29.9 C
Kollam
Saturday 5th September, 2026 | 01:40:18 PM
Home News Breaking News ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ,സമാധാനചര്‍ച്ച നീളുന്നു

ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ,സമാധാനചര്‍ച്ച നീളുന്നു

അമേരിക്ക വെടിനിർത്തൽ ദീർഘിപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ. ഹോർമൂസ് കടക്കാൻ ശ്രമിച്ച കപ്പലിനെയാണ് ഇറാൻ വെടിവച്ചത്. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര നീട്ടിവച്ചു. ഇറാന്‍റെ തുറമുഖങ്ങളിലെ ഉപരോധം തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

പ്രത്യേക സമയപരിധി നിശ്ചയിക്കാതെയാണ് നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ദീർഘിപ്പിച്ചത്. അതിനു പിന്നാലെയായിരുന്നു ഹോർമുസിൽ എത്തിയ കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന കപ്പലിന്‍റെ കൺട്രോൾ റൂം പൂർണമായും തകർന്നുവെന്നാണ് യുകെ മാരിടൈം ഏജൻസി അറിയിച്ചത്. ഏതു രാജ്യത്തിന്‍റെ കപ്പലാണ് ആക്രമിക്കപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇറാന്‍റെ ചരക്ക് കപ്പൽ അമേരിക്ക പിടിച്ചെടുത്തതിന്‍റെ പ്രതികാരമായാണ് ഇപ്പോഴത്തെ വെടിവയ്പ്. പാകിസ്താന്‍റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റേയും ഫീൽഡ് മാർഷൽ അസിം മുനീറിന്‍റേയും അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഇറാൻ ഒറ്റമനസ്സോടെ നിർദേശങ്ങളുമായി എത്തുന്നതുവരെ വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാന ചർച്ചയ്ക്കായി ഇസ്ലാമാബാദിലേക്കുള്ള യാത്ര വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് നീട്ടിവച്ചു.

ഇന്നലെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇസ്ലാമാബാദിലെ രണ്ട് ഹോട്ടലുകൾ വെള്ളിയാഴ്ച വരെ ഒഴിപ്പിച്ചിട്ടിരിക്കുകയാണ്. അതിനു മുൻപ് രണ്ടു രാജ്യങ്ങളേയും സമവായത്തിൽ എത്തിക്കാം എന്നാണ് പാകിസ്താന്‍റെ പ്രതീക്ഷ. ഇറാനിൽ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും പറയുന്ന കാര്യങ്ങളിൽ വലിയ അന്തരമുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇതിനുപുറമെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ പേരിൽ വരുന്ന പ്രസ്താവനകൾക്കും ഭിന്നസ്വരമാണ്. കരാറിന്‍റെ കാര്യത്തിൽ ഇറാൻ ഐകകണ്ഠ്യേന ഒരു തീരുമാനം എടുക്കണം. ആരാണ് യഥാർത്ഥ നേതാവ് എന്നതിൽ വ്യക്തത ഉണ്ടാകണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇറാന്‍റെ തുറമുഖങ്ങളിൽ തുടരുന്ന ഉപരോധം യുദ്ധം തന്നെയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്‍റെ തുറമുഖങ്ങളിൽ അമേരിക്ക തുടരുന്ന ഉപരോധം പിൻവലിച്ചാൽ ആ നിമിഷം ചർച്ച നടക്കുമെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇർവാനിയുടെ പ്രതികരണം.