പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര് 18, ഞായര് | 1202 തുലാം 1 | പൂരാടം
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡി.എ അനുവദിച്ചു
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡി.എ അനുവദിച്ചു. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം രണ്ടു ശതമാനം ഡി.എ കൂടി നൽകും. ഇതിനായി പ്രതിമാസം 96 കോടി രൂപ അധികമായി സർക്കാർ ചെലവാക്കും. ഇതോടെ ഡി എ 37 ശതമാനമാകും.
ശബരിമലയിൽ അടുത്ത തീർത്ഥാടന സീസൺ മുതൽ തിരുപ്പതി മോഡൽ: മുഖ്യമന്ത്രി വി.ഡി. സതീശൻ
ശബരിമലയിൽ അടുത്ത തീർത്ഥാടന സീസൺ മുതൽ തിരുപ്പതി മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ശബരിമല സന്നിധാനത്ത് ദർശനം നടത്തി. അരവണ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുതന്നെന്നും സതീശൻ അറിയിച്ചു.
കൊൽക്കത്തയിൽ ദുർഗ്ഗാപൂജ പന്തലിൽ തിക്കും തിരക്കും: 19 പേർ മരിച്ചു
കൊൽക്കത്തയിൽ ദുർഗ്ഗാപൂജ പന്തലിലെ തിക്കുംതിരക്കുംമൂലം 19 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. കനത്ത ഇടിമിന്നലും മഴയും മൂലം പൂജാപന്തലിലേക്ക് ആൾക്കൂട്ടം ഇരച്ചുകയറിയതാണ് അപകടത്തിനു കാരണം. വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്. ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവർത്തനം നടത്തി. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടുത്തം
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടുത്തം. ഹൗസിന് പിന്നിലെ ജീവനക്കാർക്കുള്ള പാചകപ്പുരയായ ഷെഡ്ഡിന്റെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത. നിലവിൽ ഇവിടെ ആൾതാമസമില്ല. ഫയർ ഫോഴ്സ് എത്തി തീയണച്ചു.
സംസ്ഥാന വഖഫ് ബോർഡ് പുനസംഘടന: ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാന വഖഫ് ബോർഡ് പുഃനസംഘടിപ്പിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മുൻ ചെയർമാൻ കെ.എസ്. ഹംസ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
മാനവീയം വീഥിയിൽ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധം: സംഘാടകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഫുട്പാത്ത് കയ്യേറി, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതി ഇല്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിക്കിടെ പൊലീസ് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു.
മാസപ്പടി കേസിൽ ഇ.ഡി നടപടിക്കെതിരെ എം.വി. ഗോവിന്ദൻ
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിടികിട്ടാപ്പുള്ളിയെ പോലെയാണ് ഇ ഡി പിണറായിയോട് പെരുമാറുന്നതെന്നും ഇഡി ബി ജെ പിയുടെ താളത്തിനു തുള്ളുകയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
ഇ.ഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: എം.എ. ബേബി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.
കാസർകോട് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു
കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിറകേയാണ് രാജിക്കത്ത് കൈമാറിയത്.
ഉമ്മൻ ചാണ്ടിയുടെ പഴയ പ്രതികരണം പങ്കുവച്ച് മകൾ മറിയ ഉമ്മൻ
പ്രതികാരം ആഗ്രഹിക്കുന്നയാൾ അല്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴയ പ്രതികരണം പങ്കുവച്ച് മകൾ മറിയ ഉമ്മൻ. ഫേസ്ബുക്കിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ പഴയ പ്രതികരണ വീഡിയോ ഷെയർ ചെയ്തത്. മാസപ്പടിയിൽ ഹൈക്കോടതിയിലെ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നിരിക്കേയാണ് മറിയയുടെ പ്രതികരണം.
വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച ഐ.ടി പ്രൊഫഷണൽ ചെന്നൈയിൽ അറസ്റ്റിൽ
എ.ഐ സാങ്കേതിക വിദ്യയിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ച ഐ.ടി പ്രൊഫഷണൽ അറസ്റ്റിൽ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ചെന്നൈ സ്വദേശി ശരത് സുബ്രഹ്മണ്യമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.
കനത്ത മഴ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം
കനത്ത മഴമൂലം വയനാട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.
നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു
നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. രക്തപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതാണ് അപകടകാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
പി.ആർ വസന്തനെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു
വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ വസന്തനെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു.
എറണാകുളത്ത് ‘ഓപ്പറേഷൻ തൂഫാൻ 2.0’: 159 നിയമലംഘനങ്ങൾ കണ്ടെത്തി
എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പ്രത്യേക വാഹന പരിശോധനയിൽ 159 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങൾക്ക് ആകെ 8,06,500 രൂപ പിഴ ചുമത്തി.
കുടിവെള്ള പൈപ്പ് ലൈൻ കിണറ്റിലേക്ക് തുറന്നുവിട്ടയാൾക്ക് 2.48 ലക്ഷം രൂപ പിഴ
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പൈപ്പുലൈൻ കിണറിലേക്കു തുറന്നിട്ടയാൾക്ക് 2.48 ലക്ഷം രൂപ പിഴ. കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. തിരുവനന്തപുരം ആറാമട പള്ളിക്കു സമീപം തങ്കരാജിന്റെ കുടിവെള്ള കണക്ഷന്റെ മീറ്റർ പോയിന്റിനു മുൻപായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ചാണ് കിണറിലേക്ക് ജലം തുറന്നുവിട്ടത്. കണക്ഷനുള്ള കെട്ടിടത്തിൽ കടമുറികളും ജെ.ജെ. ലോഡ്ജ് എന്ന സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്.
കേരള കോൺഗ്രസ് നേതാവ് കോരാണി സനലിന്റെ മരണം മർദനമേറ്റെന്ന് കേസ്: മകൻ അറസ്റ്റിൽ
തിരുവനന്തപുരം കോരാണിയിൽ കേരള കോൺഗ്രസ് സ്കറിയാവിഭാഗം നേതാവ് കോരാണി സനൽ(65) മരിച്ച സംഭവത്തിൽ മകൻ ബാലഗോപാലിനെ (35) ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തു. ഒരാഴ്ച മുമ്പാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം സനൽ മരിച്ചു. മർദനമേറ്റാണു മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
എസ്.എം.എ ബാധിതരായ കുട്ടികളുടെ ജീവൻരക്ഷാ മരുന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുട്ടികൾക്കുള്ള ജീവൻരക്ഷാ മരുന്ന് മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്ത്. മരുന്ന് മാറ്റാനുള്ള തീരുമാനത്തിനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും രക്ഷിതാക്കൾ സന്ദർശിച്ചു.
അമൃതാനന്ദമയി മഠത്തിലെ ‘രാമൻ’ എന്ന ആന കേസ് ഹൈക്കോടതി റദ്ദാക്കി
മാതാ അമൃതാനന്ദമയി മഠത്തിലെ ‘രാമൻ’ എന്ന ആനയെ തിരികെ നൽകിയില്ലെന്ന പരാതിയിൽ തൃശ്ശൂർ അമ്പല്ലൂർ സ്വദേശി കൃഷ്ണൻകുട്ടിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണൻകുട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മഠത്തിലെ അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. 1999 ൽ തൃശൂരിലെ കെ വി സദാനന്ദനാണ് ആനയെ മഠത്തിനു സമ്മാനിച്ചത്. എന്നാൽ, ആനയ്ക്ക് പതിവായി മദപ്പാടു കണ്ടതോടെ മഠം അധികൃതർ ആനയെ സദാനന്ദനു തിരികെ നൽകി. പിന്നീട് ആനയുടെ പരിപാലനം സദാനന്ദൻ കൃഷ്ണൻകുട്ടിയെ ഏൽപ്പിക്കുകയായിരുന്നു.
സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു
‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിറങ്ങിയ ഉടനേ പോലീസ് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടില്ലെന്ന പീസ് ബോണ്ടിൽ ഒപ്പിട്ടു നൽകിയാണ് ജാമ്യം നൽകിയത്.
