കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് നിവിന്‍ പോളി-മമിത ബൈജു കൂട്ടുകെട്ടിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ചിത്രം ആഗോളതലത്തില്‍ 300 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ‘Encore’ എന്ന പേരില്‍ രണ്ടാം ട്രെയിലര്‍ പുറത്തിറക്കി. ചിത്രത്തിലെ ഏറെ രസകരമായ രംഗങ്ങളും താരങ്ങളുടെ പ്രകടനങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ ട്രെയിലര്‍.
‘ജസ്റ്റിന്‍’ ആയി നിവിന്‍ പോളിയും ‘ആഷ്ലി’യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മികച്ച കോമഡി രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടം സ്വന്തമാക്കിയ ചിത്രമെന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്’.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലൂടെയും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച പ്രതികരണമാണ് നേടിയത്.
വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മികവിന് മാറ്റുകൂട്ടുന്നു. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് ചിത്രത്തിലെ താരനിര.



























