പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് വഴിമാറ്റി വിറ്റ കേസിൽ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെയാണ് വിജിലൻസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
2025-ലെ തീർഥാടനകാലത്തേക്ക് പത്തനംതിട്ട മിൽമ ഡയറിയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് കേസ്. ഒട്ടൻഛത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് വിറ്റതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പത്തനംതിട്ട മിൽമ ഡയറിയിൽനിന്ന് 2025 നവംബർ അഞ്ചിന് ഏറ്റുവാങ്ങിയ 11,040 കിലോ നെയ്യ് സന്നിധാനത്ത് എത്തിച്ചില്ലെന്നാണ് വിജിലൻസിന്റെ ആരോപണം. പകരം വില കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഇൻവോയിസുകളും വാഹന നമ്പറുകളിൽ കൃത്രിമം നടത്തിയുള്ള രേഖകളും ഉപയോഗിച്ചാണ് നെയ്യ് വഴിമാറ്റിയതെന്നാണ് വിജിലൻസിന്റെ അറസ്റ്റ് റിപ്പോർട്ടിലുള്ളത്.
മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങിയ നെയ്യ് മറിച്ചുവിറ്റതിലൂടെ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. നെയ്യ് വാങ്ങിയതിലും വിതരണം ചെയ്തതിലുമുള്ള ക്രമക്കേടുകൾ സംബന്ധിച്ച് ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നത്.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Home News Breaking News ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനു പിടിയിൽ




























