കൊച്ചി: സംവൃതാ സുനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പതുക്കെ വിട്ടുനില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ പോലെ സജീവമായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമാകുകയാണ് താരം.
നവരസാ ഫിലിംസും സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാര്‍കുട്ടിയില്‍ സെപ്റ്റംബര്‍ ഏഴിന് ലളിതമായ ചടങ്ങോടെ തുടക്കമായി. ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേര് നല്‍കിയിട്ടില്ല. ‘നവരസാ പ്രൊഡക്ഷന്‍ 3’ എന്നാണ് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
സംവിധായകന്‍ ഷഹീദ് അറഫാത്ത്, നിര്‍മ്മാതാക്കളായ ശ്രീജിത്ത് കെ എസ്, കാര്‍ത്തികേയന്‍ എസ്, ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ തുടങ്ങിയവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. ദിലീഷ് പോത്തന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ അല്‍ഫോന്‍സ് പുത്രനാണ് ആദ്യ ക്ലാപ്പ് നല്‍കിയത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ തങ്കമാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.



























