യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ. ഹോർമുസിൽ ശത്രുരാജ്യങ്ങളുടെ കപ്പൽ തടയാൻ ഇറാൻ പുതിയ നിയമനിർമാണത്തിന് നീക്കം തുടങ്ങി. യുദ്ധം നിർത്താൻ ഇറാൻ നൽകിയ പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതൊരു ആക്രമണവും നേരിടാൻ തയ്യാറാണെന്നും ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചു.
ഇറാനിൽ നിന്ന് സ്വീകാര്യമായ ഒരു സമാധാന പദ്ധതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇതുവരെ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ ഇറാന് ലഭിച്ചിട്ടില്ല. യുദ്ധവിരമാനത്തിന്‍റെ ചർച്ചകൾക്ക് 60 ദിവസം നൽകാനാകില്ലെന്നും 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്. 30 ദിവസത്തിനുള്ളിൽ മൂന്നുഘട്ടമായി പൂർണയുദ്ധവിരമമാണ് ഇറാൻ പറയുന്നത്. ആദ്യഘട്ടം അവസാനിക്കുമ്പോൾ ഹോർമുസ് പൂർണമായും ഇറാൻ തുറക്കും. ഇറാന്‍റെ തുറമുഖങ്ങളിലുള്ള ഉപരോധം അതോടെ അമേരിക്കയും അവസാനിപ്പിക്കണം. രണ്ടാംഘട്ടത്തിൽ ഊർജ്ജ ആവശ്യത്തിനുള്ള യൂറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അനുമതി നൽകണം. മൂന്നാംഘട്ടത്തിൽ ഇനി ഇറാനെ ആക്രമിക്കില്ലെന്ന് അമേരിക്കയും ഇസ്രായേലും ഉറപ്പുനൽകണം. ഇറാന്‍റെ നിർദേശങ്ങൾ തൃപ്തികരമല്ലെങ്കിലും പരിഗണിക്കുന്നു എന്നാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ചർച്ചകൾ പൂർണമായി യുദ്ധം അവസാനിപ്പിക്കാൻ ആയിരിക്കണമെന്നും താൽക്കാലിക വെടിനിർത്തലിനു വേണ്ടി ആകരുതെന്നും ഇറാൻ പറയുന്നു.
ഇറാന്‍റെ മരവിപ്പിച്ച നിക്ഷേപങ്ങൾ വിട്ടുകൊടുക്കുക, ഉപരോധം പൂർണമായും പിൻവലിക്കുക, ഹോർമുസ് കടക്കാൻ പുതിയ സംവിധാനം ഉണ്ടാക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതു സമയത്തും ആക്രമണം ഉണ്ടാകാമെന്നുമാണ് റവല്യൂഷണറി ഗാർഡ്സിന്‍റെ പ്രതികരണം. ഹോർമൂസ് വഴി കപ്പലുകൾ കടത്തിവിടുന്നതിന് ഇറാൻ പുതിയ നിയമം പാസാക്കാൻ തയ്യാറെടുപ്പ് തുടങ്ങി. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ അനുവദിക്കില്ല എന്ന് ശക്തമായി പറയുന്നതാണ് നിയമം. ഇസ്രായേലിന്‍റേയും അമേരിക്കയുടേയും കപ്പലുകളെ തടയാൻ റവല്യൂഷണറി ഗാർഡ്സിന് ഇത് അനുമതി നൽകും.
ചരിത്രപരമായ നീക്കത്തിലൂടെ ഇറാഖ് സിറിയൻ അതിർത്തി വഴി എണ്ണ അയയ്ക്കാൻ തുടങ്ങി. 70 ടാങ്കറുകളാണ് കോൺവോയിയായി ഇറാഖിന്‍റെ അസംസ്കൃത എണ്ണയുമായി സിറിയൻ അതിർത്തി കടന്ന് പോയത്.ആഭ്യന്തരയുദ്ധത്തെ തുടർന്ന് 2011ൽ അടച്ചതാണ് റാബിയ അതിർത്തി. പിന്നീട് ഐഎസ് ഈ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതുവഴിയാണ് 14 വർഷത്തിനു ശേഷം ഇറാഖി എണ്ണ റിഫൈനറികളിലേക്കു കൊണ്ടുപോകുന്നത്.



































