Home News Breaking News സമാധാന ചർച്ചകൾ വീണ്ടും?,ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക

സമാധാന ചർച്ചകൾ വീണ്ടും?,ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക

Advertisement

ഇസ്ലാമബാദ്. ഇറാൻ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഇറാൻ ഏറ്റവും ഒടുവിൽ നൽകിയ നിർദേശങ്ങൾ പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ ഹോർമുസ് പൂർണമായും തുറക്കാം എന്നാണ് ഇറാന്‍റെ വാഗ്ദാനം. ഇറാൻ തുറമുഖത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച എംടി സ്ട്രീം എന്ന കപ്പൽ അമേരിക്കൻ സൈനികർ തടഞ്ഞിട്ടു

ആണവ പദ്ധതികളെക്കുറിച്ച് യുദ്ധവിരാമത്തിനു ശേഷം ചർച്ച. പാകിസ്താൻ വഴി ഇറാൻ അമേരിക്കയ്ക്കു നൽകിയ നിർദേശങ്ങളിൽ പ്രധാനം ഇതാണ്. ഇതടക്കമുള്ള നിർദേശങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷാസംഘം പരിഗണിക്കുകയാണ്. വീണ്ടും ചർച്ചകൾ ആരംഭിക്കണമെന്ന അമേരിക്കൻ നിർദേശം പരിഗണനയിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിൽ പറഞ്ഞു. മധ്യസ്ഥരാഷ്ട്രങ്ങളായ പാകിസ്താൻ രണ്ടുവട്ടവും ഒമാൻ ഒരുതവണയും സന്ദർശിച്ച അരാഗ്ചി ഇപ്പോൾ സെന്‍റ് പീറ്റേഴ്സ് ബർഗിൽ ആണുള്ളത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ അരാഗ്ചി ഇനി എവിടേക്കാണ് പോകുന്നത് എന്നതിൽ അവ്യക്തത തുടരുകയാണ്.

ഇറാനിലേക്കു മടങ്ങുമോ വീണ്ടും ചർച്ചകൾക്കായി പാകിസ്താനിൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ സന്ദേശം ലഭിച്ചതായി വ്ലാഡിമിർ പുടിൻ വെളിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലുള്ള ഖമനെയിയിൽ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുന്ന വിദേശ ഭരണാധികാരിയാണ് പുടിൻ. ഹോർമുസ് എത്രയും വേഗം തുറക്കണമെന്ന് ഡസൻ കണക്കിന് രാഷ്ട്രങ്ങളാണ് ആവശ്യപ്പെടുന്നത്.

ഹോർമുസ് തുറന്നില്ലെങ്കിൽ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്കു പോകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ സംഘം ഇറാൻ നൽകിയ നിർദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തുന്നത്. എന്നാൽ ആണവപരിപാടികളെക്കുറിച്ച് യുദ്ധ വിരാമത്തിനു ശേഷം മാത്രം ചർച്ച എന്ന നിർദേശം അമേരിക്ക അംഗീകരിച്ചേക്കില്ല എന്നാണ് സിഎൻ എൻ റിപ്പോർട്ട് ചെയ്യുന്നത്.ഇറാനുമായി ഉണ്ടാക്കുന്ന ഏത് കരാറും ആണവായുധ നിർമാണം തടയുന്നതാകണമെന്ന് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ അഭിപ്രായപ്പെട്ടു. ഇറാൻ തുറമുഖത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച എം ടി സ്ട്രീം എന്ന കപ്പൽ അമേരിക്ക തടഞ്ഞു. ഇറാൻ പതാക പേറിയ കപ്പലാണിത്. ഇറാൻ തുറമുഖത്ത് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ശക്തമായി തുടരുകയാണ്. ഹോർമുസ് വഴിയുള്ള കപ്പലുകളുടെ യാത്ര ഇറാനും തടഞ്ഞിരിക്കുകയാണ്. ഒരു റഷ്യൻ കപ്പൽ മാത്രമാണ് ഇന്നലെ ഹോർമുസ് വഴി കടന്നുപോയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here