24.9 C
Kollam
Tuesday 4th August, 2026 | 04:59:52 AM
Home News Breaking News യുദ്ധം തീരും,അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ കരട് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ

യുദ്ധം തീരും,അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ കരട് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ കരട് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിൽ നിർണായക ഘട്ടത്തിലാണെന്നും അന്തിമ കരാറിലെത്തുന്നതിനായുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ ഔദ്യോഗികമായി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഈ ധാരണയെ സ്വാഗതം ചെയ്യുന്നതായും പാകിസ്ഥാൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെട്ടുവരുന്ന ഈ സമാധാന ധാരണകളെ ആട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടി. നയതന്ത്ര നീക്കങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കേന്ദ്രങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം വ്യാജ വാർത്തകളെ ജാഗ്രതയോടെ കാണണമെന്നും പാകിസ്ഥാൻ ഓർമ്മിപ്പിച്ചു.

കരാർ തൊട്ടടുത്ത്, പക്ഷേ ഇനിയും ദൂരമുണ്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും തൊട്ടടുത്താണെന്ന് നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും പ്രതികരിച്ചിരുന്നു. എന്നാൽ കരാർ പൂർണ്ണമായി യാഥാർഥ്യമാകാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും യഥാർത്ഥ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നും അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.

മെഹർ ന്യൂസ് ഏജൻസി വാർത്ത തള്ളി ലോകനേതാക്കൾ

അതേസമയം അമേരിക്കയും ഇറാനും തമ്മിൽ പതിനാലിന സമാധാന ധാരണയിലെത്തിയെന്ന ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസിയുടെ വാർത്ത തള്ളി പ്രമുഖ ലോകനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. താൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇത് താനും ട്രംപും തമ്മിലുള്ള കരാർ എന്നും നെതന്യാഹു വിവരിച്ചു. ഇറാന്റെ മിസൈൽ ശേഷി നിയന്ത്രിക്കുന്നതിനെക്കുറിച്ചോ പശ്ചിമേഷ്യയിലെ വിവിധ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ചോ ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട 14 ധാരണകളിൽ പരാമർശമില്ലാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും മുന്നറിയിപ്പ് നൽകി. ലബനൻ, ഗാസ, സിറിയ സെക്യൂരിറ്റി സോണുകളിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയത്. മെഹർ ന്യൂസ് ഏജൻസി വാർത്തയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും രംഗത്തെത്തി.