Home Blog Page 844

നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, അധ്യാപകർക്ക് പരിക്ക്


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. അയിരൂർ എംജിഎം സ്കൂളിലെ ബസാണ് ഇടിച്ചത്.

Also Read: കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന

അപകടത്തിൽ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. ഏഴ് അധ്യാപകരാണ് അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാണോ അപകടം നടന്നത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല.

യുവാവിനെ മദ്യ ലഹരിയിൽ നടുറോഡിലിട്ട് മർദിച്ചു കൊലപ്പെടുത്തിയത് 12 പേര്‍ കണ്ടു നില്‍ക്കെ

തിരുവനന്തപുരം. ചോര മരവിപ്പിക്കുന്ന അതിക്രൂര ആക്രമണം, മധ്യസ്ഥതയ്ക്ക് വന്ന സുമനെന്ന യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ആരും ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് തടയാന്‍ ശ്രമിച്ചില്ലെന്നത് കേരളമെത്തിയ നിര്‍വികാരമാനസിക നിലയ്ക്ക് ഉദാഹരണം. വിഴിഞ്ഞത്ത് യുവാവിനെ മദ്യ ലഹരിയിൽ നടുറോഡിലിട്ട് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് പോലീസ്.. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും..

ഇന്നലെ രാത്രി 12 മണിയോടെയാണ് 38 വയസുള്ള സുമനെ അച്ചുവും അനന്തുവും ചേർന്ന കൊലപ്പെടുത്തിയത്. പ്രതികൾ സഹോദരങ്ങളാണ്.. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.. രാത്രി 11 മണിയോടെ അച്ചുവും മറ്റൊരാളും തമ്മിൽ ബാറിനുള്ളിൽ വച്ച് തർക്കം ഉണ്ടായി.. ഇത് പറഞ്ഞു തീർക്കാൻ എത്തിയ സുമനുമായി പിന്നീട് അച്ചു കയ്യാങ്കളിയായി.. രാത്രി 12 മണിയോടെ ബാറിന്റെ പുറത്ത് വച്ച് സുമൻ അച്ചുവിനെ മർദ്ദിച്ചു.. അപ്പോഴേക്കും അച്ചുവിന്റെ സഹോദരൻ അനന്തു സ്ഥലത്തെത്തിയിരുന്നു.. പിന്നീട് ഇരുവരും ചേർന്ന് റോഡിൽ വച്ച് സുമനെ ക്രൂരമായി മർദ്ദിച്ചു.. ശരീരത്തിൻറെ ചലനം നിലച്ചിട്ടും മർദ്ദനം തുടർന്നു. പിന്നീട് ശരീരം റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.. അതുവഴി എത്തിയ കാറ് യാത്രക്കാരനാണ് സുമനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മർദ്ദനം നടക്കുമ്പോൾ ബാർ ജീവനക്കാർ അടക്കം 12 പേർ കണ്ടു നിൽക്കുന്നുണ്ടായിരുന്നു.. പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ ആർക്കും പിടിച്ചുമാറ്റാൻ ആയില്ല.. ദൃശ്യങ്ങൾ പകർത്തിയ രണ്ട് ബാർ ജീവനക്കാർക്ക് നേരെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചു.. ബാറിൽ ഉണ്ടായിരുന്ന കുരുമുളക് സ്പ്രേ ഉപയോഗിച്ചാണ് ഇതിനെ തടുത്തത്.. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്..

കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് വൈകിട്ടാണ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

Also Read: ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കനത്ത പോര് തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികൾ ആക്രമണം കടുപ്പിക്കുകയാണ്. കെ സിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ സതീശൻ അനുകൂലികളുടെ കമന്റുകൾ നിറഞ്ഞു. പണി എടുത്ത ആൾക്ക് കൂലി ഉണ്ടോ അതോ ഗ്യാലറിയിൽ ഇരുന്ന നിങ്ങൾക്ക് ആണോ സിഎം പദവി എന്ന് ഇവർ കമന്റുകളിലൂടെ ചോദിക്കുന്നു. മുഖ്യമന്ത്രിക്കുപ്പായം ഇട്ട് കേരളത്തിലേക്ക് വരേണ്ടെന്ന് തുറന്നടിക്കുന്നു.

കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വി ഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നതെന്ന് എഐസിസി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് വ്യക്തമായ വഴികളുണ്ടെന്നും നേതൃത്വം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി തന്നെ നിർദ്ദേശിച്ചതാണെന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് മറി കടന്നുകൊണ്ടാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് ‘കേരളം കെ.സി.നയിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെയാണ് പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

തീയണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് തടസ്സമുണ്ടാക്കിയ കാർ പൊലീസ് പിടിച്ചെടുത്തു

ആലപ്പുഴ. തുറവൂരിൽ തീയണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് തടസ്സമുണ്ടാക്കിയ കാർ പൊലീസ് പിടിച്ചെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിന് കാറുടമ കുത്തിയതോട് സ്വദേശി സുജിത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ സഹിതം വന്ന വാർത്തയെ തുടർന്നാണ് പൊലീസിന്റെ നടപടി.

