31.3 C
Kollam
Saturday 24th October, 2026 | 04:18:57 PM
Home News Kerala ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകി; ഫാര്‍മസിസ്റ്റിന് സസ്പെന്‍ഷന്‍

ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകി; ഫാര്‍മസിസ്റ്റിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാര്‍മസിസ്റ്റിന് സസ്പെന്‍ഷന്‍. അണ്ടൂർകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഷിജിലയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അപസ്മാര രോഗിക്ക് മാറി നല്‍കിയത് മാനസികാരോഗ്യ രോഗികള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്നായിരുന്നു. മരുന്നു മാറിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയ യുവാവ് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസ് ഡിസിസി വൈസ് പ്രസിഡന്റ് മുനീറിന്റെ ഭാര്യയാണ് സസ്‌പെന്‍ഷനിലായ ഷിജില. സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

അംബരീഷിന് ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും.

ഇത്തരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച അംബരീഷിൻറെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടര്‍ കണ്ടിന്യൂ എന്ന് എഴുതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഫാര്‍മസിയില്‍ നിന്നും അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈന്‍’ എന്ന മരുന്ന് നല്‍കുകയായിരുന്നു. രണ്ട് മരുന്നുകളും പേരില്‍ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നുവെന്ന് അംബരീഷിന്റെ അമ്മ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും അമ്പരീഷ് ഈ മരുന്ന് കഴിച്ചു. തുടര്‍ന്ന് വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള അംബരീഷിനെയാണ് കണ്ടത്. ഉടനെ ആണ്ടൂര്‍കോണം സിഎച്ച്‌സിയിലേക്ക് തന്നെ കൊണ്ടുപോയി.

എന്നാല്‍ അംബരീഷിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോത്തന്‍കോട് പൊലീസിലും ഡിഎംഒയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ ഗുരുതര അനാസ്ഥയുണ്ടായെന്ന് സമ്മതിച്ച ആരോഗ്യവകുപ്പ്, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here