തൃശൂര്‍.ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി. നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്.ഇന്ന് പുലർച്ചെ 1.30ന് വടക്കാഞ്ചേരി കുന്നംകുളം പാതയിൽ മുട്ടിക്കൽ ആണ് അപകടം
മുട്ടിക്കൽ ഷാപ്പിന് സമീപം ടെമ്പോട്രാവലറിന്റെ മുന്നിൽ പന്നി ചാടിയതിനെതുടർന്ന് നിയന്ത്രണം വിട്ട് ട്രാവലർ മരത്തിൽ ഇടിച്ച് കയറി. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ വരുകയായിരുന്നു ട്രാവലർ.
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോ ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും നൽകാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. തുടർന്നും മൊറോക്കൻ താരങ്ങൾ ആക്രമണം കടുപ്പിച്ചതോടെ ബ്രസീലിയൻ പ്രതിരോധം വിയർത്തു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്.
പിന്നാലെ മൊറോക്കോയുടെ ഗോൾവല ലക്ഷ്യമാക്കി ബ്രസീൽ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ബ്രസീൽ ആരാധകർ കാത്തിരുന്ന സമനില ഗോളെത്തി. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ കയറി. ബ്രസീൽ ജേഴ്സിയിൽ താരത്തിന്റെ 10-ാം ഗോളായിരുന്നു അത്. രണ്ടാം പകുതിയിൽ ബ്രസീലിന്റെ കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇരുടീമിനും സാധിച്ചില്ല. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ കളം വിട്ടത്.
കോട്ടയം. ആളൊഴിഞ്ഞ വീട്ടിൽ കയറി ആക്രമണം നടത്തിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.
കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. വീടിന്റെ ഗേറ്റ് തകർത്ത് ചങ്ങലയുമായി വീടിന്റെ ജനാലയും വാതിലും ഇയാൾ അടിച്ചുതകർത്തു. ഫയർഫോഴ്സിനെയും പൊലീസിനെയും കണ്ടതോടെ കെട്ടിടത്തിൻ്റെ മുകളിൽ കയറി.
വീടിൻ്റെ മുകളിൽ നിന്ന് കല്ലും കമ്പികളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് വലയിട്ട് പിടിച്ചത്
പത്തനംതിട്ട.ശബരിമല യുവതീപ്രവേശം ;ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമെന്നും സൂചന.
ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പദ്മകുമാർ. മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതൻ. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ
ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആത്മകഥ എഴുതാൻ പത്മകുമാർ. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണ കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആത്മകഥയിൽ ഉണ്ടാകും
ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ.തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും സുഹൃത്തുക്കളോട് പദ്മകുമാർ വെളിപ്പെടുത്തി. അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?
സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെയാണ് സിപിഎം ജില്ലാ കമ്മിറ്റി. അത് ഒഴിവാക്കാനുള്ള സമ്മർദ്ദ തന്ത്രം എന്ന് പാർട്ടിയിലെ ഒരു വിഭാഗം
കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ ബസ്ജീവനക്കാർ തമ്മിൽ സംഘർഷം. ബസിലെറിഞ്ഞു കണ്ണാടി തകർത്ത് കണ്ടക്ടർ. സംഘർഷത്തിൽ യാത്രക്കാരിക്ക് പരിക്ക്. സംഘർഷം റീഗൽ, പൗർണമി ബസ് ജീവനക്കാർ തമ്മിൽ
യാത്രക്കാരി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകുന്നേരം 6മണിക്ക് പേരാമ്പ്ര കല്ലോട് ആയിരുന്നു സംഭവം.
യാത്രക്കാരുടെ ജീവന്‍പോലും വകവയ്ക്കാതെ സ്വകാര്യ ബസുകാര് നടത്തുന്ന പേക്കൂത്ത് സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞദിവസം പന്തളത്ത് രണ്ടു ബസുകള്‍ തമ്മിലിടിച്ച് അരിശം തീര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. പ്രതികള്‍ പലപ്പോഴും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തലയൂരുകയാണ് പതിവ്. വീണ്ടും നിരത്തിലിറങ്ങും. ഇത്തരക്കാരെ പൂട്ടാന്‍ എംവിഡിക്ക് കഴിയുമെങ്കിലും അക്രമം തുടര്‍ക്കഥയാവുകയാണ്.
അതുപോലെ കെഎസ്ആര്‍ടിസിയിലും അക്രമസ്വഭാവമുള്ള ജീവനക്കാര്‍ നിരത്തില്‍ ഭീഷണിയാവുന്നുണ്ട്. ഇവരെ അധികൃതര്‍ ശ്രദ്ധിക്കാറേയില്ല.