കോക്ക്റോച്ച് ജനതാ പാർട്ടി പ്രക്ഷോഭങ്ങൾക്ക് ഡി എം കെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
എസ്. ഐ. ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണ. എന്നാൽ കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും തീരുമാനിച്ചു. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി. എം. കെ എം.പിമാരുടെ യോഗത്തിലാണ് സി ജെ പിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രാംലീല മൈതാനത്ത് റാലി നടത്തും
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നവംബർ ഒന്നിനു രാംലീല മൈതാനത്തു റാലി നടത്തും. ജന്തർമന്തറിൽ സമരപരിപാടികൾ നിരോധിച്ച സാഹചര്യത്തിലാണ് രാംലീല മൈതാനിയിലേക്കു റാലി മാറ്റിയത്.
അങ്കിത ഭണ്ഡാരി കേസ്: ഡൽഹിയിൽ എൻ എസ് യു മെഴുകുതിരി മാർച്ച്
അങ്കിത ഭണ്ഡാരി കേസ് ഉന്നയിച്ച് ഡൽഹിയിൽ എൻ എസ് യു പ്രതിഷേധം. ജന്തർമന്തറിലേക്ക് നടത്തിയ മെഴുകുതിരി മാർച്ച് പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
ഗ്യാനേഷ് കുമാർ രാജി വച്ച് മാപ്പ് സാക്ഷിയാകണം: രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാർ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റിൽ രാഹുൽ ഗാന്ധി ആവർത്തിച്ചു. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ ഇന്ത്യയെ അതൃപ്തി അറിയിക്കാൻ ആറ് യുഎസ് കോൺഗ്രസ് അംഗങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയക്ക് കത്തെഴുതി.
കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധും വിവാഹിതരാകുന്നു
ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ കാവ്യ മാരന്റെ വിവാഹം ക്ഷണിക്കാനെത്തിയ വിവരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
റഷ്യൻ എണ്ണയ്ക്ക് അധിക താരിഫ്: നീക്കത്തിൽ നിന്ന് അമേരിക്ക പിന്മാറി
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി. റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനുള്ള ഇളവ് പ്രഖ്യാപിച്ചു. വിലക്കയറ്റ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
പോപ്പ് ലിയോ പതിനാലാമൻ ആശുപത്രി വിട്ടു
ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പോപ്പ് ലിയോ പതിനാലാമനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജു ചെയ്തു. പോപ്പ് ലിയോ ഇന്ന് പൊതുവേദിയിൽ ഏഞ്ചലസ് പ്രാർഥന നടത്തുമെന്ന് വത്തിക്കാൻ അറിയിച്ചു.
സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക് എഫ്സിയെ പരാജയപ്പെടുത്തി മലപ്പുറം എഫ്സി
സൂപ്പർ ലീഗ് കേരളയിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ മത്സരത്തിൽ മലപ്പുറം എഫ്സി നാലു ഗോളിന് തൃശൂർ മാജിക് എഫ് സിയെ പരാജയപ്പെടുത്തി. പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യത്തോടെ മലപ്പുറത്തിന്റെ ഗോളാഘോഷം. റാഷിദ് സി കെ യുടെ ഇരട്ടഗോളും മുഹമ്മദ് മഹ്ദി, അമദു സുക്കൂന എന്നിവരുടെ സ്കോറിംഗുമാണ് മലപ്പുറത്തെ വിജയിപ്പിച്ചത്. മലപ്പുറം നാലു കളികളിൽ അഞ്ച് പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചു: പരമ്പര സമനിലയിൽ
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നിർണായക അഞ്ചാം ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചു. നേരത്തെ, മഴയെ തുടർന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. എന്നാൽ 7.4 ഓവറായപ്പോൾ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ചിന് 118 നിലയിലാകുമ്പോഴാണ് മഴ മത്സരം തടസപ്പെടുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് പരിക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിൽ ചെൽസിയുടെ ഗോൾ കീപ്പരായ അർജന്റീന താരം എമിലിയാനോ മാർട്ടിനെസിന് പരിക്ക്. രണ്ടാം പകുതിയിലെ 60-ാം മിനിറ്റിൽ എവർട്ടന്റെ ജാരെഡ് ബ്രെയ്ത്വെയ്റ്റുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് മാർട്ടിനസിന്റെ തലയ്ക്ക് പരിക്കേറ്റത്. മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസിന് സാമ്പത്തിക വളർച്ചയിൽ മികച്ച നേട്ടം
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലും ആദ്യ പകുതിയിലും മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഓട്ടോമൊബൈൽ ഡീലർഷിപ്പായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ്. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം പ്രവർത്തന വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ആദ്യ പകുതിയിൽ ഇത് 46 ശതമാനമായും ഉയർന്നു. പുതിയ വാഹനങ്ങളുടെ വിൽപ്പന രണ്ടാം പാദത്തിൽ 51 ശതമാനവും ആദ്യ പകുതിയിൽ 67 ശതമാനവും വർധിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ വ്യാജ വാട്സ്ആപ്പ് ആപ്പ് കണ്ടെത്തി
പ്ലേ സ്റ്റോറിൽ വ്യാജ വാട്സ്ആപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പിന് അഞ്ച് ലക്ഷം ഡൗൺലോഡുകൾ നടന്നതായുമാണ് റിപ്പോർട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നൽകി പ്രൊമോട്ട് ചെയ്യുന്ന ‘സ്പോൺസേർഡ്’ വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. ‘അഴാലി അെൈലേ മെഹഹൗ’ എന്ന പേരുള്ള ഡെവലപ്പറാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വ്യാജ ആപ്പുകളിൽ വീഴാതിരിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.