തുറവൂർ താലൂക്ക് ആശുപത്രിയിൽ ചൊവാഴ്ച്ചയുണ്ടായ തീപിടുത്തത്തിൽ
രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് മുന്നിലായിരുന്നു കുത്തിയതോട് സ്വദേശി സുജിത്തിന്റെ ഈ അഭ്യാസം. പല തവണ ആവശ്യപ്പെട്ടിട്ടും അഗ്നിരക്ഷ വാഹനത്തിന് കാർ ഡ്രൈവർ വഴി നൽകിയില്ല. പട്ടണക്കാടിനും തുറവൂരിനും ഇടയിൽ രാവിലെ പത്തരയ്ക്കായിരുന്നു കാറിന്റെ വഴിമുടക്കി യാത്ര .

ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പട്ടണക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമ സുജിത്തിന് ഉടൻ നോട്ടീസ് നൽകും.
അലക്ഷ്യമായി വാഹനം ഓടിക്കൽ വഴി മുടക്കിയുള്ള യാത്ര എന്നീ വകുപ്പുകൾക്ക് പുറമേ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടിക്ക് ഒരുങ്ങുകയാണ്

കുന്നത്തൂർ തോട്ടത്തുമുറി പ്ലാവിള വീട്ടിൽ സൂസമ്മ ശാമുവേൽ നിര്യാതയായി

കുന്നത്തൂർ:തോട്ടത്തുമുറി പ്ലാവിള വീട്ടിൽ പരേതനായ ശാമുവേലിൻ്റെ ഭാര്യ സൂസമ്മ ശാമുവേൽ(68) നിര്യാതയായി.കുണ്ടറ ചുരുളയിൽ കുടുംബാംഗമാണ്.സംസ്കാരം 18 ശനിയാഴ്ച പകൽ 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് കുന്നത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് മാതൃദേവാലയ സെമിത്തേരിയിൽ നടക്കും.

മക്കൾ:സാം ശാമുവേൽ( ഓസ്ട്രേലിയ),സ്മിത റോജൻ (കുവൈറ്റ്),പ്രമോദ് ശാമുവേൽ (കുവൈറ്റ്).മരുമക്കൾ:റോജൻ മാത്യു,ഷോണി സാം ( ഓസ്ട്രേലിയ),പരേതയായ ജിൻസി പ്രമോദ്.

ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ന്യൂഡെല്‍ഹി.ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

വേണു ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാൻ പരാതിക്കാരിയും ഭർത്താവും ശ്രമിച്ചതായും വേണു കോടതിയിൽ വാദിച്ചു.

താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2025 ജൂലൈ 29-ന് എറണാകുളം സെൻട്രൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും, ഇതിലുള്ള വൈരാഗ്യമാണ് പീഡനാരോപണത്തിന് പിന്നിലെന്നുമാണ് പ്രതിഭാഗം വ്യക്തമാക്കിയത്.വേണു നൽകിയ ഹണി ട്രാപ്പ് പരാതിയിൽ ജീവനക്കാരി നേരത്തെ അറസ്റ്റിലായിരുന്നു

നിധിൻ രാജിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് രാജൻ

തിരുവനന്തപുരം.BDS വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് രാജൻ.
കേസ് ഓൺ ലൈൻ ലോണുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒതുക്കാൻ ശ്രമമെന്നും, പ്രതികളെ പിടികൂടുന്നില്ലെന്നും ആവർത്തിച്ച് കുടുംബം വീണ്ടും രംഗത്ത്. അതേസമയം ഗവർണറുടെ നിർദ്ദേശ പ്രകാരം ആരോപണ വിധേയരായ അധ്യാപകർക്കെതിരെ ആരോഗ്യ സർവ്വകലാശാല കടുത്ത നടപടി സ്വീകരിച്ചേക്കും.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന നിധിൻ മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ അടക്കം നിയോഗിച്ചിട്ടും ആരോപണ വിധേയരായ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന കുടുംബത്തിൻ്റെ പ്രതികരണം.

കേസ് ലോൺ വിഷയത്തിൽ മാത്രം ഒതുക്കി മരണത്തിന് കാരണക്കാരയവർക്കാ രക്ഷപ്പെടാൻ അവസരമൊരുക്കുകയാണെന്നും, പൂക്കോട് വെറ്റിനെറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കേസ് പോലെ തേച്ച് മാച്ച് കളയാനാണ് ശ്രമമെന്നും നിധിൻ്റെ പിതാവ് രാജൻ ആരോപിക്കുന്നു.

