Home News Breaking News പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ,അമേരിക്കയും ഇറാനും വീണ്ടും ഇസ്ലാമാബാദിൽ ചർച്ച...

പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ,അമേരിക്കയും ഇറാനും വീണ്ടും ഇസ്ലാമാബാദിൽ ചർച്ച നടത്തിയേക്കും

ഇറാൻ യുദ്ധത്തിൽ ഒത്തുതീർപ്പു സാധ്യതകൾ തേടി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ടെഹ്റാനിലെത്തി. ഈ ആഴ്ച തന്നെ അമേരിക്കയും ഇറാനും വീണ്ടും ഇസ്ലാമാബാദിൽ ചർച്ച നടത്തിയേക്കും. അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടൽ വഴിയുള്ള യാത്രയും തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

അമേരിക്കയുടെ പ്രത്യേക സന്ദേശവുമായാണ് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ എത്തിയിരിക്കുന്നത്. യുദ്ധവിരാമം അകലെയല്ല എന്നാണ് അമേരിക്കൻ നയതന്ത്ര വിദഗ്ധർക്കിടയിലെ വിശ്വാസം. ഇസ്ലാമാബാദിൽ ഇരുരാഷ്ട്രങ്ങളും ഒരിക്കൽ കൂടി കൂടിയിരിക്കുന്നതിലൂടെ ധാരണാപത്രം ഒപ്പുവച്ചേക്കും. കൂടിക്കാഴ്ച ഈ ആഴ്ച തന്നെ സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരുവശത്ത് ചർച്ച തുടരുമ്പോഴും നാവിക ഉപരോധത്തിൽ അമേരിക്കയും ഇറാനും ഇരുവശത്താണ്. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളേയും തടയും എന്നാണ് ഇപ്പോൾ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍റെ പ്രമുഖ തുറമുഖങ്ങളിൽ അമേരിക്ക ആരംഭിച്ച ഉപരോധമാണ് കാരണം. ഹോർമുസിലൂടെ സ്വതന്ത്ര യാത്ര ഇറാൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ നാവിക സേന ഉപരോധം ആരംഭിച്ചത്. ഉപരോധം തുടങ്ങിയ ശേഷം ഇറാന്‍റെ സമുദ്രവ്യാപാരം പൂർണമായും നിലച്ചു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. എന്നാൽ നാലു കപ്പലുകൾ തുറമുഖത്തു നിന്ന് ചരക്കുമായി യാത്ര തിരിച്ചു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാമതൊരു സൂപ്പർ ടാങ്കർ കൂടി ഹോർമൂസ് കടന്ന ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ശേഷം ഹോർമൂസിലൂടെ നേരത്തെ ഒരു ചൈനീസ് സൂപ്പർ ടാങ്കർ കടന്നുപോയിരുന്നു. ലബനനുമായി ഇസ്രായേൽ അമേരിക്കയിൽ ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലും ആക്രമണം ശക്തമായി തുടരുകയാണ്. ലബനനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,167ആയി. 7061 പേർക്ക് പരുക്കേറ്റു. സംഘർഷാവസ്ഥ തുടർന്നാൽ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ലോകത്ത് ഉണ്ടാവുക എന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകി. വലിയ ഭക്ഷ്യവിലക്കയറ്റത്തിന്‍റെ വക്കിലാണ് ലോകമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുടെ മുന്നറിയിപ്പ്.