30.3 C
Kollam
Friday 11th September, 2026 | 10:50:56 AM
Home News Breaking News ആര്യാട്‌ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതികൾ പിടിയിൽ

ആര്യാട്‌ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതികൾ പിടിയിൽ

ആലപ്പുഴ : ആര്യാട്‌ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ആര്യാട്‌ ഗുരുപുരം മുര്യൻവെളിയിൽ അഖിലിനെ (അച്ചു 24) കൊലപ്പെടുത്തിയ കേസിൽ കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്‌, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽനിന്ന് തിങ്കൾ വൈകിട്ട്‌ 7.35ഓടെ പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന്‌ ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവർക്ക്‌ പണം അയച്ചു നൽകിയ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തിൽ ഷെൽജാദിനെ പൊലീസ്‌ തിരിച്ചറിഞ്ഞിരുന്നു.

പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി തൃശൂരിലേക്കാണ്‌ പോയത്‌. ഷെൽജാദിന്റെ ഫോൺ കുന്നംകുളത്ത്‌ വച്ച് വെള്ളി രാത്രി ഓണായിരുന്നു. അന്വേഷകസംഘം ഇവിടെ ഹോട്ടലുകളും ലോഡ്‌ജുകളും കേന്ദ്രീകരിച്ച്‌ തിരച്ചിൽ നടത്തി. പ്രതികൾ ഫോണിൽ സന്ദേശമയച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്‌ ഫറൂക്കിലേക്ക്‌ കടന്നതായി വിവരം ലഭിച്ചു. അന്വേഷകസംഘം ഫറൂക്കിലെത്തിയെങ്കിലും കർണാടകയിലേക്ക്‌ കടന്നു.

ഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക്‌ ബംഗളൂരുവിൽ ജോലിചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും മറ്റ്‌ രണ്ട്‌ സഹായികളുണ്ടെന്നും പൊലീസ്‌ മനസിലാക്കി. ബംഗളൂരു ജിഗാനിയിലെത്തിയ പൊലീസ് യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. പ്രതികൾക്ക്‌ ഒളിവിൽ കഴിയാനും യാത്രചെയ്യാനും പണംനൽകിയിരുന്നത്‌ യുവതിയാണ്‌. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബംഗളൂരുവിൽ എത്തിയ പ്രതികൾ പിന്നീട് കേരളത്തിലേക്ക്‌ മടങ്ങി. കായംകുളത്ത്‌ അനന്തുവിന്റെ വീടിന്‌ സമീപമാണ് ഒളിവിൽ കഴിഞ്ഞത്.