ആരോഗ്യ സർവകലാശാല വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോളേജ് മാനേജ്മെൻ്റിന് എതിരെയും, ആരോപണ വിധേയരായ അധ്യാപകർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത. കോളേജിൻ്റെ അംഗീകാരം റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ആലും കാ പഴുത്തോന്നുപോലും അറിയേണ്ട, അതിനുമുമ്പേ കൊത്തുകൂടി വായ്പ്പുണ്ണുള്ള കാക്കകള്‍

ജനവിധി അറിയും മുന്നേ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കോൺഗ്രസിൽ കനത്തു. കെ സി വേണുഗോപാലിനായി പരസ്യമായി രംഗത്തെത്തിയ കെ സുധാകരനെ തള്ളി കെപിസിസി അധ്യക്ഷൻ രംഗത്തെത്തി. വി ഡി സതീശനു വേണ്ടിയുള്ള സൈബർ പോരും ശക്തമായി.
നാലാം തീയതി വരെ കാത്തിരിക്കൂ, ഈ പാർട്ടിക്ക് സംവിധാനം ഉണ്ടെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ മുഖ്യമന്ത്രിയായി വി ഡി മതി എന്നുള്ള മെസ്സേജുകൾ നിറയുകയാണ്.


കേരളം കെ സി നയിക്കട്ടെ എന്ന ഹാഷ്ടാഗ് പോസ്റ്റുമായി കെ സുധാകരൻ കളം നിറഞ്ഞതിന് പിന്നാലെ പല നേതാക്കളും കെ സിക്കു വേണ്ടി നിലപാട് പറഞ്ഞ് രംഗത്തെത്തി. വളരെ ആസൂത്രിതമായ ഒരു നീക്കം. കെ സുധാകരന്റെ അടക്കം നീക്കത്തെ തള്ളി രംഗത്ത് എത്തിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തൊട്ട് പിന്നാലെ ആലിന്‍ കാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്നുള്ള പഴഞ്ചൊല്ല് ഓർമ്മിപ്പിച്ച് സി ആർ മഹേഷും എത്തി. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്ന് വീണ്ടും ഓർമിപ്പിച്ചു കെ മുരളീധരൻ.
മറുപടിയുമായി കെസി വേണുഗോപാലും എത്തി. താന്‍ വട്ടപ്പൂജ്യമെന്നാണ് ചര്‍ച്ച, പത്തുവര്‍ഷമായി കേള്‍ക്കുന്നു, വെയിറ്റ് ഫോര്‍ ദി റിസള്‍ട്ട് എന്നാണ് കെസി പറഞ്ഞത്,അതില്‍ കാര്യം വ്യക്തമായതോടെ പോരു മൂത്തു.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ശക്തമായതോടെ വി ഡി സതീശനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ശക്തനാണ് കെ സി വേണുഗോപാൽ എങ്കിൽ ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടി കരുത്ത് തെളിയിക്കട്ടെ, ഇവിടെ നയിക്കാൻ വി ഡി സതീശൻ ഉണ്ടെന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ. കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വി ഡി അനുകൂലികളുടെ മെസ്സേജുകളും നിറയുകയാണ്.ഗാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ വരുന്നോ, പാർട്ടിയെ നയിച്ചവൻ വി ഡിയാണ് മുഖ്യമന്ത്രിയായും വി ഡി മതി ഇങ്ങനെ നീളുന്നു മെസ്സേജുകൾ.
നിർജീവമായി കിടന്ന മുന്നണിയെ നയിച്ച ആൾ എന്ന നിലയിൽ സ്വാഭാവിക നീതി വി ഡി സതീശന് എന്നാണ് സതീശൻ പക്ഷക്കാരുടെ ആവശ്യം. ഇതിനിടയിൽ മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണ തേടാൻ ഉള്ള ശ്രമങ്ങൾ കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ ശക്തമായിട്ടുണ്ട്.
അതിന്റെ ഭാഗമായാണ് കെസി ഗ്രൂപ്പിലെ പ്രമുഖൻ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ എ പി അനിൽകുമാർ പാണക്കാട് സന്ദർശനം നടത്തിയത്. കെ സി വി ഡി പോരിൽ പക്ഷെ കളത്തിന് പുറത്ത് ആയത് രമേശ് ചെന്നിത്തല ആണെന്നതും വസ്തുത. നേതാക്കളും അണികളും ആസൂത്രിത പരസ്യ പോര് തുടങ്ങിയതോടെ ഹൈക്കമാൻഡ് വെട്ടിലായി. പരസ്യപ്രസ്താവന വേണ്ടെന്ന മുന്നറിയിപ്പു നൽകിയിട്ടും നടപടിയാകാത്തതിന്റെ അമർഷത്തിലാണ് എ ഐ സി സി

പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ,അമേരിക്കയും ഇറാനും വീണ്ടും ഇസ്ലാമാബാദിൽ ചർച്ച നടത്തിയേക്കും

ഇറാൻ യുദ്ധത്തിൽ ഒത്തുതീർപ്പു സാധ്യതകൾ തേടി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ടെഹ്റാനിലെത്തി. ഈ ആഴ്ച തന്നെ അമേരിക്കയും ഇറാനും വീണ്ടും ഇസ്ലാമാബാദിൽ ചർച്ച നടത്തിയേക്കും. അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടൽ വഴിയുള്ള യാത്രയും തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

അമേരിക്കയുടെ പ്രത്യേക സന്ദേശവുമായാണ് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ എത്തിയിരിക്കുന്നത്. യുദ്ധവിരാമം അകലെയല്ല എന്നാണ് അമേരിക്കൻ നയതന്ത്ര വിദഗ്ധർക്കിടയിലെ വിശ്വാസം. ഇസ്ലാമാബാദിൽ ഇരുരാഷ്ട്രങ്ങളും ഒരിക്കൽ കൂടി കൂടിയിരിക്കുന്നതിലൂടെ ധാരണാപത്രം ഒപ്പുവച്ചേക്കും. കൂടിക്കാഴ്ച ഈ ആഴ്ച തന്നെ സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരുവശത്ത് ചർച്ച തുടരുമ്പോഴും നാവിക ഉപരോധത്തിൽ അമേരിക്കയും ഇറാനും ഇരുവശത്താണ്. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളേയും തടയും എന്നാണ് ഇപ്പോൾ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍റെ പ്രമുഖ തുറമുഖങ്ങളിൽ അമേരിക്ക ആരംഭിച്ച ഉപരോധമാണ് കാരണം. ഹോർമുസിലൂടെ സ്വതന്ത്ര യാത്ര ഇറാൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ നാവിക സേന ഉപരോധം ആരംഭിച്ചത്. ഉപരോധം തുടങ്ങിയ ശേഷം ഇറാന്‍റെ സമുദ്രവ്യാപാരം പൂർണമായും നിലച്ചു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. എന്നാൽ നാലു കപ്പലുകൾ തുറമുഖത്തു നിന്ന് ചരക്കുമായി യാത്ര തിരിച്ചു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാമതൊരു സൂപ്പർ ടാങ്കർ കൂടി ഹോർമൂസ് കടന്ന ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ശേഷം ഹോർമൂസിലൂടെ നേരത്തെ ഒരു ചൈനീസ് സൂപ്പർ ടാങ്കർ കടന്നുപോയിരുന്നു. ലബനനുമായി ഇസ്രായേൽ അമേരിക്കയിൽ ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലും ആക്രമണം ശക്തമായി തുടരുകയാണ്. ലബനനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,167ആയി. 7061 പേർക്ക് പരുക്കേറ്റു. സംഘർഷാവസ്ഥ തുടർന്നാൽ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ലോകത്ത് ഉണ്ടാവുക എന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകി. വലിയ ഭക്ഷ്യവിലക്കയറ്റത്തിന്‍റെ വക്കിലാണ് ലോകമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുടെ മുന്നറിയിപ്പ്.

എംഡിഎംഎ പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

ചിറയിൻകീഴ്. ചിറയിൻകീഴിൽ 26 കാരൻ എം ഡി എം എ യുമായി പിടിയിൽ. തിരുവനന്തപുരം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ശാർക്കര അമ്പലത്തിനു സമീപം ദൈവകൃപ വീട്ടിൽ വിഷ്ണുദാസ് മകൻ 26 വയസ്സുള്ള അഗാറസിനെയാണ് അതി സാഹസികമായി പിടികൂടിയത്.
പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു.


സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ശരൺ എന്നിവർ ക്കാണ് പരുക്കേറ്റത്.പ്രതിയിൽ നിന്നും വ്യാവസായിക അളവിലുള്ള 18 ഗ്രാം MDMA പിടികൂടിയാതായി എക്സൈസ് സംഘം അറിയിച്ചു.
ആറ്റിങ്ങൽ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും, ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യ അടിസ്ഥാനത്തിലുള്ള MDMA സൂക്ഷിക്കാൻ ഏൽപ്പിച്ചതിലും,ടി അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം MDMA കണ്ടെത്തിയ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ടി അഗാറസിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചു ഇറങ്ങിയതിന് ശേഷമാണ് ഇയാളെ എക്‌സൈസ് സംഘം ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.