നിതീഷ് തിവാരിയുടെ ‘രാമായണം’: പുതിയ ട്രെയിലർ പുറത്തിറങ്ങി
നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ പുതിയ ട്രെയ്ലർ പുറത്ത്. സാങ്കേതിക തികവാർന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് 2 മിനിറ്റ് 23 സെക്കന്റ് ദൈർഘ്യമുള്ള ട്രെയ്ലർ സൂചന നൽകുന്നു. നവംബർ 5-നാണ് ആദ്യ ഭാഗത്തിന്റെ വേൾഡ് വൈഡ് റിലീസ്. ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്.
നടൻ സിദ്ധിഖ് കേന്ദ്രകഥാപാത്രമാകുന്ന ‘ക്രൈം 302’ ട്രെയിലർ റിലീസ് ചെയ്തു
നടൻ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്രൈം 302’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയറ്ററുകളിൽ എത്തും. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മിനിയുടെ കൂപ്പർ ഓക്സ്ഫഡ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി
ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പർ ഒക്സ്ഫഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 55.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. യുകെയിലെ ഒക്സ്ഫഡ് പ്ലാന്റിൽ ആധുനിക മിനി നിർമ്മിക്കാൻ തുടങ്ങിയതിന്റെ 25-ാം വാർഷിക സ്മരണാർത്ഥമാണ് ഈ ലിമിറ്റഡ് എഡിഷൻ എത്തിയത്. മണിക്കൂറിൽ 242 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
പ്രമോദ് രാമന്റെ ‘തിരഞ്ഞെടുത്ത കഥകൾ’ പ്രസിദ്ധീകരിച്ചു
പ്രമോദ് രാമന്റെ തിരഞ്ഞെടുത്ത 25 കഥകളുടെ അപൂർവ്വ സമാഹാരം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഉള്ളുപൊള്ളിക്കുന്ന മനുഷ്യാവസ്ഥകളെ കലർപ്പില്ലാതെ ആവിഷ്കരിക്കുന്ന ഈ കഥകൾ വായനക്കാരനിൽ തീക്ഷ്ണമായ അനുഭൂതിയും വിചാരങ്ങളും ഉണർത്തുന്നു. 359 രൂപയാണ് പുസ്തകത്തിന്റെ വില.
അഗർബത്തിയുടെ സ്ഥിരമായ പുക ശ്വാസകോശത്തിന് ഹാനികരം: ആരോഗ്യ വിദഗ്ധർ
അഗർബത്തിയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് ഗുണകരമല്ലെന്ന് ശ്വാസകോശരോഗ വിദഗ്ധർ വ്യക്തമാക്കുന്നു. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാക്കുന്നു. അടഞ്ഞ മുറികളിൽ സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ശ്വാസകോശ കാൻസർ എന്നിവയ്ക്ക് വരെ കാരണമായേക്കാം. വായുസഞ്ചാരമുള്ള മുറികളിൽ മാത്രം ഇവ കത്തിക്കാൻ ശ്രദ്ധിക്കുക.

