പത്തനംതിട്ട. മല്ലപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. അന്യസംസ്ഥാനതൊഴിലാളിയില് നിന്നും മൂന്നേമുക്കാൽ കിലോ കഞ്ചാവ് പിടികൂടി. ബീഹാർ സ്വദേശി കുന്ദൻകുമാറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപെടുത്തി
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്
കൊച്ചി.കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. കൊല്ലം പുതുക്കുളം കുളത്തൂര്‍കോണം നന്ദു ഭവനത്തില്‍ എ ബാബു കേരളത്തിൽ ഉടനീളം 200ലധികം മോഷണകേസുകളിൽ പ്രതിയാണ്. കുറുപ്പംപടി പൊലീസ് ആണ് ബാബുവിനെ പിടികൂടിയത്.
പുല്ലുവഴിയിലെ ബേക്കറിയിലെ മോഷണക്കേസിലാണ് അറസ്റ്റ്. ബേക്കറിയിൽ നിന്ന് കവർന്നത് പണവും മൊബൈൽ ഫോണും ടാബ്ലറ്റും. മോഷണം വെള്ളിയാഴ്ച രാത്രി.
പ്രതിയെ മണിക്കൂറുകൾക്കം പിടികൂടാനായത് പൊലീസിന് അഭിമാനമായി. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ചരിത്രവും ബാബുവിനുണ്ട്. ബേക്കറിയുടെ പൂട്ട് തകർത്തായിരുന്നു കവർച്ച. പിടിയിലായത് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ
ഇതില്‍ സഞ്ചരിച്ച് പലയിടങ്ങളിൽ മോഷണം നടത്തി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ബാബുവിനായി അന്വേഷണം നടക്കുന്നുണ്ട്.
കോഴിക്കോട്. നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രം സംഘം കോഴിക്കോട്ടെത്തി. രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43 കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ്. നാളെ ആരോഗ്യ മന്ത്രി കോഴിക്കോട്ടെത്തും.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. വെൻ്റിലേറ്റിൽ കഴിയുന്ന 43 കാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് മോണോക്ലോണൽ ആൻ്റിബോഡി നൽകിയെങ്കിലും റെംഡിസിവർ മരുന്ന് ഇതുവരെ കോഴിക്കോടെത്തിക്കാനായില്ല. സമ്പർക്ക പട്ടികയിൽ നിലവിൽ 87 പേരാണുള്ളത് ആർക്കും രോഗലക്ഷണങ്ങളില്ല. എന്നാൽ രോഗിയുമായി ഏറ്റവുമടുത്ത് ഇടപെട്ട മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിനും മറ്റുമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ നിപ ആശങ്ക നിലനിൽക്കുമ്പോഴും ജില്ലയിൽ DMO തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. അഡീഷണൽ DMO യ്ക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. തസ്തികയിൽ ആളില്ലാത്തത് നിപ ചികിത്സ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നുമുണ്ട്. ഇന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കോഴിക്കോട്ടെത്തും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തില്‍ പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ബേപ്പൂർ എംഎല്‍എ പി.എ.മുഹമ്മദ് റിയാസ് സിവില്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
കോഴിക്കോട്. മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയില്‍ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. സംസ്ഥാന വ്യാപകമായി ഭാഗമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിലാണ് അറസ്റ്റ്. വെള്ളിമാട്കുന്ന് സ്വദേശി മുഹമ്മദ് ജാവേദിനെ പൊലീസ് പിടികൂടി. ഒരു മാസമായി ഇയാള്‍ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ജാവേദിന്റെ ലഹരി കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഡൻസാഫും കസബ പോലീസും ചേർന്ന് ഒരുമാസമായി ജാവേദിന് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ കിണാശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ 200 ഗ്രാം എംഡിഎംഎംയും കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഏറെ നാളായി മുഹമ്മദ് ജാവേദ് ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഉപയോഗിക്കുന്നവർക്കും ചെറുകിട വിതരണക്കാർക്കും എംഡിഎംഎ എത്തിക്കാറുണ്ടായിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, വിതരണ ശൃംഖലയിൽ മറ്റാർക്കെല്ലാം പങ്കുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതിരമ്പുഴ: കോട്ടയം അതിരമ്പുഴയില്‍ വീടിന് തീപിടിച്ചു. ആനമലയില്‍ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതെ വിട്ട ഇലക്ട്രിക് തേപ്പുപെട്ടിയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം
തീപിടിത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. രണ്ട് കട്ടിലുകള്‍, മെത്ത, തുണികള്‍ എന്നിവ പൂർണമായി കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്.
വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്നതായി പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.