പാലക്കാട്: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി കേരളത്തിലുടനീളം നടത്തിയ ഓപ്പറേഷന്‍ ‘CY HUNT’-ന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക റെയ്ഡ്. സൈബര്‍ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് നടപടി.
സാധാരണക്കാരെയും സ്ത്രീകളെയും സൈബര്‍ മാഫിയ സംഘങ്ങള്‍ സമീപിച്ച് ചെറിയ തുക കമ്മീഷന്‍ വാഗ്ദാനം ചെയ്ത് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുകയും പണം കൈമാറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത പാലക്കാട് ജില്ലയിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി എ. അബ്ദുള്‍ റഷി ഐപിഎസിന്റെ നേതൃത്വത്തിലും ഡി സി ആര്‍ ബി ഡിവൈഎസ്പി വിശ്വംഭരന്‍ എം-ന്റെ നിര്‍ദേശത്തിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അതീവ രഹസ്യമായി 70 റെയ്ഡുകള്‍ നടത്തി. സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷന്‍ സി വൈ ഹണ്ട് കണ്‍ട്രോള്‍ റൂം (CY HUNT Control Room ) ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.
രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടുകളില്‍ സ്വീകരിക്കുകയും എ.ടി.എം., ചെക്കുകള്‍ എന്നിവ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷന്‍ ‘CY HUNT’-ന്റെ ഭാഗമായി നിരീക്ഷിച്ചത്.
വ്യാപകമായി നടത്തിയ റെയ്ഡില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും 14 മൊബൈല്‍ ഫോണുകളും 45 ബാങ്ക് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകള്‍, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളില്‍ പണം അയച്ചുകിട്ടിയവര്‍, സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇവര്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും തുടരും.
സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ സാമ്പത്തിക നേട്ടത്തിനായി മറ്റുള്ളവര്‍ക്ക് കൈമാറുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് പൊലീസ് അറിയിച്ചു. കമ്മീഷന്‍ വാഗ്ദാനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിച്ച് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി A. അബ്ദുള്‍ റഷി IPS അറിയിച്ചു.
സൈബര്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ടോള്‍ഫ്രീ നമ്പര്‍ 1930-ല്‍ വിളിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.



























