Home Blog Page 583

ശബരിമല സ്വർണ്ണക്കൊള്ള! പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് എത്തി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എത്തുന്ന സംഘം, വിഗ്രഹത്തിന് പിന്നിലെ പ്രഭാമണ്ഡലം അടക്കമുള്ളവ ഇളക്കിമാറ്റി അതീവ ജാഗ്രതയോടെയായിരിക്കും പരിശോധനകൾ നടത്തുക. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കേസിൽ നിർണ്ണായക വഴിത്തിരിവായേക്കാവുന്ന ഈ വിപുലമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

20 പവനിലേറെ തൂക്കം വരുന്ന ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം; മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി ടി വിനോദന്‍ അറസ്റ്റില്‍. സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുമ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടി ടി വിനോദന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടമായിരുന്നു. ശബരിമല സ്വര്‍ണക്കടത്തിന് പിന്നാലെ ഏറെ വിവാദമായ ബാലുശ്ശേരി ക്ഷേത്രത്തിലെ മോഷണത്തില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്.

ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. 37കാരനായ യുവാവിനാണ് ആറുമാസങ്ങള്‍ക്ക് മുന്‍പ് ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ടത്. തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചത്.
ഈ ശസ്ത്രക്രിയയില്‍ കൈയിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.

വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അത്താണി കേരള ഫാര്‍മസിക്ക് സമീപമുള്ള ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ ജെ ജെയുവടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
അപകടത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ സൈമണിന്റെ തോളിന് പരുക്കേറ്റതായാണ് വിവരം. അപകടസമയത്ത് പുറത്തേക്കിറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമയുടെ മേല്‍ ഓടിളകി വീഴുന്നത്. അപകട വിവരം സിയാല്‍ അധികൃതരെ അറിയിച്ചതായി കുടുംബം പറഞ്ഞു.

ആർഎസ്എസ് വേദിയിൽ വിസിമാർ; കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വിസിമാർ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. സംഭവിച്ചത് ഗുരുതര വീഴ്‌ചയാണെന്നും വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും സതീശൻ കുറിച്ചു.

ആരോഗ്യസർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡോ. ഡി മാവൂത്ത്, മലയാളം സർവകലാശാല വിസിയുടെ ചുമതലയുള്ള ഡോ. സി ആർ പ്രസാദ് എന്നിവരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കും

ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഐ.സി.ഇ (ഗ്യാസോലിന്‍, പെട്രോള്‍, ഡീസല്‍) വാഹനങ്ങള്‍ക്കും, ഇലക്ട്രിക് വാഹങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ വില വര്‍ധനവ് ബാധകമാണ്. ഓരോ മോഡലിന്റെയും എക്‌സ് ഷോറൂം വിലയില്‍ നിന്നും 1.5 ശതമാനം അധികം പണം നല്‍കിയാല്‍ മാത്രമേ ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കൂ.
വാഹനം നിര്‍മിക്കുന്നതിനുള്ള ചെലവുകളും പണപ്പെരുപ്പവുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഓരോ മോഡലിന്റെയും കൃത്യമായ വേരിയന്റിനെ ആശ്രയിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടുമെന്ന് ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചു. നിലവില്‍, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മുതല്‍ ഏഴ് സീറ്റര്‍ എസ്.യു.വി വരെ നിര്‍മാതാക്കളുടെ വാഹനനിരയിലുണ്ട്.
ടാറ്റയുടെ നിലവിലെ വാഹനനിരയില്‍ ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്സോണ്‍, സിയേറ, കര്‍വ്വ്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളുടെ വിലയാണ് വര്‍ധിക്കുക. ഇതോടൊപ്പം, ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവക്കും വില വര്‍ധിക്കും. അതേസമയം, ജൂണ്‍ 30ന് സിയേറ ഇവി രാജ്യത്ത് അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ടാറ്റ മോട്ടോഴ്സിന് പുറമേ, ബി.എം.ഡബ്ല്യു ഇന്ത്യ, മെഴ്സിഡസ് ബെന്‍സ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, നിസാന്‍ മോട്ടോര്‍ ഇന്ത്യ തുടങ്ങിയ നിര്‍മാതാക്കളൂം അടുത്തിടെ അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍, മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന കാറുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. വിലയിലെ മാറ്റങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് വേറിട്ട ലുക്കില്‍

തിരുവനന്തപുരം: ഇത്തവണ മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ച് വേറിട്ട ലുക്കിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. മുഖത്ത് എപ്പോഴുമുള്ള കണ്ണട ധരിക്കാതെയാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ‘കണ്ണട ഉപേക്ഷിച്ചോ’ എന്ന ചോദ്യവുമായി രംഗത്തെത്തി. ചോദ്യം കേട്ട് ചിരിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഈയിടെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നതായും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിര്‍ദേശിച്ചതായും, അതുകൊണ്ടാണ് അത് പൂര്‍ണ്ണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

64.5മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. മഴയോടപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പില്‍ അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റ് വീശുമെന്നാണ് പ്രവചനം.

‘പ്രിയദർശിനി’ ബഹിഷ്കരണം രാഷ്ട്രീയ നാടകം; സിപിഎമ്മിനെതിരെ മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ച സിപിഎം നടപടിയിൽ പ്രതികരിച്ച് ഗതാ​ഗത വകുപ്പ് മന്ത്രി സിപി ജോൺ. സിപിഎം തീരുമാനം ദൗർഭാഗ്യകരമാണെന്നും ‘വിനാശകാലേ വിപരീതബുദ്ധി’ എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമത്തിനായുള്ള ഇത്തരം പദ്ധതികളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണാതെ സിപിഎം തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചു കാലം കഴിയുമ്പോൾ സിപിഎം ഈ തെറ്റ് തിരുത്തുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.’പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമെ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം

ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഴുവൻ എംഎൽഎമാരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 8.30ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒൻപതുമണി മുതൽ സ്ത്രീകൾക്ക് സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. ബസുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.

കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകിട്ടിയില്ല; അതൃപ്തി പരസ്യമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെത്തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ പ്രതിഷേധം അറിയിച്ചത്.

താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി ഡി സതീശൻ തയ്യാറാകാത്തതിലുള്ള അതൃപ്‌തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിനാൽ തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ കഴിയുന്നത്.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നത് എപ്പോഴാണെന്നതും വ്യക്തമല്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾക്ക് നൽകുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. അതിനാൽ പിണറായി വിജയന് ഔദ്യോഗിക വസതി വിട്ടുകിട്ടാൻ ഇനിയും വൈകാനാണ് സാദ്ധ്യത.