തൊടുപുഴ . ഇടുക്കിയിലടക്കം മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ കവര്‍ച്ചാസംഘത്തിലെ അംഗങ്ങള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍. മലയാളികള്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ട കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. പല ക്ഷേത്രങ്ങളില്‍ നിന്നായി കവര്‍ന്ന ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തി.
അസം സ്വദേശി അമീര്‍ ഹംസ, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി ഉബൈദ്, മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം സ്വദേശി അനസ് എന്ന റസാഖ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ കോലാനിയിലെ അമരംകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അമരംകാവില്‍ മെയ് മുപ്പത്തിയൊന്നിനും ഈ മാസം മൂന്നിനായിരുന്നു കവര്‍ച്ച. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സിസിടിവികളടക്കം തകര്‍ത്തായിരുന്നു കവര്‍ച്ച. ലക്ഷങ്ങള്‍ മൂല്്യമുള്ള വിളക്കുകളും ഭണ്ഡാരത്തിലെ പണവുമാണ് സംഘം കവര്‍ന്നത്. ഈ കാലയളവില്‍ മറ്റ് ജില്ലകളിലെ ക്ഷേത്രങ്ങളിലും സമാനമായ കവര്‍ച്ച നടന്നു. എഡിജിപിയുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലാ പൊലീസ് മേധാവി മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേര്‍ അംഗങ്ങളാണ്. ബംഗാള്‍ സ്വദേശി സുമീര്‍ അടക്കമുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. മോഷണമുതലുകള്‍ എറണാകുളം തമ്മനത്തെ അനസിന്റെ കടയില്‍ നിന്ന കണ്ടെത്തി. മോഷണം പതിവായിട്ടും പ്രതികളെ പിടിക്കാത്തതില്‍ നാട്ടുകാരും വിശ്വാസികളും പ്രതിഷേധത്തിലായിരുന്നു.
ഏതെല്ലാം ക്ഷേത്രത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ക്ക് വിശദീകരിക്കാനായില്ല. അത്രയധികം ക്ഷേത്രങ്ങളിലാണ് സംഘം കവര്‍ച്ച നടത്തിയത്.
പ്രതികളെ അടുത്ത ദിവസം ക്സ്റ്റ്ഡി ചോദ്യം ചെയ്യുന്നതോടെ മോഷണം നടന്ന ക്ഷേത്രങ്ങല്‍ സംഘത്തിലെ മറ്റംഗങള്‍ എന്നിവരെ കുറിച്ച് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
































