24.9 C
Kollam
Tuesday 4th August, 2026 | 06:53:27 AM
Home News International സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തി,കാമുകന്‍ മടക്കിയയച്ചത് മരണത്തിലേക്ക്

സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തി,കാമുകന്‍ മടക്കിയയച്ചത് മരണത്തിലേക്ക്

കാലിഫോര്‍ണിയ: നാലാംഘട്ട സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃത​ദേഹം അവരുടെ തന്നെ അപ്പാർട്മെന്റിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സ്യൂട്ട്കേസിനുള്ളിൽ ആക്കിയ നിലയിലായിരുന്നു. ബെര്‍ക്ക്‌ലി സ്വദേശിയായ വനേസ സാഞ്ചസിന്റെ മരണവുമായി ബന്ധപ്പെട്ട് 28 കാരനായ കാമുകൻ ഡാമര്‍ക്കസ് ഡേവിഡ് ജോണ്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 30നാണ് വനേസയുടെ മൃതദേഹം ബെര്‍ക്ക്‌ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയത്. ദിവസങ്ങളായി ഫോണിലൂടെയോ മെസേജിലൂടെയോ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ബില്‍ഡിങ് മാനേജരാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

റിപ്പോർട്ടുകളനുസരിച്ച് മെയ് 24ന് വനേസയെ അവസാനമായി ജീവനോടെ കണ്ടത് ജോണ്‍സിനൊപ്പമാണ്. അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇരുവരും പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് ജോണ്‍സ് വലിയ കറുത്ത സ്യൂട്ട്‌കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നതും ക്യാമറകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളും ജോണ്‍സ് ദിവസങ്ങളോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

വനേസയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും കഴുത്തിനും ഏറ്റ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മൃതദേഹം പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് പിന്നീട് സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ജനാലകള്‍ തുറന്നിടുകയും എയര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി പ്രതി അന്വേഷണത്തിനിടെ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

2018 മുതല്‍ ബെര്‍ക്ക്‌ലിയില്‍ താമസിച്ചിരുന്ന വനേസ സാഞ്ചസ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. നാലാം ഘട്ട സ്തനാര്‍ബുദം സ്ഥിരീകരിച്ച ശേഷവും ധൈര്യത്തോടെ ജീവിതത്തെ നേരിട്ട വ്യക്തിയാണ് വനേസ. ‘ലോകത്തിന് പ്രകാശമുള്ളൊരു വ്യക്തിയെ നഷ്ടമായിരിക്കുന്നു’ എന്നാണ് കുടുംബാംഗങ്ങള്‍ അനുസ്മരണ സന്ദേശത്തില്‍ കുറിച്ചത്.

ജൂണ്‍ 2-നാണ് ഡാമര്‍ക്കസ് ഡേവിഡ് ജോണ്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ജാമ്യമില്ലാതെ തടങ്കലില്‍ കഴിയുന്ന ഇയാള്‍ക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ബെര്‍ക്ക്‌ലി പൊലീസ് അറിയിച്ചു.