് 121 ആയി ഉയർന്ന എണ്ണവില ഇന്ന് വ്യാപാരം തുടങ്ങിയതോടെ 114ലേക്കു താഴ്ന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here