Home Lifestyle Tips മഴക്കാല ഡ്രൈവിങ്; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും

മഴക്കാല ഡ്രൈവിങ്; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും വെള്ളക്കെട്ടും പ്രളയസമാന സാഹചര്യങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

മഴക്കാലത്ത് കഴിയുന്നതും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം. വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന ഓടകൾ, മാൻഹോളുകൾ, കുഴികൾ, ഒടിഞ്ഞ മരച്ചില്ലകൾ, വൈദ്യുത ലൈനുകൾ എന്നിവ ഗുരുതര അപകടങ്ങൾക്ക് ഇടയാക്കാം.

റോഡിൽ വെള്ളക്കെട്ട് കണ്ടാൽ വേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടകരമാണ്. ചെറിയ വെള്ളക്കെട്ട് പോലും ‘അക്വാപ്ലെയിനിങ്’ (Aquaplaning) എന്ന പ്രതിഭാസത്തിന് കാരണമായി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

മഴയിൽ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിച്ച് സഞ്ചരിക്കണം. മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം കാഴ്ച മറയ്ക്കാനും നനവുള്ള റോഡിൽ ബ്രേക്കിന്റെ കാര്യക്ഷമത കുറയാനും സാധ്യതയുള്ളതിനാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം അപകടകരമാകാം.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡുകളിലൂടെയോ യാത്ര ചെയ്യരുത്. സഡൻ ബ്രേക്കിങ് ഒഴിവാക്കി വേഗത നിയന്ത്രിച്ച് വാഹനം ഓടിക്കുന്നത് സ്കിഡ്ഡിങ് ഒഴിവാക്കാൻ സഹായിക്കും.

വെള്ളക്കെട്ടിലൂടെ പോകേണ്ട സാഹചര്യം ഒഴിവാക്കാനാകുന്നില്ലെങ്കിൽ താഴ്ന്ന ഗിയറിൽ മാത്രം വാഹനം ഓടിക്കണം. അത്തരത്തിൽ വാഹനം നിന്നുപോയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കണം.

ബ്രേക്കിനുള്ളിൽ വെള്ളം കയറിയെന്ന് സംശയമുണ്ടെങ്കിൽ ഫസ്റ്റ് ഗിയറിൽ പതുക്കെ സഞ്ചരിച്ചുകൊണ്ട് ബ്രേക്ക് സാവധാനം അമർത്തി ഉണക്കിയശേഷം അതിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ എയർ കണ്ടീഷണർ ഓഫ് ചെയ്യുന്നതും നല്ലതാണ്.

മഴക്കാലത്ത് മരങ്ങളുടെ ചുവട്ടിലോ മലഞ്ചെരിവുകളിലോ ഹൈടെൻഷൻ വൈദ്യുത ലൈനുകൾക്കു താഴെയോ വാഹനം പാർക്ക് ചെയ്യരുത്. പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയാൽ ഒരിക്കലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ സർവിസ് സെന്ററിന്റെ സഹായം തേടണം.

ട്രാഫിക് തടസ്സങ്ങൾ കൂടുതലാകുന്ന കാലമായതിനാൽ സമയം കണക്കാക്കി നേരത്തെ യാത്ര ആരംഭിക്കുന്നതും ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യാതിരിക്കുന്നതും സുരക്ഷിതമാണ്. യാത്രയ്ക്ക് മുമ്പ് ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here