സ്കൂളിലേക്ക് അനുജനോടൊപ്പം നടന്നുപോകുകയായിരുന്ന 14കാരിയെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി സദ്ദാം ഹുസൈൻ (35) എന്ന കിച്ചാമണിയെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷവും ഒമ്പതുമാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി അനുവദിക്കുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2025 ജനുവരി 24നായിരുന്നു സംഭവം. രാവിലെ 7.45ന് സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടികളുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ഇരുവരെയും ബൈക്കിൽ കയറ്റി. വഴിയിൽ അനുജനെ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കടയിലേക്ക് കൊണ്ടുപോയി. മടങ്ങുന്നതിനിടെ ഇടവഴിയിൽ ബൈക്ക് നിർത്തി കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അനുജനെയും ബൈക്കിൽ കയറ്റി ഇരുവരെയും സ്കൂളിലെത്തിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെ ബൈക്കിൽ കയറിയതിന് വഴക്കുപറയുമെന്ന ഭയവും പ്രതിയുടെ ഭീഷണിയും കാരണം കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച കൂട്ടുകാരി കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കൂട്ടുകാരി സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സമാനമായ മറ്റൊരു കേസിലും പ്രതിക്കെതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട്. 12കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിരുന്നു. ഈ വിധിയുടെ പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ വി.സി. ബിന്ദു, പി. സുരഭി എന്നിവർ ഹാജരായി. തുമ്പ പൊലീസ് ഇൻസ്പെക്ടർ ആർ. ബിനുവും സബ് ഇൻസ്പെക്ടർ ആർ. ബിജുവുമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.




























