കൊടുങ്ങല്ലൂര്‍. ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ.
സ്പൈഡർ സാബു എന്ന സ്ഥിരം കുറ്റവാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസമില്ലാത്ത വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്നതാണ് സ്പൈഡർ സാബുവിൻ്റെ രീതി.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. തെക്കെ നടയിൽ പൂട്ടിയിട്ട വീട്ടിലാണ് മോഷണശ്രമം നടന്നത്. സിസിടിവി ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കണ്ട വീട്ടുടമ കൊടുങ്ങല്ലൂർ പോലീസ് വിവരം അറിയിച്ചു. ഉടൻ തന്നെ എസ്.ഐ അതുൽ മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
മെയിൻ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നതിനാൽ പോലീസ് സംഘം മതിൽ ചാടിക്കടന്ന് വീട് വളഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആളൊഴിഞ്ഞ വീടുകൾ നോട്ടമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും, തൃശ്ശൂർ ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വയനാട് ബത്തേരി, കോഴിക്കോട് ഫറോഖ്, പന്നിയങ്കര, നല്ലളം, ചെമ്പോല, എറണാംകുളം കുന്നത്ത്നാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ട് മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ.
ഗ്രേഡ് എസ്.ഐ സജീവ്, സി.പി.ഒമാരായ അമൽദേവ്,ജാബിർ, മുഹീബ് റഹ്മാൻ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
































