Home Blog Page 584

കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകിട്ടിയില്ല; അതൃപ്തി പരസ്യമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെത്തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ പ്രതിഷേധം അറിയിച്ചത്.

താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി ഡി സതീശൻ തയ്യാറാകാത്തതിലുള്ള അതൃപ്‌തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിനാൽ തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ കഴിയുന്നത്.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നത് എപ്പോഴാണെന്നതും വ്യക്തമല്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾക്ക് നൽകുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. അതിനാൽ പിണറായി വിജയന് ഔദ്യോഗിക വസതി വിട്ടുകിട്ടാൻ ഇനിയും വൈകാനാണ് സാദ്ധ്യത.

330 കോടിയുടെ കളക്ഷൻ നേട്ടവുമായി  ‘ദൃശ്യം 3’

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ -ക്ക് 330 കോടി കളക്ഷൻ നേട്ടം. ബോക്‌സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെയാണ് ചിത്രം 330 കോടി നേടിയത്. മേയ് 21-ന് പുറത്തിറങ്ങിയ ചിത്രം 30-ാം ദിവസത്തിലേക്ക് കടക്കുന്നവേളയിൽ നടൻ മോഹൻലാൽ ആണ് വിവരം പങ്കുവെച്ചത്.


‘തലമുറകൾ കൈമാറിയത്. കേരളത്തിൽനിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി’, മോഹൻലാൽ കുറിച്ചു.

നേട്ടം അറിയിച്ചുകൊണ്ട് പ്രത്യേക പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചു. ‘അതിരുകൾ താണ്ടിയ നാഴികക്കല്ല്’, ‘മലയാള സിനിമാ ബോക്‌സ് ഓഫീസിൽ ചരിത്രം’ എന്നിങ്ങനെയാണ് പോസ്റ്ററിൽ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫുമുള്ളതാണ് പോസ്റ്റർ.

കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരത്തില്‍ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.

ഒരു വര്‍ഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതേത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശബരിമല സ്വർണക്കൊള്ള വിവാദം: പത്മകുമാറിന്റെ ആരോപണങ്ങൾ തള്ളി എം.വി. ഗോവിന്ദൻ

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നും ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമുള്ള വെളിപ്പെടുത്തലിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയായ മുൻ ദേവസ്വം പ്രസിഡണ്ട് എ പത്മകുമാറിനെതിരെ കടുത്ത നടപടി വന്നേക്കും. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം ആലോചിക്കുന്നതായാണ് വിവരം. സിപിഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേർന്നാകും നിർണായക തീരുമാനമെടുക്കുക. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായത് മുതൽ അംഗമാണ് ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവായ മുൻ എംഎൽഎ കൂടിയായ എ പത്മകുമാർ.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പദ്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുക്കാനുള്ള തീരുമാനമെടുത്തത്. സ്വർണ്ണക്കൊള്ള കേസ് സിപിഎമ്മിനെ ആഞ്ഞുകൊത്തിയ കാലത്തെല്ലാം പദ്മകുമാറിനെ ന്യായീകരിക്കുകയായിരുന്നു നേതൃത്വം. നടപടി ഉണ്ടോ എന്ന് ചോദിക്കുന്നവരോടെല്ലാം സംഘടനാ തത്വം വിശദീകരിച്ചായിരുന്നു ന്യായീകരണം.”

ഫിഫ ലോകകപ്പ് 2026 ലെ ആദ്യ പെനാൽറ്റിയിൽ തന്നെ വിവാദം

ഫിഫ ലോകകപ്പ് 2026 ലെ ആദ്യ പെനാൽറ്റിയിൽ തന്നെ വിവാദം. ഗ്രൂപ്പ് ബിയില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡ് – ഖത്തര്‍ മത്സരത്തിൽ സ്വിറ്റ്സര്‍ലന്‍ഡിന് അനുവദിച്ച പെനാൽറ്റിയിലാണ് വാർ വിവാദം പുകയുന്നത്.

ഇരു ടീമുകളും 1-1 ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ സ്വിസ് താരം ബ്രീല്‍ എംബോളോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ്, ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ട റെമോ ഫ്രൂളര്‍ ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകള്‍ വ്യക്തമാക്കുന്നത്.
നിയമപ്രകാരം ഓഫ്സൈഡ് ആണ് ആദ്യമെങ്കില്‍ പിന്നീട് പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഈ തീരുമാനത്തില്‍ വാര്‍ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്യാതിരുന്നതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയാര്‍ന്ന ‘സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ്’ സാങ്കേതികവിദ്യ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദ തീരുമാനത്തില്‍ അതിന്റെ ഡിജിറ്റല്‍ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല.

വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം തേടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഫിഫയെ സമീപിച്ചെങ്കിലും ഇതുവരെ സംഘടന വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടൽ

പട്‌ന: ബിഹാറിലെ പട്നയിലുള്ള പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. മത്സരപരീക്ഷകള്‍ക്കായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ എത്താതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ തിരക്കിനിടെയാണ് സംഭവം. ചിലര്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സ്റ്റേഷന്‍ പരിസരത്ത് കല്ലേറും പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയില്‍ അക്രമം അരങ്ങേറുകയുമായിരുന്നു.
സംഭവത്തിനിടെ സ്റ്റേഷനിലെ സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വെയിറ്റിങ് റൂമിന്റെയും മറ്റ് പൊതുസൗകര്യങ്ങളുടെയും ഗ്ലാസ് പാളികള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്റ്റേഷനില്‍ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഷന്‍ പരിസരത്ത് നിലവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ

കുന്നമംഗലം: പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ. ബാലുശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദ്‌ (24) ആണ്‌ മരിച്ചത്‌. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.


വെള്ളി പകൽ 11നും ഒന്നിനും ഇടയിലാണ് സംഭവം. അഞ്ചുമാസം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം പെരുമണ്ണയിൽ താമസിക്കാനെത്തിയത്‌. പ്രവാസിയായ യുവാവ്‌ രാവിലെ പെൺകുട്ടിയുടെ വീട്ടിലേക്ക്‌ ബൈക്കിലാണ് എത്തിയത്‌. ഈ സമയം പെൺകുട്ടിയുടെ ഉമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിയുമായി യാത്രപോകാൻ തയ്യാറായിവന്നതാണ്‌ യുവാവ് എന്നാണ് കരുതുന്നതെന്നും പൊലീസ്‌ പറഞ്ഞു. ഇവർ തമ്മിൽ തർക്കമുണ്ടാവുകയും യുവാവ്‌ വീടിന്റെ ഉത്തരത്തിൽ തൂങ്ങുകയുമായിരുന്നു. ഈ സമയം പെൺകുട്ടി യുവാവിന്റെ അമ്മയെ വിളിച്ചതായി പറയുന്നുണ്ട്.


പാന്റ്‌സും ഷർട്ടും അഴിച്ചുവച്ചശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഇത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കരച്ചിൽകേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കരിപ്പൂർ വഴി കടത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം എന്ന് നിഗമനം

rep image

കരിപ്പൂർ. സ്വർണക്കവർച്ച, നിർണായക നീക്കവുമായി അന്വേഷണസംഘം

കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. അറസ്റ്റിലായ സാദിഖിന്റെ പക്കൽ ഉണ്ടായിരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.സാദിഖിന്റെ ഒരു കാറും പിടിച്ചെടുത്തു

കരിപ്പൂർ വഴി കടത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം എന്ന് പോലീസ് നിഗമനം. ബാക്കി സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതം. അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പ്രതികളുടെ ശ്രമം. സ്വർണ്ണം കൊടുത്തുവിട്ടത് ആരെന്നതിൽ പ്രതികൾ നൽകുന്നത് വ്യത്യസ്ത മൊഴികൾ. സ്വർണ്ണം കൊടുത്തു വിട്ടയാൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊർജ്ജിതം

ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി,നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

തൃശൂര്‍.ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി. നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്.ഇന്ന് പുലർച്ചെ 1.30ന് വടക്കാഞ്ചേരി കുന്നംകുളം പാതയിൽ മുട്ടിക്കൽ ആണ് അപകടം

മുട്ടിക്കൽ ഷാപ്പിന് സമീപം ടെമ്പോട്രാവലറിന്‍റെ മുന്നിൽ പന്നി ചാടിയതിനെതുടർന്ന് നിയന്ത്രണം വിട്ട് ട്രാവലർ മരത്തിൽ ഇടിച്ച് കയറി. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ വരുകയായിരുന്നു ട്രാവലർ.

ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു.
മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോ ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും നൽകാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. തുടർന്നും മൊറോക്കൻ താരങ്ങൾ ആക്രമണം കടുപ്പിച്ചതോടെ ബ്രസീലിയൻ പ്രതിരോധം വിയർത്തു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്.

പിന്നാലെ മൊറോക്കോയുടെ ഗോൾവല ലക്ഷ്യമാക്കി ബ്രസീൽ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ബ്രസീൽ ആരാധകർ കാത്തിരുന്ന സമനില ഗോളെത്തി. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ കയറി. ബ്രസീൽ ജേഴ്‌സിയിൽ താരത്തിന്റെ 10-ാം ഗോളായിരുന്നു അത്.
രണ്ടാം പകുതിയിൽ ബ്രസീലിന്റെ കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇരുടീമിനും സാധിച്ചില്ല. സൂപ്പർ താരം നെയ്‌മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ കളം വിട്ടത്.